| Wednesday, 3rd June 2026, 10:27 am

ലോകകപ്പിന് മുമ്പേ ലോക റെക്കോഡ്; ചരിത്രത്തിന്റെ നെറുകയില്‍ ഹര്‍മന്‍പ്രീത്

Sudev A

ഇന്ത്യന്‍ വിമണ്‍സിനെതിരായ മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പര 2-1ന് സ്വന്തമാക്കി ഇംഗ്ലണ്ട്. പരമ്പരയിലെ അവസാന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയെ ഇംഗ്ലണ്ട് വീഴ്ത്തിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ട് 18.3 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

പരമ്പര കൈവിട്ടെങ്കിലും അവസാന മത്സരത്തില്‍ ഒരു ചരിത്ര നേട്ടമാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ സ്വന്തമാക്കിയത്. വിമണ്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്ന താരമായാണ് ഹര്‍മന്‍പ്രീത് മാറിയത്. 368 മത്സരങ്ങളിലാണ് ഹര്‍മന്‍ ഇതുവരെ കളത്തിലിറങ്ങിയത്.

367 മത്സരങ്ങള്‍ കളിച്ച ന്യൂസിലാന്‍ഡ് താരം സൂസി ബേറ്റ്‌സിനെ മറികടന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇന്ത്യക്കായി 2009ല്‍ അരങ്ങേറ്റം കുറിച്ച ഹര്‍മന്‍പ്രീത് ടി-20യില്‍ 197 മത്സരങ്ങളും ഏകദിനത്തില്‍ 164 മത്സരവും കളിച്ചു. ടെസ്റ്റില്‍ ഏഴ് മത്സരങ്ങളിലാണ് താരം കളത്തിലിറങ്ങിയത്.

ഹർമൻപ്രീത് കൗർ

വിമണ്‍സ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരം, മത്സരങ്ങളുടെ എണ്ണം, രാജ്യം

ഹര്‍മന്‍പ്രീത് കൗര്‍-368

സൂസി ബേറ്റ്‌സ്-367-ന്യൂസിലാന്‍ഡ്

എല്ലീസ് പെറി-357-ഓസ്‌ട്രേലിയ

മിതാലി രാജ്-333-ഇന്ത്യ

സോഫി ഡിവൈന്‍-313-ന്യൂസിലാന്‍ഡ്

മത്സരത്തില്‍ ബാറ്റ് കൊണ്ട് തിളങ്ങാനും ഹര്‍മന്‍പ്രീതിന് സാധിച്ചു. 40 പന്തില്‍ പുറത്താവാതെ 56 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ നേടിയത്. ഏഴ് ഫോറുകള്‍ അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. ദീപ്തി ശര്‍മ, യാസ്തിക ഭാട്ടിയ എന്നിവര്‍ 32 റണ്‍സും ജെമീമ റോഡ്രിഗസ് 29 റണ്‍സും സ്വന്തമാക്കി.

അലീസെ ക്യാപ്‌സി, ഹീതര്‍ നൈറ്റ് എന്നിവരുടെ അര്‍ധ സെഞ്ച്വറിയിലൂടെ ഇംഗ്ലണ്ട് തിരിച്ചടിക്കുകയായിരുന്നു. 43 പന്തില്‍ ഒമ്പത് ഫോറുകളും മൂന്ന് സിക്‌സും അടക്കം 82 റണ്‍സാണ് ക്യാപ്‌സി നേടിയത്. മറുഭാഗത്ത് 42 പന്തില്‍ പുറത്താവാതെ 70 റണ്‍സാണ് നൈറ്റിന്റെ സമ്പാദ്യം. 10 ഫോറുകള്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അതേസമയം ഇനി ഇന്ത്യയുടെ മുന്നിലുള്ളത് ടി-20 ലോകകപ്പാണ്. ജൂണ്‍ 12 മുതല്‍ ജൂലൈ അഞ്ച് വരെയാണ് ടൂര്‍ണമെന്റ് നടക്കുന്നത്. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ ഗ്രൂപ്പ് എയിലാണ് ഇന്ത്യ ഇടം നേടിയിട്ടുള്ളത്. ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നെതര്‍ലന്‍ഡ്സ് എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം ഗ്രൂപ്പ് എയില്‍ നിന്നും കിരീട പോരാട്ടത്തിനായി മാറ്റുരക്കുന്നത്.

ജൂണ്‍ 14ന് പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഹര്‍മന്‍പ്രീത് കൗറിന്റെ നേതൃത്തില്‍ ചരിത്രത്തിലെ ആദ്യ ടി-20 കിരീടമാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്.

2026 ടി-20 ലോകകപ്പിനുള്ള ഇന്ത്യ വിമണ്‍സ് സ്‌ക്വാഡ്

ഹര്‍മന്‍പ്രീത് കൗര്‍ (ക്യാപ്റ്റന്‍), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റന്‍), ഷഫാലി വര്‍മ, ജെമീമ റോഡ്രിഗസ്, ദീപ്തി ശര്‍മ, റിച്ച ഘോഷ് (വിക്കറ്റ് കീപ്പര്‍), അരുന്ധതി റെഡ്ഡി, രേണുക താക്കൂര്‍, ക്രാന്തി ഗൗഡ്, ശ്രീ ചരണി, ശ്രേയങ്ക പാട്ടീല്‍, ഭാരതി ഫുല്‍മാലി, യാസ്തിക ഭാട്ടിയ(വിക്കറ്റ് കീപ്പര്‍), നന്ദിനി ശര്‍മ, രാധ യാദവ്.

Content Highlight: Harmanpreet Kaur create a historical record in International Cricket

Sudev A

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.

We use cookies to give you the best possible experience. Learn more