| Tuesday, 5th August 2025, 8:47 am

ലാലേട്ടന്‍ പറഞ്ഞതില്‍ എന്താണ് തമാശയെന്ന് ആലോചിച്ചു, തിയേറ്ററില്‍ ആ സീനിന് വന്‍ കൈയടിയായിരുന്നു: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരില്‍ പ്രധാനിയാണ് ഹരിശ്രീ അശോകന്‍. കരിയറിന്റെ തുടക്കത്തില്‍ ചെറിയ വേഷങ്ങള്‍ മാത്രം ചെയ്ത താരം പിന്നീട് മുഴുനീളവേഷവും ചേരുമെന്ന് തെളിയിച്ചു. പല ചിത്രങ്ങളിലും തന്റെ സ്വതസിദ്ധമായ നര്‍മം കൊണ്ട് പ്രേക്ഷകരെ കൈയിലെടുക്കാന്‍ ഹരിശ്രീ അശോകന് സാധിച്ചിട്ടുണ്ട്. കരിയറില്‍ ചെയ്ത 90 ശതമാനം സിനിമകളിലും താടിയോടെയാണ് താരം സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടത്.

മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടിയോടൊപ്പവും മോഹന്‍ലാലിനൊപ്പവും അഭിനയിച്ചതിന്റെ അനുഭവം പങ്കുവെക്കുകയാണ് താരം. കുസൃതി എന്ന സിനിമക്ക് ശേഷമാണ് താന്‍ രാക്ഷസ രാജാവിലേക്ക് പോയതെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. എന്നാല്‍ കുസൃതിയുടെ ഷൂട്ട് ബാക്കിയുള്ളതിനാല്‍ താടി വടിക്കാന്‍ പറ്റിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘പൊലീസ് വേഷമായതുകൊണ്ട് താടിയെടുക്കേണ്ടി വരും. എന്നാല്‍ അങ്ങനെ ചെയ്താല്‍ കുസൃതിയുടെ കണ്ടിന്യൂറ്റി പോകും. എന്ത് ചെയ്യുമെന്ന് ഞാന്‍ അതിന്റെ റൈറ്റര്‍ സുനിലിനോട് ചോദിച്ചു. ഈ റോള്‍ മിസ്സാക്കാന്‍ പറ്റില്ല. കുസൃതിയില്‍ ലീഡ് റോള്‍ ഞാനാണ്. ‘നീ മമ്മൂക്കയോട് ചോദിക്ക്, പുള്ളി എന്താ പറയുന്നതെന്ന് നോക്കാം’ എന്ന് പറഞ്ഞു. മമ്മൂക്കക്ക് അതില്‍ പ്രശ്‌നമില്ലായിരുന്നു.

ആദ്യത്തെ ഷൂട്ട് ഉദയാ സ്റ്റുഡിയോയിലായിരുന്നു. ഞാന്‍ വണ്ടിയില്‍ നിന്ന് ഇറങ്ങി വന്നപ്പോള്‍ മമ്മൂക്കയും കുറച്ച് ആള്‍ക്കാരും അവിടെയിരുന്ന് സംസാരിക്കുകയായിരുന്നു. എന്നെ കണ്ടതും മമ്മൂക്കയടക്കം എല്ലാവരും എഴുന്നേറ്റ് നിന്ന് തൊഴുതു. അതോടെ എന്റെ കൈയീന്ന് പോയി. ആ സമയത്ത് താടിയുടെ കൂടെ മുടിയും വളര്‍ത്തിയിട്ടുണ്ടായിരുന്നു. അത് കണ്ടപ്പോള്‍ ‘താടിയോ വടിക്കുന്നില്ല, മുടിയെങ്കിലും കുറച്ചൂടെ, പൊലീസ് റോളാണ്’ എന്ന് മമ്മൂക്ക പറഞ്ഞു. അദ്ദേഹത്തോട് കാര്യങ്ങള്‍ അവതരിപ്പിച്ചു,’ ഹരിശ്രീ അശോകന്‍ പറയുന്നു.

മോഹന്‍ലാലുമൊത്തുള്ള ഷൂട്ടും വളരെ മനോഹരമായിരുന്നെന്നും ആദ്യമായി അദ്ദേഹത്തോടൊപ്പം അഭിനയിച്ചത് ബാലേട്ടനിലായിരുന്നെന്നും താരം പറഞ്ഞു. ഒരു സീന്‍ ഷൂട്ട് ചെയ്ത സമയത്ത് ഒരുപാട് ആളുകള്‍ ചുറ്റിലും കൂടിയപ്പോള്‍ താന്‍ ടെന്‍ഷനായെന്നും ഡയലോഗ് തെറ്റിയെന്നും ഹരിശ്രീ അശോകന്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മോഹന്‍ലാല്‍ ആ സമയത്ത് തന്നെ ഓക്കെയാക്കിയെന്നും താരം പറഞ്ഞു.

‘ആ പടത്തില്‍ ആല്‍ത്തറയിലുള്ള സീനുണ്ടല്ലോ. ലാലേട്ടനെ ഓടിച്ചിട്ട് പിടിക്കുന്ന സീന്‍ ഷൂട്ട് ചെയ്തത് രസമായിരുന്നു. ഷോട്ടിന് മുമ്പ് ലാലേട്ടന്‍ എന്നെ അടുത്തേക്ക് വിളിച്ചു. ‘ഈ സീനില്‍ ഞാന്‍ മുണ്ട് കറക്ടാക്കുമ്പോള്‍ നീയും മുണ്ട് കറക്ടാക്ക്. ഞാന്‍ എന്തൊക്കെ ചെയ്യുന്നോ, അത് മുഴുവന്‍ നീയും ചെയ്‌തോ’ എന്ന് പുള്ളി പറഞ്ഞു. എന്താണ് അതിലെ കോമഡിയെന്ന് മനസിലായില്ല. പക്ഷേ, അത് ചെയ്തു. തിയേറ്ററില്‍ ആ സീനിന് വന്‍ കൈയടിയായിരുന്നു,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content Highlight: Harisree Ashokan shares the shooting experience with Mammootty and Mohanlal

We use cookies to give you the best possible experience. Learn more