ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളില്‍ നിന്നും ഒഴിവായതിനു പിന്നാലെ പുതിയ സന്നദ്ധ സംഘടന നിര്‍മിക്കാനൊരുങ്ങി ഹാരിയും മേഗന്‍ മര്‍ക്കലും. ഗ്രീക്ക് പദമായ ആര്‍ക് എന്നാണ് സംരഭത്തിന്റെ പേര്. പ്രവൃത്തിയുടെ ഉറവിടം എന്നര്‍ത്ഥം വരുന്ന ഈ വാക്ക് ഇരുവരുടെയും മകന്റെ പേരായ ആര്‍ക്കിയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടതാണ്. ഇതു സംബന്ധിച്ച നിയമനടപടിക്രമങ്ങള്‍ ഇരുവരും താമസിക്കുന്ന യു.എസില്‍ നടന്നു വരികയാണ്.
ഇതു സംബന്ധിച്ചുള്ള കൂടുതല്‍ പ്രഖ്യാപനങ്ങള്‍ കൊവിഡ്-19 മഹാമാരി വ്യാപിച്ച സാഹചര്യത്തില്‍ പിന്നീട് നടത്തുമെന്നാണ് ഇരുവരും അറിയിച്ചിരിക്കുന്നത്. ദ ഡെയ്‌ലി ടെലിഗ്രാഫിന്റെ റിപ്പോര്‍ട്ട് പ്രകാരം ഒരു പുതിയ വെബ്‌സൈറ്റും ഇരുവരും തുടങ്ങുന്നുണ്ട്.
ഒപ്പം കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ പദ്ധതിയുണ്ടെന്നും ഇപ്പോള്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നും ഇരുവരും പറഞ്ഞു. മാര്‍ച്ച് 31 നാണ് മേഗന്‍ മര്‍ക്കലും ഹാരിയും ബ്രിട്ടീഷ് രാജ കുടുംബപദവികളില്‍ നിന്നും ഔദ്യോഗികമായി ഒഴിവായത്. ലോസ് ആഞ്ചലസിലാണ് ഇവര്‍ ഇപ്പോള്‍ കഴിയുന്നത്.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
നേരത്തെ മേഗന്റെയും ഹാരിയുടെയും സുരക്ഷ അമേരിക്ക ഏറ്റെടുക്കില്ലെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ സുരക്ഷ വേണ്ടെന്നും ഇവരുടെ സുരക്ഷ ഇവര്‍ തന്നെ സ്വകാര്യമായി ഒരുക്കിയിട്ടുണ്ടെന്നുമായിരുന്നു ഇരുവരുടെയും പ്രതിനിധി അറിയിച്ചത്.
ജനുവരി ആദ്യവാരമാണ് രാജകുടുംബ ചുമതലകളില്‍ നിന്നും വിട്ട് നില്‍ക്കാനും സാമ്പത്തിക സ്വാതന്ത്ര്യം കൈവരുത്താനും ആഗ്രഹിക്കുന്നതായി പ്രിന്‍സ് ഹാരിയും മേഗനും ഔദ്യോഗിക പ്രസ്താവനയിറക്കിയത്. കാനഡയിലും ബ്രിട്ടനിലുമായി മകന്‍ ആര്‍ക്കിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാല്‍ പിന്നീട് അമേരിക്കയിലേക്ക് മാറുകയായിരുന്നു.
ഇതിനു പിന്നാലെ മേഗന്റയും ഹാരിയുടെയും രാജപദവികള്‍ റദ്ദാക്കിയതായി ബ്രിട്ടീഷ് രാജകുംടുംബം അറിയിച്ചിരുന്നു. രാജകുടുംബാഗങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷാ അകമ്പടികള്‍, പൊതുഖജനാവില്‍ നിന്നുള്ള സാമ്പത്തിക സഹായം, പ്രത്യേക യാത്രകള്‍ എന്നിവ ഇരുവര്‍ക്കും ലഭിക്കില്ല. ഇതിനു പുറമെ ലണ്ടനിലെ മാഡം തുസാഡ്സ് മ്യൂസിയത്തില്‍ നിന്ന് ഹാരിയുടെയും മേഗന്റെയും മെഴുകു പ്രതിമകള്‍ നീക്കം ചെയ്യുകയും ചെയ്തിരുന്നു.
വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ