മിമിക്രി രംഗത്ത് നിന്ന് സിനിമയിലേക്കെത്തി പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ നടനാണ് ഹരിശ്രീ അശോകന്‍. 1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പനിലൂടെയാണ് ഹരിശ്രീ അശോകന്‍ സിനിമാലോകത്തേക്കെത്തിയത്. പിന്നീട് നിരവധി സിനിമകളില്‍ പേരില്ലാത്ത കഥാപാത്രങ്ങളെ അവതരിപ്പിച്ച ഹരിശ്രീ അശോകന്‍ 1990കളുടെ അവസാനത്തോടെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടു.
2000 മുതല്‍ പിന്നീടങ്ങോട്ട് നീണ്ട കാലം കോമഡി വേഷങ്ങളില്‍ ഹരിശ്രീ അശോകന്റെ അഴിഞ്ഞാട്ടം തന്നെയായിരുന്നു. മലയാള സിനിമ മാറിയതിനൊപ്പം തന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്റെ കാര്യത്തിലും അദ്ദേഹം ട്രാക്ക് മാറ്റി. അടുത്തിടെയായി ഹരിശ്രീ അശോകന്‍ തെരഞ്ഞെടുത്ത കഥാപാത്രങ്ങള്‍ പലരെയും ഞെട്ടിച്ചിരുന്നു. കേരള ക്രൈം ഫയല്‍സിലെ അയ്യപ്പന്‍ അത്തരത്തിലൊന്നാണ്.
ഹരിശ്രീ അശോകന്‍ Photo: Screen grab/ Ginger Media Entertainments
ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ താന്‍ നടത്തിയ സ്‌റ്റേജ് ഷോയെക്കുറിച്ചുള്ള അനുഭവം പങ്കുവെക്കുകയാണ് അദ്ദേഹം. സിനിമയിലെത്തിയ സമയത്തും താന്‍ സ്റ്റേജ് ഷോകള്‍ ചെയ്യാറുണ്ടായിരുന്നെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. എറണാകുളത്ത് ഒരു ഓണക്കാലത്തായിരുന്നു ആ പരിപാടിയെന്നും താന്‍ ചോദിച്ചുവാങ്ങിയ പ്രോഗ്രാമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു താരം.
‘എന്റെ ഒരു സുഹൃത്ത് വഴിയാണ് ആ പ്രോഗ്രാം ഏറ്റത്. ആ പ്രോഗ്രാം ചെയ്യാന്‍ വേണ്ടി വേറൊരു ടീം പ്ലാന്‍ ചെയ്തിരുന്നു. അത് നടക്കാത്തതില്‍ അവര്‍ക്ക് നിരാശയുണ്ടായിരുന്നു. തിരുവോണത്തിന്റെ അന്ന് ബീച്ചില്‍ വെച്ചാണ് പരിപാടി നടത്തേണ്ടിയിരുന്നത്. പാട്ട്, ഡാന്‍സ്, മിമിക്രി അങ്ങനെ എല്ലാം ആ ഷോയിലുണ്ടായിരുന്നു. പരിപാടിയുടെ അന്ന് ഞങ്ങളെല്ലാവരും അവിടെ എത്തി. പക്ഷേ, ഡാന്‍സിന്റെ ആളുകള്‍ മാത്രം വന്നില്ല.
ഞാന്‍ വിളിച്ച് ചോദിച്ചപ്പോള്‍ അവര്‍ ബ്ലോക്കില്‍ പെട്ട് കിടക്കുകയാണെന്ന് പറഞ്ഞു. വണ്ടിയില്‍ വെച്ച് തന്നെ ഡ്രസ് മാറാന്‍ പറഞ്ഞിട്ട് പാട്ട് പാടി സ്റ്റേജ് ഷോ ആരംഭിച്ചു. കറക്ട് സമയത്ത് ഡാന്‍സിന്റെ ടീമും അവിടെയെത്തി പരിപാടി തുടങ്ങി. ഈ സമയം മുഴുവന്‍ സ്റ്റേജിന്റെ മുന്നില്‍ ഒരു ടീം കൂവുകയായിരുന്നു. എന്ത് ചെയ്തിട്ടും അത് നിര്‍ത്തുന്നില്ല. ആ സ്ത്രീയുടെ ഏര്‍പ്പാടാണ് അതെന്ന് മനസിലായി. അവരുടെ പേര് ഞാന്‍ പറയുന്നില്ല.
സാധാരണ എന്റെ ഐറ്റം തുടങ്ങുന്നതിന് മുമ്പ് ഞാന്‍ സ്റ്റേജില്‍ കയറി പ്രസംഗം തുടങ്ങി. അഞ്ച് മിനിറ്റ് നിര്‍ത്താതെ സംസാരിച്ചപ്പോഴാണ് അവര്‍ കൂവുന്നത് നിര്‍ത്തിയത്. അങ്ങനെ സ്റ്റേജിന്റെ എല്ലാ അനുഭവവും നേരിട്ടിട്ടാണ് ഞാന്‍ ഇവിടം വരെ എത്തിയത്,’ ഹരിശ്രീ അശോകന്‍ പറയുന്നു.
ഹരിശ്രീ അശോകന്‍ ഭാഗമായ ഏറ്റവും പുതിയ ചിത്രമാണ് പ്രതിഛായ. നിവിന്‍ പോളിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമാണ് ഹരിശ്രീ അശോകന്റേത്.
Content Highlight: Harisree Ashokan sharing old incident about his stage show
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ