ഹരിശ്രീ എന്ന മിമിക്സ് ട്രൂപ്പിലൂടെ സിനിമയിലെത്തി മലയാളി പ്രേക്ഷകരുടെ മനസിൽ കയറിയ താരമാണ് ഹരിശ്രീ അശോകൻ. 1986 ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെ കരിയർ ആരംഭിച്ച താരം, ചെയ്ത ഓരോ കഥാപാത്രങ്ങളിലൂടെയും മലയാളത്തിലെ മികച്ച ഹാസ്യതാരമായി വളരുകയായിരുന്നു. കോമഡി മാത്രമല്ല ക്യാരക്ടർ റോളുകളും ഹരിശ്രീ അശോകനിപ്പോൾ നിസാരമാണ്.
ഒരുപിടി മികച്ച കഥാപാത്രങ്ങളുണ്ടെങ്കിലും സി.ഐ.ഡി മൂസയിലെ തൊരപ്പൻ കൊച്ചുണ്ണി എന്ന കഥാപാത്രം തനിക്കെന്നും പ്രിയ പെട്ടതാണെന്നും ഇന്നും അതെ എനർജിയിൽ തനിക്ക് ആ കഥാപാത്രം ചെയ്യാൻ കഴിയുമെന്നും പറയുകയാണ് ഹരിശ്രീ അശോകൻ. മൂവി മാൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.ഐ.ഡി മൂസ. Photo: YouTube/ Screengrab
‘ഞാൻ ഇന്നലെയാണ് അറിഞ്ഞത് സി.ഐ.ഡി മൂസ 2 ഉണ്ടെന്നും 2027-ൽ അത് റിലീസ് ചെയ്യുമെന്ന് പറഞ്ഞതും. ഇന്നലെ ഒരു ഇന്റർവ്യൂയിൽ എന്നോട് ചോദിച്ചു പഴയ പോലെ ഫ്ലെക്സിബിൾ ആയി ‘തൊരപ്പൻ കൊച്ചുണ്ണി’ എന്ന കഥാപാത്രം വീണ്ടും ചെയ്യാൻ കഴിയുമോ എന്ന്. എനിക്ക് യാതൊരു പ്രശ്നവുമില്ല. ഞാൻ ഇപ്പോഴും നടക്കും, എക്സസൈസ് ചെയ്യുന്നു, യോഗയും ഡയറ്റും എല്ലാം പാലിക്കുന്നു. ഞാൻ അത് ചെയ്യും… ചിലപ്പോൾ അതിനേക്കാൾ ഭംഗിയായി തന്നെ ചെയ്യും.
‘തൊരപ്പൻ കൊച്ചുണ്ണി’ എന്ന കഥാപാത്രം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രങ്ങളിൽ ഒന്നാണ്. അത് ചെയ്യുമ്പോൾ തന്നെ വലിയൊരു ത്രില്ല് അനുഭവമായിരുന്നു. പഞ്ചാബി ഹൗസ്, പറക്കും തളിക പോലുള്ള സിനിമകൾ ചെയ്യുമ്പോഴും ഇതുപോലെ തന്നെയായിരുന്നു അനുഭവം. ‘പഞ്ചാബി ഹൗസ്’ ഷൂട്ട് ഉള്ള ദിവസങ്ങളിൽ ഒന്ന് നേരം വെളുക്കാൻ കാത്തിരിക്കുമായിരുന്നു വേഗം ഷൂട്ടിലേക്ക് പോകാൻ.
നമ്മൾ വിഷുവിന് പടക്കം പൊട്ടിക്കും, കുറച്ച് പടക്കം എടുത്ത് മാറ്റി വെക്കും, വെളുപ്പിന് പൊട്ടിക്കാൻ. അപ്പോൾ ഉറക്കം വരില്ല. ഒന്ന് നേരം വെളുത്താൽ മതിയായിരുന്നു എന്ന് ചിന്തിക്കും ഇതുപോലെയായിരുന്നു എനിക്ക് ഒന്ന് രാവിലെ ആയാൽ ഷൂട്ടിന് പോവാലോ എന്ന ചിന്തയാണ്.
ഹരിശ്രീ അശോകൻ, Photo: Harisree Ashokan/ Facebook
അതിനൊക്കെ കാരണം ആ സിനിമയോടുള്ള കൊതിയാണ്. അങ്ങനെ ആഗ്രഹത്തോടെ ചെയ്ത സിനിമയാണ് സി.ഐ.ഡി മൂസ. ആ കഥാപാത്രം എനിക്ക് വളരെ ഇഷ്ടപ്പെട്ട ഒന്നാണ്. ഞാൻ ഇതുവരെ ചെയ്തതിൽ നിന്ന് വ്യത്യസ്തമായ ഒരു കഥാപാത്രം കൂടിയാണ് അത്,’ ഹരിശ്രീ അശോകൻ പറഞ്ഞു.
ജോണി ആന്റണിയുടെ സംവിധാനത്തിൽ ദിലീപ്, മുരളി, ജഗതി ശ്രീകുമാർ, ഹരിശ്രീ അശോകൻ, ഭാവന എന്നിവർ പ്രധാനവേഷങ്ങളിൽ എത്തിയ ചിത്രം ഗ്രാന്റ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ്, അനൂപ് എന്നിവർ ചേർന്നാണ് നിർമിച്ചത്.
Content Highlight: Harisree Ashokan talk about the movie CID Moosa