| Sunday, 26th October 2025, 3:25 pm

തോറ്റു, എന്നാലും ഇവന്റെ അടിയുടെ ഹാങ്ഓവര്‍ മാറിക്കാണില്ല; മോര്‍ഗണ്‍ വാഴുന്ന ലിസ്റ്റില്‍ ബ്രൂക്കിന്റെ മാസ് എന്‍ട്രി

സ്പോര്‍ട്സ് ഡെസ്‌ക്

ഇംഗ്ലണ്ടിനെതിരെയുള്ള മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ ഏകദിനത്തില്‍ ന്യൂസിലാന്‍ഡ് നാല് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. ഇംഗ്ലണ്ട് ഉയര്‍ത്തിയ 224 റണ്‍സിന്റെ വിജയം ലക്ഷ്യം കിവികള്‍ 80 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് തുടക്കത്തില്‍ തന്നെ തകര്‍ന്നിരുന്നു. ഒരു ഘട്ടത്തില്‍ അഞ്ച് 33 നിലയില്‍ നിന്ന ടീമിനെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ സെഞ്ച്വറിയാണ് ഭേദപ്പെട്ട നിലയില്‍ എത്തിച്ചത്. താരം മത്സരത്തില്‍ 101 പന്തില്‍ 135 റണ്‍സാണ് എടുത്തത്. 11 സിക്‌സും ഒമ്പത് ഫോറുമാണ് താരത്തിന്റെ ഇന്നിങ്സില്‍ പിറന്നത്.

ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡാണ് താരം സ്വന്തമാക്കിയത്. ഇംഗ്ലണ്ടിന് വേണ്ടി ഒരു ഏകദിന ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന നാലാമത്തെ താരമെന്ന നേട്ടമാണ് ബ്രൂക്ക് നേടിയത്. ഈ നേട്ടത്തില്‍ ഒന്നാമന്‍ ഇയോണ്‍ മോര്‍ഗണാണ്. 17 സിക്‌സുകളാണ് താരം അഫ്ഗാനിസ്ഥാനെതിരെ അടിച്ചെടുത്തത്.

ഇംഗ്ലണ്ടിന് വേണ്ടി ഒരു ഏകദിന ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം, സിക്‌സ്, എതിരാളി, വര്‍ഷം

ഇയോണ്‍ മോര്‍ഗണ്‍ – 17 – അഫ്ഗാനിസ്ഥാന്‍ – 2019

ജോസ് ബട്‌ലര്‍ – 14 – നെതര്‍ലാന്‍ഡ് – 2022

ജോസ് ബട്‌ലര്‍ – 12 – വെസ്റ്റ് ഇന്‍ഡീസ് – 2019

ഹാരി ബ്രൂക്ക് – 11 – ന്യൂസിലാന്‍ഡ് – 2025

മത്സരത്തില്‍ ഇംഗ്ലണ്ടിന് വേണ്ടി ജെയ്മി ഓവര്‍ട്ടനും മികച്ച പ്രകടനം നടത്തി. താരം 54 പന്തില്‍ ഒരു സിക്‌സും ആറ് ഫോറും അടക്കം 46 റണ്‍സ് എടുത്തു. മറ്റാരും ബാറ്റിങ്ങില്‍ തിളങ്ങാത്തതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയായത്.

അതേസമയം അര്‍ധ സെഞ്ച്വറിയുമായി തിളങ്ങിയ ഡാരല്‍ മിച്ചലിന്റെ കരുത്തിലാണ് ന്യൂസിലാന്‍ഡിന്റെ വിജയം. മിച്ചല്‍ 91 പന്തില്‍ പുറത്താവാതെ 78 റണ്‍സെടുത്തു. രണ്ട് സിക്‌സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്. താരത്തിനൊപ്പം മൈക്കല്‍ ബ്രേസ്‌വെല്ലും മികച്ച പ്രകടനം നടത്തി. 51 പന്തില്‍ ആറ് ഫോറടക്കം 51 റണ്‍സാണ് സ്‌കോര്‍ ചെയ്തത്.

ഇംഗ്ലണ്ടിനായി ബ്രൈഡന്‍ കാര്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഒപ്പം, ലൂക്ക് വുഡും ആദില്‍ റഷീദും ഒരു വിക്കറ്റുകള്‍ വീതം നേടി. ന്യൂസിലാന്‍ഡിനായി സക്കറി ഫൗള്‍ക്സ് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ജേക്കബ് ഡഫി മൂന്ന് വിക്കറ്റുകള്‍ നേടി. ഒപ്പം മറ്റ് ഹെന്റി രണ്ടും മിച്ചല്‍ സാന്റ്നര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Harry Brook In Great Performance For England

We use cookies to give you the best possible experience. Learn more