| Monday, 15th June 2026, 11:34 am

ഇന്ത്യയുടെ ഒരേയൊരു ചരിത്ര നായിക; ഹര്‍മന് മുന്നിലും പിന്നിലും ഇനിയാരുമില്ല

സുദേവ് എ

ഐ.സി.സി വിമണ്‍സ് ടി-20 ലോകകപ്പില്‍ പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യ തുടക്കം ഗംഭീരമാക്കിയിരിക്കുകയാണ്. ബര്‍മിങ്ഹാമിലെ എഡ്ജ്ബാസ്റ്റണില്‍ നടന്ന മത്സരത്തില്‍ പാകിസ്ഥാനെ 64 റണ്‍സിനാണ് ഇന്ത്യ വീഴ്ത്തിയത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന്‍ 17 ഓവറില്‍ 106 റണ്‍സിന് പുറത്തായി.

വിജയത്തോടൊപ്പം ഒരു ചരിത്രനേട്ടവും ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കി. വിമണ്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഇന്ത്യയെ ഏറ്റവും കൂടുതല്‍ മത്സരങ്ങളില്‍ നയിക്കുന്ന ക്യാപ്റ്റനായാണ് ഹര്‍മന്‍പ്രീത് റെക്കോഡിട്ടത്. മൂന്ന് ഫോര്‍മാറ്റുകളിലുമായി ഇന്ത്യയെ 157 മത്സരങ്ങളിലാണ് ഹര്‍മന്‍പ്രീത് നയിച്ചത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മിതാലി രാജിനെയാണ് ഹര്‍മന്‍പ്രീത് മറികടന്നത്.

ഹർമൻപ്രീത് കൗർ

അതേസമയം ഇന്ത്യന്‍ ബൗളിങ്ങില്‍ ദീപ്തി ശര്‍മ അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി മിന്നും പ്രകടനം നടത്തിയപ്പോള്‍ പാക് ബാറ്റിങ് നിര തകരുകയായിരുന്നു. നാല് ഓവറില്‍ വെറും 10 റണ്‍സ് മാത്രം വിട്ടു നല്‍കിയാണ് ദീപ്തി അഞ്ച് വിക്കറ്റുകള്‍ സ്വന്തമാക്കിയത്. ശ്രീ ചരണി മൂന്ന് വിക്കറ്റും ഷെഫാലി ഒരു വിക്കറ്റും നേടി വിജയത്തില്‍ നിര്‍ണായകമായ പങ്കു വഹിച്ചു.

വൈസ് ക്യാപ്റ്റന്‍ സ്മൃതി മന്ഥാനയുടെ അര്‍ധ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 44 പന്തില്‍ 68 റണ്‍സാണ് സ്മൃതി നേടിയത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ 36 റണ്‍സും സ്വന്തമാക്കി. നാല് ഫോറുകളാണ് താരം നേടിയത്. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച റിച്ച ഘോഷിന്റെ പ്രകടനവും ഏറെ നിര്‍ണായകമായി. 17 പന്തില്‍ നിന്നും 34 റണ്‍സാണ് റിച്ച അടിച്ചെടുത്തത്. അഞ്ച് ഫോറുകളും ഒരു സിക്സുമാണ് റിച്ച അടിച്ചെടുത്തത്.

ജൂണ്‍ 17ന് നെതര്‍ലാന്‍ഡ്സിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlight: Harmanpreet Kuar create a historical record as captain in India

സുദേവ് എ

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

Latest Stories

We use cookies to give you the best possible experience. Learn more