ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ അഭിനേതാവാണ് ഹരിശ്രീ അശോകന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച താരം എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. സമീപകാലത്തായി കോമഡി റോളുകളില്‍ നിന്നും മാറി സീരിയസ് റോളുകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
അശോകന് പിന്നാലെ മകന്‍ അര്‍ജുന്‍ അശോകനും മലയാള സിനിമയില്‍ സജീവമായിരുന്നു. കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ മലയാളത്തിലെ യുവനടന്മാര്‍ക്കിടയില്‍ ഒരു സ്ഥനം കണ്ടെത്താനും അര്‍ജുന്‍ അശോകന് സാധിച്ചിരുന്നു. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന ചിത്രത്തിലൂടെയാണ് അര്‍ജുന്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത് 2017ല്‍ പുറത്തിറങ്ങിയ പറവയിലൂടെയാണ്. ചിത്രത്തിലെ ഹക്കീം എന്ന കഥാപാത്രം താരത്തിന് വലിയ അവസരങ്ങളാണ് തുറന്ന് നല്‍കിയത്.
പറവ. Photo: X.com
തന്റെ നിര്‍ദേശ പ്രകാരം അര്‍ജുനെ സൗബിന്‍ ഷാഹിറിന്റെ ചിത്രത്തിലേക്കെത്തിച്ചതിനെ കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വണ്‍ 2 ടോക്ക്‌സ് എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു താരത്തിന്റെ പ്രതികരണം.
‘സൗബിന്റെ ഫാദറായിട്ടെല്ലാം എനിക്ക് നല്ല സൗഹൃദമാണ്. അനിയത്തിപ്രാവ് മുതല്‍ തുടങ്ങിയ ബന്ധമാണത്. ഫാസില്‍ സാറിന്റെ ഓള്‍ ഇന്‍ ഓളായിരുന്നു ബാബു ഷാഹിര്‍ എന്ന് പറഞ്ഞയാള്‍. അങ്ങനെയൊരു ബന്ധം മാത്രമല്ല, ക്രോണിക് ബാച്ചിലറില്‍ സൗബിന്‍ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. അന്ന് തന്നെ അവന്‍ ഒരു ഗംഭീര ഡയറക്ടറാകുമെന്ന് സംവിധായകന്‍ സിദ്ദിഖ് പറഞ്ഞിരുന്നു.
പറവ. Photo: X.com
അത്തരത്തിലുള്ള പരിചയവും അടുപ്പവും എല്ലാം ഉള്ളതുകൊണ്ട് അര്‍ജുന്റെ കാര്യം ഞാന്‍ അവനോട് സൂചിപ്പിച്ചിരുന്നു. അവന് നിന്റെ കൂടെ അസിസ്റ്റ് ചെയ്യാനുള്ള ആഗ്രഹമുണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അങ്ങനെ അവന്‍ മട്ടാഞ്ചേരി പോയി സൗബിനെ കണ്ട് സംസാരിച്ചെല്ലാം കഴിഞ്ഞപ്പോഴാണ് ഇവനെ അസിസ്റ്റന്റ് ആക്കുന്നതിന് മുമ്പ് അഭിനയിപ്പിക്കാമെന്ന് സൗബിന്‍ പറയുന്നത്,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.
Content Highlight: Harishree Ashokan talks about Soubin Shahir and His son Arjun Ashokan