| Sunday, 25th October 2026, 6:48 pm

'ഡബിള്‍' സെഞ്ച്വറി: ഇതിഹാസത്തെ മറികടന്ന് ഹര്‍മന്‍, കൂറ്റനടിയുമായി ദീപ്തി; റണ്‍മല തീര്‍ത്ത് ഇന്ത്യ

ദേവിക ജയചന്ദ്രന്‍

ഇന്ത്യയും സിംബാംബ്‌വേയും തമ്മില്‍ നടക്കുന്ന ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സെഞ്ച്വറി നേടി ഹര്‍മന്‍പ്രീത് കൗറും ദീപ്തി ശര്‍മയും. വഡോദരയില്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് സെഞ്ച്വറികളുടെ ബലത്തില്‍ ഇന്ത്യ 329 എന്ന വലിയ ലക്ഷ്യമാണ് സിംബാംബ്‌വേയ്ക്ക് മുന്നില്‍ വെച്ചിരിക്കുന്നത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയുടെ തുടക്കം പാളി. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ സ്മൃതി മന്ഥന റണ്‍സൊന്നും എടുക്കാതെ മടങ്ങി. മൂന്നാം ഓവറില്‍ സൂപ്പര്‍ താരം ഷെഫാലി വര്‍മയും വീണതോടെ 19/2 നിലയിലായ ഇന്ത്യയെ ഹര്‍മന്‍പ്രീത് കൗറും പ്രതീക റാവലും ചേര്‍ ന്ന് കരകയറ്റുകയായിരുന്നു.

മൂന്നാം വിക്കറ്റില്‍ ഹര്‍മനും പ്രതീകയും ചേര്‍ന്ന് 124 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 23ാം ഓവറില്‍ പുറത്താകുമ്പോള്‍ പ്രതീക 67 പന്തില്‍ 61 റണ്‍സ് നേടിയിരുന്നു.
പിന്നാലെ ക്രീസിലെത്തിയ ദീപ്തിയും ഹര്‍മനും ചേര്‍ന്ന് സിംബാംബ്‌വേ ബൗളര്‍മാരെ നിഷ്‌കരുണം മര്‍ദിച്ചു. ഇരുവരും ചേര്‍ന്ന് 137 പന്തില്‍ 153 റണ്‍സ് നേടി. ഇത് വനിതാ ക്രിക്കറ്റിലെ ഏറ്റവുമുയര്‍ന്ന അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ്.

121 പന്തില്‍ നിന്നും 126 റണ്‍സ് നേടിയ ഹര്‍മന്‍ 47ാം ഓവറില്‍ പുറത്താകുമ്പോഴേക്കും ഇന്ത്യയുടെ സ്‌കോര്‍ 300 കടന്നിരുന്നു. അവസാന ഓവറിന്റെ രണ്ടാം പന്തില്‍ മകൂഷയെ ബൗണ്ടറി കടത്തി ദീപ്തി ശര്‍മയും തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കി. 86 പന്തില്‍ 106 റണ്‍സുമായി ദീപ്തി പുറത്താകാതെ നിന്നു.

ഏകദിന ക്രിക്കറ്റില്‍ ഹര്‍മന്‍പ്രീത് കൗറിന്റെ എട്ടാം സെഞ്ച്വറിയേറിയാണിത്. ഇതോടെ ക്രിക്കറ്റ് ഇതിഹാസം മിതാലി രാജിനെ മറികടന്ന് വനിതാ ഒ.ഡി.ഐയില്‍ ഏറ്റവുമധികം സെഞ്ച്വറി നേടുന്ന രണ്ടാമത്തെ വനിതാ താരമായി ഹര്‍മന്‍ മാറി. 14 സെഞ്ച്വറികളുള്ള സ്മൃതി മന്ഥനയാണ് ഒന്നാമത്.

സിംബാംബ്‌വേയ്ക്കുവേണ്ടി നോംവെലോ സിബാന്ത നാലോവറില്‍ 38 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തി. മിഷേല്‍ മാവുംഗ, ടെന്‍ഡെയ് മക്കുഷ, ന്വാഷാ ഗ്വാന്‍സുര, ഒലിന്റര്‍ ചാരെ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാംബ്‌വേ ഒമ്പത് ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സ് എന്ന നിലയിലാണ്.

Content Highlight: Harmanpreet Kaur surpasses Mithali Raj, becomes India’s second ODI centurian.

ദേവിക ജയചന്ദ്രന്‍

ഡൂള്‍ന്യൂസില്‍ ജേണലിസ്റ്റ് ട്രെയിനി. മാതൃഭൂമി മീഡിയ സ്‌കൂളില്‍ നിന്നും പി.ജി. ഡിപ്ലോമ. പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ നിന്നും ചരിത്രത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more