| Sunday, 20th September 2026, 2:18 pm

സൂക്ഷിച്ച് നോക്കണ്ടെടാ ഉണ്ണീ എന്ന ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നു, ആ സമയത്ത് ക്രൂവിലെ ഒരാളുടെ സജഷനായിരുന്നു അത്: ഹരിശ്രീ അശോകന്‍

അമര്‍നാഥ് എം.

കോമഡി റോളുകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടംപിടിച്ച നടനാണ് ഹരിശ്രീ അശോകന്‍. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം ഒട്ടനവധി ഐക്കോണിക് കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചു. സമീപകാലത്തായി സീരിയസ് റോളുകളിലാണ് താരം ശ്രദ്ധ നല്‍കുന്നത്. കേരള ക്രൈം ഫയല്‍സിലെ അയ്യപ്പന്‍ അതിന് ഉദാഹരണമാണ്.

ഹരിശ്രീ അശോകന്റെ കരിയറിലെ ഗംഭീര കഥാപാത്രങ്ങളിലൊന്നാണ് ഈ പറക്കും തളികയിലെ സുന്ദരന്‍. ദിലീപിനൊപ്പം ആദ്യാവസാനം നിറഞ്ഞുനിന്ന ഈ കഥാപാത്രത്തിന് ഇന്നും വലിയൊരു ഫാന്‍ബേസുണ്ട്. ചിത്രത്തില്‍ ഇന്നും പലരുടെയും ഫേവറെറ്റാണ് കൊച്ചിന്‍ ഹനീഫയുടെ കഥാപാത്രത്തിന്റെ വീട്ടില്‍ വെച്ചുള്ള കോമഡി ഫൈറ്റ്.

കോമിക്‌സില്‍ കാണുന്നതുപോലെയുള്ള ഈ സീനിന്റെ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍. മൂന്ന് ദിവസമെടുത്താണ് ആ രംഗം ഷൂട്ട് ചെയ്തതെന്ന് ഹരിശ്രീ അശോകന്‍ പറഞ്ഞു. ഓരോ സെഗ്മെന്റായിട്ടാണ് ആ സീന്‍ ചിത്രീകരിച്ചതെന്നും ക്രൂവിലെ എല്ലാവരുടെയും സഹകരണമുണ്ടായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഐക്കോണിക് ഡയലോഗായ ‘സൂക്ഷിച്ച് നോക്കണ്ട ഉണ്ണീ’ സ്‌ക്രിപ്റ്റില്‍ ഇല്ലായിരുന്നെന്നും താരം പറയുന്നു. ക്ലബ്ബ് എഫ്.എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സൂക്ഷിച്ച് നോക്കണ്ടടാ ഉണ്ണീ, എന്ന ഡയലോഗ് സ്‌ക്രിപ്റ്റില്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെയുള്ള കോമഡികളൊക്കെ സ്‌പോട്ടില്‍ ഇംപ്രൊവൈസ് ചെയ്യുന്നതാണ്. ക്രൂവിലുണ്ടായിരുന്ന ക്യാമറ അസിസ്റ്റന്റ് വരെ നമുക്ക് സജഷന്‍ തരും. അങ്ങനെ കൂട്ടായിട്ടുള്ള ചര്‍ച്ചയിലൂടെയാണ് പല ഡയലോഗുകളും ഉണ്ടായിട്ടുള്ളത്.

അതുപോലെ ആ സീനില്‍ എറിഞ്ഞുടച്ച മുട്ടകള്‍ക്ക് കൈയും കണക്കുമില്ല. ഏതാണ്ട് ആയിരം മുട്ടകള്‍ പൊട്ടിച്ചിട്ടുണ്ടാകും. എറിയുന്നതിന്റെയും അതിന്റെ റിയാക്ഷനുമൊക്കെ കിട്ടാന്‍ വേണ്ടി മൂന്നും നാലും ടേക്ക് പോയിട്ടുണ്ടായിരുന്നു. ഇത് കറക്ടായി കിട്ടണമല്ലോ, അല്ലെങ്കില്‍ നമ്മള്‍ ഉദ്ദേശിച്ച റിസല്‍ട്ട് കിട്ടില്ല. അങ്ങനെയാണ് ആയിരം മുട്ടയായത്.

ലൈറ്റ് ബോയ്‌സിന് താമസിക്കാന്‍ ഏര്‍പ്പാടാക്കിയ വീടായിരുന്നു അത്. ഈ സീന്‍ ഷൂട്ട് ചെയ്തതിന് ശേഷം മൂന്ന് ദിവസം മുട്ടയുടെ സ്‌മെല്‍ പോയിട്ടില്ലായിരുന്നു. അത് കാരണം അവര്‍ക്ക് അവിടെ താമസിക്കാനും പറ്റിയില്ല. എന്തൊക്കെ ചെയ്തിട്ടും മുട്ടയുടെ മണം പോകുന്നില്ല, അവര് അവിടുന്ന് മാറി വേറെ സ്ഥലത്ത് താമസിച്ചു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളല്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ജി. മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ണന്‍, വിജയരാഘവന്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങി വലിയ താരനിര അണിനിരന്നിട്ടുണ്ട്. കോമഡി സ്റ്റാര്‍സിലൂടെ ശ്രദ്ധ നേടിയ ബിനു ശശിറാമാണ് ചിത്രത്തിന്റെ തിരക്കഥ.

Content Highlight: Harisree Ashokan shares the shooting experience of Ee Parakkum Thalika movie

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more