2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇംഗ്ലണ്ട് സെമി ഫൈനലിന് യോഗ്യത നേടിയിരിക്കുകയാണ്. സൂപ്പര്‍ 8ലെ ഗ്രൂപ്പ് 2 മത്സരത്തില്‍ രണ്ട് വിക്കറ്റിന്റെ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
പല്ലേക്കലെയില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാന്‍ ഉയര്‍ത്തിയ 165 റണ്‍സിന്റെ വിജയലക്ഷ്യം അഞ്ച് പന്ത് ശേഷിക്കെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. സൂപ്പര്‍ താരം ഹാരി ബ്രൂക്കിന്റെ സെഞ്ച്വറി കരുത്തിലാണ് ഇംഗ്ലണ്ട് വിജയം സ്വന്തമാക്കിയത്.
51 പന്തില്‍ നൂറ് റണ്‍സടിച്ചാണ് ക്യാപ്റ്റന്‍ ബ്രൂക്ക് കളം നിറഞ്ഞാടിയത്. നാല് സിക്‌സറും പത്ത് ഫോറും അടക്കം 196.08 എന്ന വെടിക്കെട്ട് സ്‌ട്രൈക് റേറ്റിലായിരുന്നു ബ്രൂക്കിന്റെ പ്രകടനം.
ഫില്‍ സാള്‍ട്ടും ജോസ് ബട്‌ലറും അടക്കമുള്ള ടോപ്പ് ഓര്‍ഡര്‍ പൊരുതാന്‍ പോലും ശ്രമിക്കാതെ മടങ്ങിയപ്പോള്‍ ക്യാപ്റ്റന്റെ ഒറ്റയാള്‍ പോരാട്ടം ഇംഗ്ലണ്ടിനെ സെമിയിലെത്തിച്ചു. ബ്രൂക്ക് തന്നെയാണ് കളിയിലെ താരവും.
ഈ സെഞ്ച്വറിക്ക് പിന്നാലെ ഒരു ചരിത്ര നേട്ടവും ബ്രൂക്കിനെ തേടിയെത്തി. ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന താരങ്ങളുടെ എലീറ്റ് ലീസ്റ്റിലേക്കാണ് ബ്രൂക്ക് നടന്നുകയറിയത്.
ഈ റെക്കോഡ് സ്വന്തമാക്കുന്ന അഞ്ചാം ഇംഗ്ലണ്ട് താരം കൂടിയാണ് ബ്രൂക്ക്. ജോഷ് ബട്‌ലര്‍, ഡേവിഡ് മലന്‍, ടാമി ബ്യൂമൗണ്ട്, ഹീതര്‍ നൈറ്റ് എന്നിവരാണ് ഇതിന് മുമ്പ് ഈ റെക്കോഡിലെത്തിയ മറ്റ് ഇംഗ്ലണ്ട് താരങ്ങള്‍.
ഇന്ത്യ – സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ.എല്‍. രാഹുല്‍, വിരാട് കോഹ്‌ലി, ശുഭ്മന്‍ ഗില്‍, സ്മൃതി മന്ഥാന, യശസ്വി ജെയ്‌സ്വാള്‍.
ഓസ്‌ട്രേലിയ – ഷെയ്ന്‍ വാട്‌സണ്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ഡേവിഡ് വാര്‍ണര്‍, ജോഷ് ഇംഗ്ലിസ്, ബെത് മൂണി, മിച്ചല്‍ മാര്‍ഷ്.
ഇംഗ്ലണ്ട് – ജോഷ് ബട്‌ലര്‍, ഡേവിഡ് മലന്‍, ഹീതര്‍ നൈറ്റ്, ടാമി ബ്യൂമൗണ്ട്, ഹാരി ബ്രൂക്ക്.
ശ്രീലങ്ക – മഹേല ജയവര്‍ധനെ, തിലകരത്‌നെ ദില്‍ഷന്‍, കുശാല്‍ പെരേര, പാതും നിസങ്ക.
പാകിസ്ഥാന്‍ – അഹമ്മദ് ഷഹസാദ്, മുഹമ്മദ് റിസ്വാന്‍, ബാബര്‍ അസം.
സൗത്ത് ആഫ്രിക്ക – ഫാഫ് ഡു പ്ലെസി, ക്വിന്റണ്‍ ഡി കോക്ക്, ലോറ വോള്‍വാര്‍ഡ്.
സിംബാബ്‌വേ – സിക്കന്ദര്‍ റാസ, ബ്രെണ്ടന്‍ ടെയ്‌ലര്‍, ബ്രയാന്‍ ബെന്നറ്റ്.
വെസ്റ്റ് ഇന്‍ഡീസ് – ക്രിസ് ഗെയ്ല്‍, ഷായ് ഹോപ്പ്.
ന്യൂസിലാന്‍ഡ് – ബ്രെണ്ടന്‍ മക്കെല്ലം, മാര്‍ട്ടിന്‍ ഗപ്ടില്‍.
അയര്‍ലന്‍ഡ് – കെവിന്‍ ഒ ബ്രെയന്‍, പോള്‍ സ്‌റ്റെര്‍ലിങ്.
ബംഗ്ലാദേശ് – തമീം ഇഖ്ബാല്‍.
അതേസമയം, സൂപ്പര്‍ 8ല്‍ കളിച്ച രണ്ട് മത്സരത്തിലും വിജയം നേടിയാണ് ഇംഗ്ലണ്ട് നാല് പോയിന്റോടെ സെമിയില്‍ പ്രവേശിച്ചത്. നിലവില്‍ സെമി യോഗ്യത നേടിയ ഏക ടീമും ഇംഗ്ലണ്ട് മാത്രമാണ്.
ഫെബ്രുവരി 27നാണ് സൂപ്പര്‍ 8ല്‍ ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡാണ് എതിരാളികള്‍.
Content Highlight: Harry Brook joins the elite list of players scored century in all formats