ഒടുവിലിതാ ഇന്ത്യന്‍ വനിതകളും ഒരു സ്വപ്ന കിരീടം നേടിയിരിക്കുന്നു. കഴിഞ്ഞ ദിവസം നടന്ന ഏകദിന ലോകകപ്പ് ഫൈനലില്‍ സൗത്ത് ആഫ്രിക്കയെ വീഴ്ത്തിയാണ് ഇന്ത്യന്‍ സംഘത്തിന്റെ കിരീടധാരണം. അവസാനയങ്കത്തില്‍ 52 റണ്‍സിനായിരുന്നു ടീമിന്റെ വിജയം.
ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 298 റണ്‍സെടുത്തിരുന്നു. ഇത് പിന്തുടര്‍ന്ന പ്രോട്ടിയാസ് 246 റണ്‍സില്‍ തങ്ങളുടെ പോരാട്ടം അവസാനിപ്പിച്ച് അടിയറവ് പറയുകയായിരുന്നു. ഷെഫാലി വര്‍മയുടെയും ദീപ്തി ശര്‍മയുടെയും കരുത്തിലായിരുന്നു ഇന്ത്യയുടെ വിജയം.
പ്രോട്ടിയാസിന്റെ അവസാന ബാറ്ററെ പുറത്താക്കാന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ എടുത്ത ക്യാച്ചും ഈ കിരീടനേട്ടത്തില്‍ ഓര്‍ത്തുവെക്കപ്പെടുന്ന ഒരു നിമിഷമാണ്. ദീപ്തി ശര്‍മ എറിഞ്ഞ 45ാം ഓവറിലെ മൂന്നാം പന്തില്‍ നദീന ഡി ക്ലാര്‍ക്ക് അടിച്ച പന്ത് കൈപിടിയിലൊതുക്കിയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ടീമിന്റെ വിജയം പൂര്‍ത്തിയാക്കിയത്.
ഈ ക്യാച്ച് മറ്റൊരു ഫൈനലിന്റെ അവസാന രംഗങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. മറ്റേതുമല്ല, 2011ല്‍ ഇന്ത്യന്‍ പുരുഷ ടീം രണ്ടാം ഏകദിന കിരീടമുയര്‍ത്തിയപ്പോഴായിരുന്നു അത്. അന്ന് ഹര്‍മന്‍പ്രീതിന്റെ സ്ഥാനം അലങ്കരിച്ചത് ക്യാപ്റ്റന്‍ കൂളായ എം.എസ്. ധോണിയായിരുന്നു.
ശ്രീലങ്കക്കെതിരെയുള്ള കലാശപ്പോരില്‍ ധോണി ലോങ്ങ് ഓണിലേക്ക് സിക്‌സ് പറത്തിയാണ് ഇന്ത്യയുടെ കിരീടമുറപ്പിച്ചത്. താരം പത്ത് പന്തുകള്‍ ബാക്കി നില്‍ക്കെ വിജയ സിക്‌സ് അടിച്ചത് നുവാന്‍ കുലശേഖരയുടെ പന്തിലായിരുന്നു.
ആ ഒരു സിക്‌സ് മാത്രമായിരുന്നില്ല ക്യാപ്റ്റന്റെ ഇന്നിങ്‌സില്‍ ഉണ്ടായിരുന്നത്. ധോണി അഞ്ചാമനായി ഇറങ്ങി 79 പന്തുകളില്‍ 91 റണ്‍സ് എടുത്താണ് ഇന്ത്യയെ ജേതാക്കളാക്കിയത്. ഈ പ്രകടനത്തോടെ കലാശപ്പോരിലെ താരത്തിനുള്ള അവാര്‍ഡും ധോണി സ്വന്തമാക്കിയിരുന്നു.
ബാറ്റ് കൊണ്ട് തിളങ്ങാനായില്ലെങ്കിലും ആ ഫൈനലിന്റേതിന് സമാനമായി ഇത്തവണ ഇന്ത്യയുടെ വിന്നിങ് മൊമെന്റില്‍ ഹര്‍മന്‍ എന്ന ക്യാപ്റ്റനും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിരിക്കുകയാണ്. അന്നത്തെ ലോകകപ്പിലെ ധോണിയുടെ സിക്‌സ് ഇന്നും ഓര്‍മിക്കപ്പെടുന്നത് പോലെ ഹര്‍മന്റെ ഈ ക്യാച്ചും ചരിത്ര താളുകളില്‍ എക്കാലവും ഇടം കണ്ടെത്തും.
Content Highlight: Harmanpreet Kaur’s catch in ICC Women’s ODI World Cup 2025 and MS Dhoni winning six in ICC ODI World Cup 2011