| Monday, 4th August 2025, 3:37 pm

വിദ്യാബാലന്‍ ചെയ്ത റീല്‍ കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി; രസമായിട്ട് അവര്‍ ചെയ്തിട്ടുണ്ട്: ഹരിശ്രീ അശോകന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

റാഫി മെക്കാര്‍ട്ടിന്‍ രചനയും സംവിധാനവും നിര്‍വഹിച്ച് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് പഞ്ചാബി ഹൗസ്. സിനിമയില്‍ കാണികളെ ഏറെ ചിരിപ്പിച്ച് ഐക്കോണിക്കായി മാറിയ കഥാപാത്രമാണ് ഹരിശ്രീ അശോകന്‍ അവതരിപ്പിച്ച രമണന്‍. ട്രോളുകളിലും മീമുകളിലും ഇപ്പോള്‍ നിറഞ്ഞു നില്‍ക്കുന്ന ഒന്നാണ് ഹരിശ്രീ അശോകന്‍ അനശ്വരമാക്കിയ രമണന്‍.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പഞ്ചാബി ഹൗസിലെ ഒരു നര്‍മ രംഗം വിദ്യാബാലന് റീലായി അവതരിപ്പിക്കുകയും, നിമിഷ നേരം കൊണ്ട് അത് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയും ചെയ്തിരുന്നു. ‘എനിക്ക് ചപ്പാത്തി വേണ്ട ചോറ് മതി’ എന്ന് ഹരീശ്രാ അശോകന്‍ പറയുന്ന രംഗമാണ് വിദ്യ ബാലന്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ താന്‍ വിദ്യബാലന്‍ ചെയ്ത റീല്‍ കണ്ടിരുന്നുവെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. ക്യൂ സ്റ്റുഡിയോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ രമണന്റെ ഒരു റീല്‍ വിദ്യാബാലന്‍ ചെയ്തു കണ്ടു. അത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം തോന്നി. കാരണം അത്രയും വലിയൊരു നടി നമ്മുടെ പഞ്ചാബി ഹൗസ് എന്ന സിനിമയിലെ എന്റെ ക്യാരക്ടറിന്റെ ഡയലോഗ് എടുത്തിട്ട് പറയുക എന്നുണ്ടെങ്കില്‍ സന്തോഷമാണ്. ഭയങ്കര രസമായിട്ട് അത് ചെയ്യ്തിട്ടുണ്ട്. ലിപ് സിങ്ക് ഒക്കെ നല്ല രസമായിട്ട് വന്നിട്ടുണ്ട്. ആ റീല്‍ എനിക്ക് കുറെ ആളുകള്‍ അയച്ചു തന്നിരുന്നു,’ ഹരിശ്രീ അശോകന്‍ പറയുന്നു.

സിനിമയുടെ കഥ സംവിധായകന്‍ പറഞ്ഞപ്പോഴുള്ള ഓര്‍മകളും ഹരിശ്രീ അശോകന്‍ പങ്കുവെച്ചു.

‘ഈ കഥ എന്നോട് റാഫി മെക്കാര്‍ട്ടിന്‍ പറഞ്ഞത് ഹൈവേ ഗാര്‍ഡനില്‍ വെച്ചിട്ടാണ്. അത് കേട്ട് കഴിഞ്ഞപ്പോള്‍ ഞാന്‍ പറഞ്ഞു ഇത് ഹിറ്റാണെന്ന്. ഫസ്റ്റ് ഞാന്‍ പറഞ്ഞ ഡയലോഗ് ഇത് ഹിറ്റാണെന്നായിരുന്നു. അപ്പോള്‍ മെക്കാര്‍ട്ടിന്‍ പറഞ്ഞു, നിങ്ങളുടെ നാവ് പൊന്നാകട്ടെ എന്ന്. ഫസ്റ്റ് ഷോട്ട് എടുക്കുന്ന സമയത്ത് ഞാന് അവിടെ ഇല്ല. ഇടക്കൊച്ചി വീട്ടില്‍ വെച്ചാണ്, പഞ്ചാബി ഹൗസില്‍ വെച്ചിട്ടാണ് എന്റെ ഷോട്ട് എടുക്കുന്നത്,’ ഹരിശ്രീ അശോകന്‍ പറയുന്നു.

Content Highlight: Harisree Ashokan says that he had seen the reel made by Vidya Balan

We use cookies to give you the best possible experience. Learn more