മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനായ നടനാണ് ഹരിശ്രീ അശോകന്‍. ചെറുതും വലുതുമായ വേഷങ്ങളിലൂടെ മലയാളികളെ ഒരുപാട് ചിരിപ്പിച്ച നടനാണ് അദ്ദേഹം. 90കളില്‍ കരിയര്‍ ആരംഭിച്ച അദ്ദേഹത്തിന് പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നു. ഹാസ്യതാരം എന്ന നിലയിലാണ് ഹരിശ്രീ അശോകനെ പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം.
ഇപ്പോള്‍ താന്‍ ഭാഗമായ അനിയത്തിപ്രാവ് എന്ന സിനിമയെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍. സിനിമയിലെ ഏറെ ചിരിപ്പിച്ച രംഗമായിരുന്നു കോഫി ഷോപ്പിലെ ഹലോ സീന്‍. ശാലിനിയുടെ കഥാപാത്രം ‘ഞങ്ങളോട് പരിചയമുള്ള ആളുകളെ പോലെ സംസാരിക്കുമോ’ എന്ന് ചോദിക്കുമ്പോള്‍ എല്ലാവരും ഹലോ ഹലോ എന്ന് മാത്രം പരസ്പരം സംസാരിക്കുന്ന സീന്‍. ഈ രംഗത്തെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.
‘ആ സീന്‍ നമ്മളുടെ കയ്യിലല്ല. അത് സംവിധായകന്റെ അടുത്താണ്. കാരണം ആ ഹലോ, അതിനുള്ള റിയാക്ഷന്‍സ് എല്ലാം കൃത്യമായിട്ട് എടുത്തിട്ടില്ലെങ്കില്‍ ഒരിക്കലും വര്‍ക്ക് ഔട്ട് ആകില്ല. സാര്‍ നമ്മളെ കൊണ്ട് ഒരോ ലുക്കുകളും, ആ റിയാക്ഷന്‍സും ഹലോ പറയുന്നതിന്റെ മോഡുലേഷന്‍സും എല്ലാം കൃത്യമായി ചെയ്യിപ്പിച്ചു. ആ രംഗത്തെ പറ്റി ആദ്യം കേള്‍ക്കുമ്പോള്‍ ഒന്നും തോന്നിയില്ല. എന്നാല്‍ പടത്തില്‍ നല്ല ഭംഗിയായി വന്നിട്ടുണ്ട്. അത് സംവിധായകന്റെ കഴിവാണ്.
കോമഡി വര്‍ക്ക് ഔട്ട് ആകണമെങ്കില്‍ എല്ലാ ചേരുവകളും ഒരുമിച്ച് വരണം. ഒരു റിയാക്ഷന്‍ മിസായാല്‍ വര്‍ക്ക് ഔട്ട് ആകില്ല. അതേസമയം മറ്റ് സീനുകള്‍ നമുക്ക് പിന്നെയും വര്‍ക്ക് ഔട്ട് ആക്കാന്‍ കഴിയും. കോമഡിക്ക് ഒരു ചെറിയ ഷോര്‍ട്ട് മിസായാല്‍ മതി വര്‍ക്ക് ഔട്ട് ആകില്ല,’ഹരിശ്രീ അശോകന്‍ പറഞ്ഞു.
അനിയത്തിപ്രാവ്
ഫാസില്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച് 1997ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനിയത്തിപ്രാവ്. കുഞ്ചാക്കോ ബോബന്‍, ശാലിനി, ഹരിശ്രീ അശോകന്‍, സുധീഷ്, തിലകന്‍, ഇന്നസെന്റ്, കെ.പി.എസ്.സി ലളിത എന്നിവര്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ച ചിത്രം അന്നത്തെ സൂപ്പര്‍ ഹിറ്റായിരുന്നു. സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചന്‍ ആണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.
Content Highlight: Harishree Ashokan talks about the iconic scene in Aniyathipraavu