സിനിമാപ്രേമികള്‍ക്ക് നിരവധി മികച്ച കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടുള്ള നടനാണ് ഹരിശ്രീ അശോകന്‍. തുടക്കത്തില്‍ ചെറിയ റോളുകള്‍ മാത്രം ചെയ്തിരുന്ന അദ്ദേഹം പിന്നീട് ഹാസ്യ വേഷങ്ങളിലൂടെ ഏറെ ശ്രദ്ധിക്കപ്പെടുകയായിരുന്നു.
തുടക്ക കാലത്തില്‍ അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമായിരുന്നു പാര്‍വതി പരിണയം സിനിമയിലെ ഭിക്ഷക്കാരന്റെ വേഷം. സിനിമയില്‍ ഭിക്ഷ യാചിക്കുന്നതിനിടയില്‍ ‘ഹമ്മ ഹമ്മ’ എന്ന പാട്ട് പാടി പ്രേക്ഷകരെ അദ്ദേഹം ഒരുപാട് ചിരിപ്പിച്ചു.
ഇപ്പോള്‍ ആ സീനിനെ കുറിച്ച് പറയുകയാണ് ഹരിശ്രീ അശോകന്‍. അന്ന് സംവിധായകനായ പി.ജി. വിശ്വംഭരനോട് ‘ഞാന്‍ ഡയലോഗില്‍ എന്തെങ്കിലും അഡീഷണലായി ചേര്‍ക്കട്ടേ’ എന്ന് ചോദിക്കുകയായിരുന്നു എന്നാണ് നടന്‍ പറയുന്നത്.
‘നിനക്ക് എന്ത് വേണമെങ്കിലും പറയാം’ എന്നായിരുന്നു അദ്ദേഹം നല്‍കിയ മറുപടിയെന്നും അന്ന് താന്‍ സ്‌ക്രിപ്റ്റില്‍ എഴുതി വെച്ച ഡയലോഗിന് പുറമെ തന്റെ കയ്യില്‍ നിന്നും കുറച്ച് ഡയലോഗുകള്‍ കൂടെ പറഞ്ഞുവെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കൈ കാല്‍ ആവതില്ലാത്തവനാണ് ദൈവമേ. ഈ പാവപ്പെട്ടവന് എന്തെങ്കിലും തരണേ. അമ്മാ, അമ്മോ. അമ്മ അമ്മ അമ്മോ. ചില്ലറയില്ലേല്‍ ചില്ലറ തരാം’ എന്നായിരുന്നു ഞാന്‍ പറഞ്ഞത്. ആ പാട്ട് അങ്ങോട്ട് ഹിറ്റായി. എനിക്ക് ഫ്രീഡം കിട്ടിയപ്പോള്‍ ഞാന്‍ അങ്ങോട്ട് അഴിഞ്ഞാടിയതാണ്.
എന്റെ ആ ഡയലോഗ് കേട്ടതും ക്യാമറാമാന്‍ ചിരിച്ചു. ആ ക്യാമറ ഷേക്കായി. കെ.പി. നമ്പ്യാതിരി ആയിരുന്നു ക്യാമറ. പിന്നെ വിശ്വംബരന്‍ ചേട്ടനും വലിയ ചിരിയായി. സെറ്റില്‍ കയ്യടിയും ചിരിയുമായി. പ്രൊഡ്യൂസര്‍ ചിരിച്ചിട്ട് കസേരയില്‍ നിന്നും താഴെ വീണു,’ ഹരിശ്രീ അശോകന്‍ പറയുന്നു.
പാര്‍വതി പരിണയം:
പി.ജി. വിശ്വംഭരന്‍ സംവിധാനം ചെയ്ത് 1995ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പാര്‍വതി പരിണയം. ആനി, മുകേഷ്, പ്രേംകുമാര്‍ എന്നിവരാണ് ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അന്ന് തിയേറ്ററില്‍ 80 ദിവസം പിന്നിട്ട സൂപ്പര്‍ഹിറ്റ് കോമഡി ചിത്രം കൂടിയായിരുന്നു പാര്‍വതി പരിണയം.
Content Highlight: Harisree Ashokan Talks About Parvathy Parinayam Movie