മലയാള സിനിമയിലെ വ്യത്യസ്തമാർന്ന ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, 1986-ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. 2019-ൽ പുറത്തിറങ്ങിയ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറി എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തും നടൻ അരങ്ങേറ്റം കുറിച്ചു. ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന ഓട്ടം തുള്ളൽ ആണ് താരത്തിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഷെഫ് നളൻ എന്ന യൂട്യൂബ് ചാനലിൽ തന്റെ സിനിമ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകൻ.
ഹരിശ്രീ അശോകൻ. Photo. Screen grab/ Youtube
താൻ ആദ്യമായി മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ച മാനത്തെ കൊട്ടാരം എന്ന സിനിമയുടെ ഓഡിഷൻ സമയത്ത് തനിക്ക് കോമഡി വേഷം അവതരിപ്പിക്കാനുള്ള ലുക്ക് ഇല്ലെന്ന് പറഞ്ഞു മാറ്റി നിർത്തിയതിനെക്കുറിച്ചും, പിന്നീട് ഒരു ഇമോഷണൽ സംഭാഷണം അവതരിപ്പിച്ചത് കണ്ട് സിനിമയിലേക്ക് തെരഞ്ഞെടുത്തതിനെക്കുറിച്ചും ഹരിശ്രീ അശോകൻ ഓർത്തെടുക്കുന്നു.
‘ഞാൻ ആദ്യമായിട്ട് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചത് മാനത്തെ കൊട്ടാരം എന്ന സിനിമയിലാണ്. അന്ന് ആ സിനിമയ്ക്ക് വേണ്ടി ദിലീപിനെയൊക്കെ വെച്ചിട്ട് എറണാകുളത്ത് ഒരു ഇന്റർവ്യൂ ഉണ്ടായിരുന്നു. അന്ന് എന്നെ കണ്ടപ്പോൾ ചിത്രത്തിന്റെ സംവിധായകൻ പറഞ്ഞത് ഇയാൾ വേണ്ട, ഇയാൾക്ക് ഒരു വില്ലൻ ലുക്കാണ് ഉള്ളത്, കോമഡി കഥാപാത്രം അവതരിപ്പിക്കാൻ പറ്റിയ ഒരു ഫിഗറല്ല എന്നാണ്. അത് എനിക്ക് ഭയങ്കര വിഷമമായി.
അങ്ങനെയിരിക്കെ അവിടെയുണ്ടായിരുന്ന എല്ലാവരോടും ഒരു ഇമോഷണൽ ഡയലോഗ് ചെയ്യാൻ പറഞ്ഞു. ഒടുവിൽ എന്നോടും അത് ചെയ്യാൻ ആവശ്യപ്പെട്ടു. ഞാൻ അത് ചെയ്തപ്പോൾ പെട്ടെന്ന് എന്റെ കണ്ണ് നിറഞ്ഞ് കണ്ണീരൊഴുകി. അത് സംവിധായകൻ ശ്രദ്ധിക്കുകയും, എന്നാൽ ഇയാളും ഇരിക്കട്ടെ എന്ന് പറയുകയുമായിരുന്നു. അങ്ങനെയാണ് ഞാൻ മാനത്തെ കൊട്ടാരത്തിൽ എത്തിപ്പെടുന്നത്,’ താരം പറഞ്ഞു.
പണ്ട് കാലത്ത് സിനിമയിൽ വില്ലൻ കഥാപാത്രങ്ങളടക്കം വ്യത്യസ്ത വേഷങ്ങൾ അവതരിപ്പിക്കാൻ താത്പര്യമുണ്ടായിരുന്നെങ്കിലും ഹാസ്യ വേഷങ്ങളായിരുന്നു തന്നെ തേടി കൂടുതലും വന്നിരുന്നതെന്നും, പിന്നീട് അനിയത്തിപ്രാവിലൂടെയാണ് ഒരു ഇമോഷണൽ സംഭാഷണം ചെയ്യുക എന്ന ആഗ്രഹം സാധ്യമായതെന്നും പറയുകയാണ് ഹരിശ്രീ അശോകൻ.
‘സിനിമയിൽ ഒരു കോൺസ്റ്റബിൾ വേഷം ചെയ്താൽ ജീവിതകാലം മുഴുവൻ പൊലീസ് ഐഡന്റിറ്റിയിൽ മാത്രം ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടുന്നത് പോലെയായിരുന്നു അതും. സിനിമയിൽ ചെയ്തതെല്ലാം കോമഡി വേഷങ്ങളായിരുന്നു. അപ്പോഴും മനസിനുള്ളിൽ ഒരു സെന്റിമെന്റൽ ഡയലോഗ് പറയണമെന്നും വില്ലൻ കഥാപാത്രം ചെയ്യണമെന്നുമൊക്കെ വലിയ ആഗ്രഹമുണ്ടായിരുന്നു. പിന്നീട് അനിയത്തിപ്രാവ് എന്ന സിനിമയിൽ ഫാസിൽ സാറാണ് ഒരു ഇമോഷണൽ ഡയലോഗ് ഒക്കെ തന്നത്. അപ്പോൾ വളരെ സന്തോഷം തോന്നി.
അന്നുമുതലേ അത്തരം ആഗ്രഹങ്ങൾ ഉണ്ടായിരുന്നുവെങ്കിലും അത് കിട്ടിത്തുടങ്ങാൻ പിന്നെയും കുറെ സമയമെടുത്തു. ഇപ്പോൾ പ്രതിച്ഛായ എന്ന ചിത്രത്തിൽ ഒരു സെമി-നെഗറ്റീവ് കഥാപാത്രമാണ് ചെയ്യുന്നത്. അത്തരം സ്വാതന്ത്ര്യത്തോടെ ഇപ്പോൾ സിനിമകൾ ചെയ്യാൻ സാധിക്കുന്നുണ്ട്. പ്രതിച്ഛായ സിനിമയിൽ ആ കഥാപാത്രത്തെ ഒന്നൊതുക്കി ചെയ്തോട്ടെ എന്ന് ഞാൻ സംവിധായകനോട് ചോദിച്ചിരുന്നു. അശോകന് ഇഷ്ടമുള്ളതുപോലെ ചെയ്തോളൂ എന്നാണ് അദ്ദേഹം പറഞ്ഞത്,’ നടൻ പറഞ്ഞു.
പണ്ട് തന്റെ ശബ്ദം ഡബ്ബിംഗിൽ വലിയ പ്രശ്നമായിരുന്നുവെന്നും, എന്നാൽ ഇന്ന് സിനിമയിൽ അത്തരം തടസങ്ങളൊന്നുമില്ലെന്നും ഹരിശ്രീ അശോകൻ വ്യക്തമാക്കുന്നു
‘പണ്ടൊക്കെ സിനിമയിൽ ഡബ്ബ് ചെയ്യുമ്പോൾ എന്റെ ശബ്ദത്തിന്റെ കര കരപ്പൊക്കെ വലിയ പ്രശ്നമായിരുന്നു. പക്ഷെ ഇന്ന് സിനിമയിൽ അങ്ങനത്തെ പ്രശ്നങ്ങളൊന്നുമില്ല. ഞാൻ തന്നെയാണ് ഇപ്പോൾ എന്റെ കഥാപാത്രങ്ങൾക്ക് ഡബ്ബ് ചെയ്യാറുള്ളത്. അത്തരത്തിൽ ഉള്ള സൗകര്യങ്ങൾ ഒക്കെ ഇന്ന് സിനിമയിൽ കിട്ടുന്നുണ്ട് ,’ ഹരിശ്രീ അശോകൻ പറഞ്ഞു.
ഹരിശ്രീ അശോകൻ. Photo. Screen grab/ Youtube