| Sunday, 11th January 2026, 8:26 am

ഹര്‍മന്‍ എന്നാ സുമ്മാവ; സിംഹാസനം കയ്യടക്കി ക്യാപ്റ്റന്‍

ഫസീഹ പി.സി.

വനിതാ പ്രീമിയര്‍ ലീഗില്‍ ദല്‍ഹി ക്യാപിറ്റല്‍സിനെ മുംബൈ ഇന്ത്യന്‍സ് തോല്‍പ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ 50 റണ്‍സിനായിരുന്നു ടീമിന്റെ വിജയം. ബാറ്റ് കൊണ്ടും ബൗള്‍ കൊണ്ടും ആധിപത്യം സ്ഥാപിച്ചായിരുന്നു ഡിഫന്‍ഡിങ് ചാമ്പ്യന്മാര്‍ ജയിച്ചത്.

മത്സരത്തില്‍ മുംബൈ ഉയര്‍ത്തിയ 196 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ദല്‍ഹി 145 റണ്‍സ് മാത്രമാണ് എടുത്തത്. അതോടെ മുംബൈ വനിതകള്‍ വിജയം സ്വന്തമാക്കുകയായിരുന്നു.

ഹര്‍മന്‍പ്രീത് കൗര്‍. Photo: Mumbai Indians/x.com

ദല്‍ഹിക്കെതിരെ മുംബൈയെ മുന്നില്‍ നിന്ന് നയിച്ചത് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ തന്നെയാണ്. മത്സരത്തില്‍ 42 പന്തില്‍ പുറത്താവാതെ 74 റണ്‍സാണ് താരം നേടിയത്. 176.19 സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് ചെയ്ത് താരത്തിന്റെ ഇന്നിങ്‌സില്‍ മൂന്ന് സിക്സും എട്ട് ഫോറുമാണ് പിറന്നത്. ഈ ഇന്നിങ്‌സ് താരത്തിന് പ്ലെയര്‍ ഓഫ് മാച്ച് അവാര്‍ഡും നേടിക്കൊടുത്തു.

ഇതോടെ ഒരു സൂപ്പർ നേട്ടം സ്വന്തം പേരിലാക്കാൻ ഹർമൻപ്രീതിന് സാധിച്ചു. ഡബ്ല്യൂ.പി.എല്ലിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി മാച്ച് (പി.ഒ.ടി.എം) നേടിയ താരം എന്ന നേട്ടമാണ് താരം എന്ന സ്വന്തം നേട്ടമാണ് 36കാരി തിരുത്തിയെഴുതിയത്. ടൂർണമെന്റിൽ എട്ട് തവണയാണ് മുംബൈ ക്യാപ്റ്റൻ പി.ഒ.ടി.എം അവാർഡ് നേടിയത്.

ഡബ്ല്യൂ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ പി.ഒ.ടി.എം. നേടിയ താരങ്ങള്‍

ഹര്‍മന്‍പ്രീത് കൗര്‍ – 8

ജെസ് ജോനാസെന്‍ – 5

മാരിസന്‍ കാപ്പ് – 4

നാറ്റ് സിവര്‍ ബ്രണ്ട് – 4

ഹെയ്ലി മാത്യൂസ് – 4

ഗ്രേസ് ഹാരിസ് – 3

ആഷ്ലീ ഗാര്‍ഡ്നര്‍ – 3

അമേലിയ കെര്‍ – 3

മത്സരത്തില്‍ ഹര്‍മന്‍പ്രീതിന് പുറമെ നാറ്റ് സിവര്‍ ബ്രണ്ടും മികച്ച പ്രകടനം നടത്തി. താരം 46 പന്തില്‍ 70 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇവര്‍ക്കൊപ്പം നിക്കോള കാരി 12 പന്തില്‍ 21 റണ്‍സും സംഭാവന ചെയ്തു.

നാറ്റ് സിവര്‍ ബ്രണ്ട്. Photo: Women’s Premier League (WPL)/x.com

ദല്‍ഹിക്കായി നന്ദിനി ശര്‍മ രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ഷിനേൽ ഹെന്റി, നല്ലപുരേഡ്ഡി ചരണി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ ദല്‍ഹി ക്യാപിറ്റല്‍സിനായി ഷിനേൽ ഹെന്റി മാത്രമാണ് തിളങ്ങിയത്. 33 പന്തില്‍ 56 റണ്‍സാണ് താരത്തിന്റെ സ്‌കോര്‍. 18 പന്തില്‍ 12 റണ്‍സ് നേടിയ നിക്കി പ്രസാദാണ് ടീമിന്റെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ ജെമീമ റോഡ്രിഗസടക്കം മറ്റാര്‍ക്കും മികച്ച പ്രകടനം നടത്താനായില്ല.

മുംബൈക്കായി അമേലിയ കെറും നിക്കോള കാരിയും മൂന്ന് വിക്കറ്റുകളും സിവര്‍ ബ്രണ്ട് രണ്ട് വിക്കറ്റും സ്വന്തമാക്കി. ഒപ്പം ശബ്‌നം ഇസ്മായിലും സംസ്‌കൃതി ഗുപ്തയും ഓരോ വിക്കറ്റ് വീതം നേടി.

Content Highlight: Harmanpreet Kaur tops the list of  Most Player of the match Awards in WPL

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more