| Tuesday, 26th May 2026, 12:08 pm

ഇതുവരെ ചെയ്യാത്ത വേഷമെന്ന് പറഞ്ഞ് വിളിച്ചു, സെറ്റില്‍ ചെന്നപ്പോള്‍ ഹീറോ എത്തിയെന്ന് മമ്മൂക്കയുടെ ഡയലോഗും: ഹരിശീ അശോകന്‍

അമര്‍നാഥ് എം.

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ താരങ്ങളിലൊരാളാണ് ഹരിശ്രീ അശോകന്‍. ചെറിയ വേഷങ്ങളിലൂടെ കരിയറാരംഭിച്ച ഹരിശ്രീ അശോകന്‍ പിന്നീട് മലയാളത്തിലെ മികച്ച ഹാസ്യതാരങ്ങളിലൊരാളായി മാറി. ഇടക്ക് സിനിമയില്‍ നിന്ന് വിട്ടുനിന്ന അദ്ദേഹം തിരിച്ചുവരവില്‍ സിനിമാപ്രേമികളെ ഞെട്ടിക്കുകയാണ്. കോമഡി റോളുകള്‍ക്ക് പകരം ക്യാരക്ടര്‍ റോളുകളിലാണ് ഹരിശ്രീ അശോകന്‍ ഇപ്പോള്‍ തിളങ്ങുന്നത്.

ഹരിശ്രീ അശോകന്‍ Photo: Screen grab/ One2 Talks

പറവയിലെ വേഷത്തിലൂടെയാണ് ഹരിശ്രീ അശോകന്‍ ക്യാരക്ടര്‍ റോളുകളില്‍ ചുവടുറപ്പിച്ചത്. കേരള ക്രൈം ഫയല്‍സിലെ അയ്യപ്പന്‍, പ്രതിച്ഛായയിലെ പുരുഷോത്തമന്‍ എന്നിവ അദ്ദേഹത്തിലെ നടനെ അടയാളപ്പെടുത്തുന്നവയാണ്. വ്യത്യസ്തമായ വേഷങ്ങള്‍ ചെയ്യാനാണ് ഇനി പ്ലാനെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു.

കരിയറില്‍ തനിക്ക് വെല്ലുവിളിയുയര്‍ത്തിയ വേഷങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. ബാവൂട്ടിയുടെ നാമത്തില്‍ എന്ന ചിത്രത്തിലെ വേഷം അത്തരത്തിലൊന്നായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലേക്ക് തന്നെ ആദ്യം വിളിച്ചത് പ്രൊഡക്ഷന്‍ കണ്‍ട്രോളറായിരുന്നെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. വണ്‍ ടു ടോക്‌സിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബാവൂട്ടിയുടെ നാമത്തില്‍ Photo: Screen grab/ Mammootty Online

‘അവന്‍ വിളിച്ചിട്ട് ‘ചേട്ടാ, ഇതുവരെ ചെയ്യാത്ത വേഷമാണ്’ എന്നായിരുന്നു പറഞ്ഞത്. എനിക്ക് അത് കേട്ടതും എന്തോ പോലെയായി. എന്താണ് റോളെന്ന് ചോദിച്ചപ്പോള്‍ സെറ്റിലെത്തിയിട്ട് പറയാമെന്നായിരുന്നു മറുപടി. ജി.എസ്. വിജയന്‍ സംവിധാനവും രഞ്ജി സാര്‍ തിരക്കഥയും ചെയ്യുന്ന പടമായതുകൊണ്ട് നല്ല കഥയാണെന്ന് ഉറപ്പായിരുന്നു.

സെറ്റിലെത്തിയപ്പോള്‍ രഞ്ജി സാര്‍ എന്നെ അടുത്തേക്ക് വിളിച്ചു. അദ്ദേഹത്തോട് എന്താണ് വേഷമെന്ന് ചോദിച്ചപ്പോള്‍ ഇതുവരെ ചെയ്യാത്ത റോള്‍ എന്ന് മാത്രം പറഞ്ഞു. എനിക്ക് ടെന്‍ഷനായി. അപ്പോള്‍ അദ്ദേഹം കഥ മുഴുവന്‍ പറഞ്ഞുതന്നു. കഥ മൊത്തം കേട്ടപ്പോള്‍ ഞാന്‍ തളര്‍ന്നുപോയി. ഇത് എന്നെക്കൊണ്ട് ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ‘അശോകിന് പറ്റും’ എന്നായിരുന്നു രഞ്ജി സാര്‍ പറഞ്ഞത്. എയര്‍പോര്‍ട്ടില്‍ ഡോളറൊക്കെ മാറ്റുന്ന ഇത്തരം ആളുകളുണ്ടെന്നും മുക്കാ പാന്റൊക്കെയാണ് അവരുടെ ഡ്രസ്സെന്നും സാറ് പറഞ്ഞു.

അങ്ങനെ സെറ്റിലെത്തി കോസ്റ്റിയൂമൊക്കെ ഇട്ട് റെഡിയായി. ഞാന്‍ റെഡിയായി വന്നപ്പോള്‍ മമ്മൂക്ക അവിടെ എത്തിയിരുന്നു. ‘ങാ.. അലവി എത്തിയല്ലോ’ എന്ന് ഉറക്കെ വിളിച്ച് പറഞ്ഞു. ‘നീയാണ് ഈ പടത്തിലെ ഹീറോ’ എന്ന് എന്നോട് പറഞ്ഞു. അതാണ് പുള്ളിയുടെ സ്വഭാവം,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content Highlight: Harisree Ashokan shares the shooting experience of Bavuttiyude Namathil movie

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.

ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം

Latest Stories

We use cookies to give you the best possible experience. Learn more