| Monday, 22nd June 2026, 11:26 pm

അന്ന് ലാലേട്ടന്‍ എന്റെ ചെവിയില്‍ ഒരു സ്വകാര്യം പറഞ്ഞു, അടുത്ത ടേക്ക് ഓക്കെയായി: ഹരിശ്രീ അശോകന്‍

അശ്വിന്‍ രാജേന്ദ്രന്‍

ഒട്ടനവധി കഥാപാത്രങ്ങള്‍ ചെയ്ത് ഫലിപ്പിച്ച് മലയാളികളുടെ പ്രിയങ്കരനായി മാറിയ അഭിനേതാവാണ് ഹരിശ്രീ അശോകന്‍. ഹാസ്യ കഥാപാത്രങ്ങളിലൂടെ കരിയര്‍ ആരംഭിച്ച താരം എണ്ണിയാലൊടുങ്ങാത്ത കഥാപാത്രങ്ങളാണ് മലയാളികള്‍ക്ക് സമ്മാനിച്ചിരിക്കുന്നത്. സമീപകാലത്തായി കോമഡി റോളുകളില്‍ നിന്നും മാറി സീരിയസ് റോളുകളിലും താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഹരിശ്രീ അശോകന്‍. Photo: X.com

ഹരിശ്രീ അശോകന്റെ കരിയറില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു മോഹന്‍ലാല്‍ നായകനായി വി.എം. വിനു സംവിധാനം ചെയ്ത് 2003ല്‍ പുറത്തിറങ്ങിയ ബാലേട്ടന്‍. ചിത്രത്തില്‍ മണികണ്ഠന്‍ എന്ന കഥാപാത്രത്തെയായിരുന്നു ഹരിശ്രീ അശോകന്‍ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് മോഹന്‍ലാലുമായുണ്ടായ അനുഭവത്തെ കുറിച്ച് ഹരിശ്രീ അശോകന്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വണ്‍ ടു ടോക്ക്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

‘ബാലേട്ടനില്‍ അഭിനയിക്കുന്ന സമയത്ത് ഒരു ഷോട്ട് എന്റെ കഥാപാത്രത്തിന്റെ ലോട്ടറി കടയില്‍ വെച്ചായിരുന്നു. വലിയ ക്രൗഡ് ഷൂട്ടിങ് കാണാന്‍ വന്നിട്ടുണ്ട്. മുഴുവന്‍ യൂത്ത് പിള്ളേരാണ് ഷൂട്ട് കാണാന്‍ വന്നിരിക്കുന്നത്. ആണുങ്ങളും പെണ്ണുങ്ങളും തിങ്ങി നില്‍ക്കുകയാണ്, ലാലേട്ടനാണല്ലോ ഹീറോ. ഒരു ഡയലോഗ് അല്പം നീളമുള്ളത് പറഞ്ഞുവന്നപ്പോള്‍ തെറ്റിപ്പോയി. രണ്ടാമത് പറഞ്ഞപ്പോള്‍ വീണ്ടും തെറ്റി.

ബാലേട്ടന്‍. Photo: X.com

അത് കണ്ടപ്പോള്‍ ലാലേട്ടന്‍ ചോദിച്ചു എന്ത് പറ്റി ഇന്നലെ ഇതിലും വലിയ ഡയലോഗ് തെറ്റിക്കാതെ പറഞ്ഞതാണല്ലോ എന്നെല്ലാം ചോദിച്ചു. ഞാന്‍ ലാലേട്ടനോട് പറഞ്ഞു ഇത്രയും നോക്കി നില്‍ക്കുന്ന യുവാക്കളില്‍ എത്ര ഗംഭീര ആര്‍ട്ടിസ്റ്റുകളുണ്ടാകും. അത് കേട്ടിട്ട് ലാലേട്ടന്‍ എന്നോട് ആ ചെവി കാണിക്കാന്‍ പറഞ്ഞു. എന്നിട്ട് പറഞ്ഞു ഇവിടെ നമ്മളാണ് സൂപ്പര്‍ സ്റ്റാര്‍സ് അത് മനസില്‍ വിചാരിച്ചാല്‍ മതിയെന്ന്. അടുത്ത ടേക്ക് ഓക്കെയായി. അതൊരു മാജിക്കായിരുന്നു,’ ഹരിശ്രീ അശോകന്‍ പറഞ്ഞു.

Content Highlight: Harishree Ashokan talks about his experience with Mohanlal

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more