2025 വനിതാ ഏകദിന ലോകകപ്പിന്റെ കലാശപ്പോരാട്ടില്‍ ഇന്ത്യയും സൗത്ത് ആഫ്രിക്കയും തമ്മില്‍ ഏറ്റുമുട്ടുകയാണ്. നവി മുംബൈയിലെ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 298 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്കയ്ക്ക് മുന്നില്‍ വലിയ വിജയലക്ഷ്യം തന്നെയാണ് ഇന്ത്യ പടുത്തുയര്‍ത്തിയത്.
മത്സരത്തില്‍ ഓപ്പണര്‍മാരായ സ്മൃതി മന്ഥാനയും ഷഫാലി വര്‍മയും ഇന്ത്യയ്ക്ക് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. ഷഫാലി 78 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 87 റണ്‍സും സ്മൃതി 58 പന്തില്‍ എട്ട് ഫോര്‍ ഉള്‍പ്പെടെ 45 റണ്‍സുമാണ് അടിച്ചെടുത്തത്.
മാത്രമല്ല 104 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ പടുത്തുയര്‍ത്തിയത്. ഇന്ത്യയെ മെച്ചപ്പെട്ട സ്‌കോര്‍ നിലയില്‍ എത്തിച്ചായിരുന്നു താരങ്ങളുടെ മടക്കം. ഇരുവര്‍ക്കും പുറമെ അഞ്ചാം നമ്പറില്‍ ഇറങ്ങിയ ദീപ്തി ശര്‍മ 58 പന്തില്‍ ഒരു സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടെ 58 റണ്‍സ് സ്വന്തമാക്കി.
മത്സരത്തില്‍ നാലാം നമ്പറില്‍ ഇറങ്ങിയത് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറായിരുന്നു. 29 പന്തില്‍ രണ്ട് ഫോര്‍ ഉള്‍പ്പെടെ 20 റണ്‍സാണ് താരം നേടിയത്. ബൗള്‍ഡായി താരം മടങ്ങിയെങ്കിലും ഒരു മിന്നും റെക്കോഡില്‍ ഒന്നാമനാകാനും ഹര്‍മന് സാധിച്ചിരിക്കുകയാണ്. വനിതാ ലോകകപ്പിലെ നോക്ക് ഔട്ട് മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറിയിരിക്കുകയാണ് ഹര്‍മന്‍പ്രീത് കൗര്‍. വെറും നാല് ഇന്നിങ്‌സില്‍ നിന്ന് 331 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഹര്‍മന്‍പ്രീത് കൗര്‍ – 4 – 331
ബെലിന്‍ണ്ട ക്ലര്‍ക്ക് – 6 – 330
അലീസ ഹീലി – 4 – 309
റിച്ചാ ഘോഷ് 24 പന്തില്‍ 34ഉം ജമീമ റോഡ്രിഗസ് 37 പന്തില്‍ 24 റണ്‍സും നേടിയാണ് കളം വിട്ടത്. ജെമീമ സെമിയില്‍ ഇന്ത്യക്ക് വേണ്ടി മിന്നും പ്രകടനമായിരുന്നു നടത്തിയത്.
അതേസമയം സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി അയബോഗ ഗാക്ക മൂന്ന് വിക്കറ്റ് നേടി തിളങ്ങിയപ്പോള്‍ നൊക്കുലുലെക്കോ മ്ലാബ, നഥൈന്‍ ഡി ക്ലര്‍ക്ക്, ക്ലോ ട്രിയോണ്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി. ബൗളിങ്ങില്‍ ശക്തമായ പ്രകടനം നടത്തി ഇന്ത്യ തങ്ങളുടെ ആദ്യ വനിതാ ലോകകപ്പ് കിരീടം സ്വന്തമാക്കുമെന്നുതന്നെയാണ് ആരാധകരും വിശ്വസിക്കുന്നത്.
സ്മൃതി മന്ഥാന, ഷഫാലി വര്‍മ, ജെമിമ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), ദീപ്തി ശര്‍മ, റിച്ചാ ഘോഷ് (വിക്കറ്റ് കീപ്പര്‍), അമന്‍ജോത് കൗര്‍, രാധാ യാദവ്, ക്രാന്തി ഗൗഡ്, നല്ലപുറെഡ്ഡി, രേണുക സിങ്
ലോറ വോള്‍വാര്‍ട്ട് (ക്യാപ്റ്റന്‍), തസ്മിന്‍ ബ്രിറ്റ്‌സ്, അനെക് ബോഷ്, സുനെ ലൂസ്, മരിസാന്‍ കാപ്പ്, സിനാലോ ജാഫ്ത (വിക്കറ്റ് കീപ്പര്‍), ക്ലോ ട്രയോണ്‍, അനേറി ഡെര്‍ക്‌സെന്‍, നഥൈന്‍ ഡി ക്ലര്‍ക്ക്, അയബോങ്ക ഗാക്ക, നൊകുലുലെക്കോ മ്ലാബ
Content Highlight: Harmanpreet Kaur In Great Record Achievement In Women’ s World Cup Knock Out