വാഷിങ്ടൺ: അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്ക് ലോകത്ത് ഏറ്റവും കൂടുതല്‍ താരിഫ് ചുമത്തുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യയെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്.
ഇന്ത്യയും ചൈനയും റഷ്യയും ചേര്‍ന്ന് താരിഫ് വിഷയത്തില്‍ ഒറ്റക്കെട്ടായി നീങ്ങാന്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഈ പ്രതികരണം.
ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാരത്തിലെ ഏകപക്ഷീയമായ നിലപാടുകളെക്കുറിച്ച് സംസാരിക്കവെ, ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകളുടെ ഉയര്‍ന്ന ഇറക്കുമതി തീരുവ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.
ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ക്ക് ഇന്ത്യ 200 ശതമാനം താരിഫ് ഏര്‍പ്പെടുത്തിയിരുന്നതായി ട്രംപ് പറഞ്ഞു.
എന്നാല്‍, 2018-ല്‍ ഈ വിഷയം ആദ്യമായി ഉന്നയിച്ചപ്പോള്‍ താരിഫ് 100 ശതമാനമായിരുന്നു. ട്രംപിന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഈ തീരുവ 50 ശതമാനമായി കുറച്ചതായും, ഏറ്റവും പുതിയ ബജറ്റില്‍ ഇത് 30-40 ശതമാനമായി വീണ്ടും കുറച്ചതായും ട്രംപ് പറഞ്ഞു.
അമേരിക്കയില്‍ നിര്‍മ്മിക്കുന്ന സാധനങ്ങള്‍ ഇന്ത്യയില്‍ നിന്നും വാങ്ങാനോ വിറ്റഴിക്കാനോ സാധിക്കുന്നില്ല. പകരം ഇന്ത്യയില്‍ നിര്‍മിക്കുന്ന സാധനങ്ങള്‍ അമേരിക്കയില്‍ കൊണ്ടുവന്ന് വിറ്റഴിക്കുകയാണ്.
ഇത്തരത്തിലുള്ള ഏകപക്ഷീയമായ വ്യാപാരബന്ധം നിലനില്‍ക്കുന്നതിനാലാണ് അമേരിക്ക ഇന്ത്യക്ക് 50 ശതമാനം താരിഫ് ചുമത്തുന്നതെന്നാണ് ട്രംപിന്റെ വിശദീകരണം.
വ്യാപാര കരാറുകളെക്കുറിച്ച് സംസാരിച്ച ട്രംപ്, ജപ്പാന്‍ പോലുള്ള രാജ്യങ്ങള്‍ കരാറുകള്‍ക്ക് തയ്യാറാണെന്നും കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുമായുള്ള ബന്ധം മികച്ചതാണെങ്കിലും, അത് ഏകപക്ഷീയമായി തുടരുകയായിരുന്നുവെന്നും, തന്റെ ഭരണത്തിന് കീഴില്‍ മാത്രമാണ് ഇതിന് മാറ്റം വന്നതെന്നും അദ്ദേഹം പറഞ്ഞു.
യു.എസ് ഉത്പന്നങ്ങള്‍ക്ക് മേലുള്ള തീരുവ വെട്ടിക്കുറയ്ക്കാമെന്ന് ഇന്ത്യ ഉറപ്പ് നല്‍കിയതായി ട്രംപ് പറഞ്ഞിരുന്നു. എന്നാല്‍ ഇന്ത്യയുടെ തീരുമാനം ഒരുപാട് വൈകിയുള്ളതാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ ഈ അവകാശവാദം.
യു.എസ്-ഇന്ത്യ വ്യാപാര ബന്ധം ഏകപക്ഷീയവും ഒരു ദുരന്തമായിരുന്നുവെന്നും ട്രംപ് ആരോപിച്ചു. ചൈനയിലെ ടിയാന്‍ജിനില്‍ എസ്.സി.ഒ. ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റുമായും റഷ്യന്‍ പ്രസിഡന്റുമായും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ട്രംപ് രംഗത്തെത്തിയിരുന്നത്.
Content Highlight: ‘Harley Davidson’ example; Trump says India is the country that imposes the highest tariffs in the world