| Sunday, 28th December 2025, 5:22 pm

തോറ്റത് ശ്രീലങ്ക മാത്രമല്ല, ഓസ്‌ട്രേലിയന്‍ ഇതിഹാസവും; കേരളത്തിന്റെ മണ്ണില്‍ തിരുത്തിയെഴുതിയ ചരിത്രം

ആദര്‍ശ് എം.കെ.

ശ്രീലങ്കന്‍ വനിതകളുടെ ഇന്ത്യന്‍ പര്യടനത്തിലെ നാലാം ടി-20 മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നാലാം മത്സരം അരങ്ങേറുന്നത്. പരമ്പരയിലെ മൂന്നാം മത്സരത്തിനും ഗ്രീന്‍ഫീല്‍ഡ് തന്നെയാണ് വേദിയായത്.

അഞ്ച് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മൂന്ന് മത്സരത്തിലും ആധികാരിക വിജയം സ്വന്തമാക്കിയ ഇന്ത്യ, ശേഷിക്കുന്ന മത്സരങ്ങളും വിജയിച്ച് ചമാരിയെയും സംഘത്തെയും വൈറ്റ്‌വാഷ് ചെയ്യാനുള്ള ഒരുക്കത്തിലാണ്.

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ വിജയം സ്വന്തമാക്കിയതോടെ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കിയത്. അന്താരാഷ്ട്ര വനിതാ ടി-20യില്‍ ഏറ്റവുമധികം മത്സരം വിജയിക്കുന്ന ക്യാപ്റ്റനെന്ന നേട്ടമാണ് ഹര്‍മന്റെ പേരില്‍ കുറിക്കപ്പെട്ടത്. തിരുവനന്തപുരത്ത് 77ാം വിജയത്തിലേക്കാണ് ഹര്‍മന്റെ ചിറകിലേറി ഇന്ത്യ പറന്നിറങ്ങിയത്.

ഓസ്‌ട്രേലിയന്‍ ഇതിഹാസം മെഗ് ലാന്നിങ്ങിന്റെ റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. 76 മത്സരത്തിലാണ് ലാന്നിങ് ഓസ്‌ട്രേലിയയെ വിജയത്തിലേക്ക് നയിച്ചത്.

130 മത്സരത്തില്‍ ഇന്ത്യയെ നയിച്ചു. വിജയശതമാനം 59.22. ഹര്‍മന്റെ കീഴിലിറങ്ങിയ 48 മത്സരത്തില്‍ ഇന്ത്യ പരാജയമറിഞ്ഞപ്പോള്‍ അഞ്ച് മത്സരം ഫലമില്ലാതെയും അവസാനിച്ചു. അന്താരാഷ്ട്ര ടി-20യില്‍ (പുരുഷ, വനിത) ഏറ്റവുമധികം മത്സരത്തില്‍ ക്യാപ്റ്റനാകുന്ന താരമെന്ന നേട്ടം ഹര്‍മന്‍ നേരത്തെ തന്നെ സ്വന്തമാക്കിയതാണ്.

ഹര്‍മന്‍പ്രീത് കൗര്‍. BCCI/ x.com

അന്താരാഷ്ട്ര വനിതാ ടീ-20യില്‍ ഏറ്റവുമധികം വിജയം സ്വന്തമാക്കുന്ന ക്യാപ്റ്റന്‍

(താരം – ടീം – ആകെ മത്സരം – വിജയം എന്നീ ക്രമത്തില്‍)

ഹര്‍മന്‍പ്രീത് കൗര്‍ – ഇന്ത്യ – 130 – 77*

മെഗ് ലാന്നിങ് – ഓസ്‌ട്രേലിയ 100 – 76

ഹീതര്‍ നൈറ്റ് – ഇംഗ്ലണ്ട് – 96 – 71

ഷാര്‍ലെറ്റ് എഡ്വാര്‍ഡ്‌സ് – ഇംഗ്ലണ്ട് – 93 – 68

നരൂയെമോല്‍ ചായ്‌വായ് – തായ്‌ലന്‍ഡ് – 79 – 55

പരമ്പരയിലെ മൂന്നാം മത്സരത്തില്‍ എട്ട് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ വിജയം. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 112/7 എന്ന കുഞ്ഞന്‍ സ്‌കോറിന് ഒതുക്കിയ ഇന്ത്യ 40 പന്ത് ശേഷിക്കവെയാണ് വിജയലക്ഷ്യം മറികടന്നത്.

ഇമേഷ ദുലാനി (32 പന്തില്‍ 27), ഹാസിനി പെരേര (18 പന്തില്‍ 25), കവിഷ ദില്‍ഹാരി (13 പന്തില്‍ 20) എന്നിവരാണ് ലങ്കയെ നാണക്കേടില്‍ നിന്നും കരകയറ്റിയത്.

നാല് ഓവര്‍ പന്തെറിഞ്ഞ് 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് നേടിയ രേണുക സിങ്ങാണ് ലങ്കയെ ബാറ്റിങ് യൂണിറ്റിനെ തകര്‍ത്തെറിഞ്ഞത്. മൂന്ന് വിക്കറ്റുമായി ദീപ്തി ശര്‍മയും തിളങ്ങി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഷെഫാലി വര്‍മയുടെ കരുത്തില്‍ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു. 42 പന്ത് നേരിട്ട താരം പുറത്താകാതെ 79 റണ്‍സ് നേടി. 18 പന്തില്‍ പുറത്താകാതെ 21 റണ്‍സടിച്ച ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍.

Content Highlight: Harmanpreet Kaur set the record of most T20I wins by a captain in WT20I

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more