| Friday, 31st July 2026, 3:29 pm

ഞാൻ പറഞ്ഞ ആ ഡയലോഗിന് സെറ്റ് മുഴുവൻ കൈയടിച്ചു, വലിയൊരു അവാർഡ് കിട്ടിയതുപോലെ ആയിരുന്നു എനിക്ക് അത്: ഹരിശ്രീ അശോകൻ

നന്ദന. ടി

മലയാള സിനിമയിലെ വ്യത്യസ്തമാർന്ന ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരനായി മാറിയ നടനാണ് ഹരിശ്രീ അശോകൻ. ഇരുനൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം, 1986-ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലൂടെയാണ് തന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. തുടർന്ന് 1994-ൽ പുറത്തിറങ്ങിയ പാർവതി പരിണയം എന്ന ചിത്രത്തിൽ താരം അവതരിപ്പിച്ച യാചകന്റെ വേഷം കരിയറിലെ വലിയൊരു വഴിത്തിരിവായി മാറി. ഇപ്പോഴിതാ ആ സിനിമയിലേക്ക് എത്തിപ്പെട്ടതിനെക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെക്കുകയാണ് അദ്ദേഹം. ആനീസ് കിച്ചണിൽ സംസാരിക്കുകയായിരുന്നു ഹരിശ്രീ അശോകൻ.

പാർവതി പരിണയം എന്ന സിനിമയിൽ മൂന്ന് സീനുകൾ മാത്രമുള്ളതുകൊണ്ട് അതിൽ അഭിനയിക്കാൻ തനിക്ക് ഒട്ടും താല്പര്യമില്ലായിരുന്നുവെന്നും, എന്നാൽ നടൻ ദിലീപിന്റെ നിർബന്ധം കാരണം മാത്രമാണ് പിന്നീട് ആ സിനിമ ചെയ്യാൻ തയ്യാറായതെന്നും താരം ഓർത്തെടുക്കുന്നു.

ഹരിശ്രീ അശോകൻ. Photo. Screen grab/Youtube

‘പാർവതി പരിണയം എന്ന സിനിമയിൽ ഞാൻ അഭിനയിക്കുമായിരുന്നില്ല. കാരണം ആകെ മൂന്ന് സീനുകൾ മാത്രമേ അതിൽ ഉണ്ടായിരുന്നുള്ളൂ. അതേസമയം ഞാൻ ദിലീപുമൊന്നിച്ച് മറ്റൊരു സിനിമ ചെയ്യുന്നുണ്ടായിരുന്നു, അതിൽ എനിക്കൊരു മുഴുനീള കഥാപാത്രവും ഉണ്ടായിരുന്നു. പാർവതി പരിണയത്തിലേക്ക് എന്നെ വിളിക്കാൻ കാരണം ദിലീപായിരുന്നു. ആ കഥാപാത്രം അശോകേട്ടൻ ചെയ്താൽ നന്നാവും എന്ന് അവനാണ് പറയുന്നത്. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. എന്നാൽ ഞാൻ അപ്പോൾ തന്നെ ദിലീപിനോട് പറഞ്ഞു, ആ കഥാപാത്രം ഞാൻ ചെയ്താൽ ശരിയാവില്ല, ആകെ ഒരു മൂന്ന് സീൻ മാത്രമേ ഉള്ളൂ, അത് വെച്ച് ഞാൻ എന്ത് ചെയ്യാനാണ് എന്ന്. പക്ഷേ ചേട്ടൻ ആ കഥാപാത്രം ചെയ്താൽ ഗംഭീരമാകും, എന്തായാലും പോകണം എന്ന് ദിലീപ് നിർബന്ധം പിടിച്ചതുകൊണ്ട് ചെയുന്നത്.

തന്റെ പരിചയത്തിലുള്ള ഒരു ഭിക്ഷക്കാരന്റെ ചില ശീലങ്ങൾ കടമെടുത്താണ് സിനിമയിലെ ആ യാചക കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും, ടേക്കിനിടയിൽ അപ്രതീക്ഷിതമായി കൈയിൽ നിന്ന് എടുത്തുചെയ്ത ചില കാര്യങ്ങൾ സെറ്റിൽ ചിരി പടർത്തുകയും പിന്നീട് തന്റെ കരിയറിലെ വലിയൊരു വഴിത്തിരിവായി ആ സിനിമ മാറുകയും ചെയ്തുവെന്നും താരം പറയുന്നു.

‘ഞാൻ ഷൂട്ടിംഗ് സെറ്റിൽ ചെന്നപ്പോൾ എന്നോട് പറഞ്ഞത് അമ്മേ വല്ലതും തരണേ എന്നൊരു ഡയലോഗ് മാത്രമേ ഉള്ളൂ എന്നാണ്. എന്നാൽ ഞാൻ ഇതെങ്ങനെ പറയും എന്ന് വിചാരിച്ചു നിൽക്കുമ്പോഴാണ് എന്റെ വീടിന് അടുത്തുള്ള ഒരു ഭിക്ഷക്കാരനെ ഓർമവന്നത്. അയാൾ എന്റെ പഴയൊരു കൂട്ടുകാരനും കൂടിയായിരുന്നു. അങ്ങനെ പുള്ളി പറയുന്ന ചില രീതികൾ കടമെടുത്താണ് ഞാൻ അവിടെ അഭിനയിച്ചത്. അങ്ങനെ ഡയലോഗ് പറഞ്ഞ സമയത്ത് അവസാനം അമ്മേ അമ്മേ എന്ന് നീട്ടിവിളിച്ചപ്പോൾ ഹംമ്മ ഹംമ്മ എന്ന പാട്ട് കേറിവന്നത്. ടേക്കിന്റെ സമയത്ത് അപ്രതീക്ഷിതമായി കയറി വന്നതായിരുന്നു അത്.

എന്നിട്ട് ഞാൻ ആ ഡയലോഗ് പറഞ്ഞപ്പോൾ ക്യാമറാമാന്റെ കൈയിൽ നിന്നും ക്യാമറ അദ്ദേഹത്തിന് ചിരി അടക്കാനാവാതെ ഷേക്ക് ആയി. സിനിമയുടെ പ്രൊഡ്യൂസർ ചിരിച്ചിട്ട് അവിടെ പൂഴിമണലിൽ വീണുപോയി. അങ്ങനെ മൊത്തം സെറ്റിൽ ഒരു കൈയടിയായിരുന്നു. എനിക്ക് ജീവിതത്തിൽ ആദ്യമായിട്ട് ഒരു അവാർഡ് കിട്ടിയ ഒരു ഫീൽ ആയിരുന്നു അന്ന്. പിന്നീട വെറും മൂന്ന് സീൻ ഉണ്ടായിരുന്നത് അവർ ഒമ്പത് സീനാക്കി നീട്ടി. എന്റെ സിനിമാ ജീവിതത്തിലെ ഒരു പ്രധാന വഴിത്തിരിവ് കൂടിയായിരുന്നു ആ സിനിമ,’ ഹരിശ്രീ അശോകൻ പറഞ്ഞു.

ഹരിശ്രീ അശോകൻ. പാർവതി പരിണയം. Photo. Screen Grab/ Youtube

Content Highlight: Harisree Ashokan sharing memories of his beggar character from parvathy parinayam movie

നന്ദന. ടി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more