അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത് 2008 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അണ്ണന്‍തമ്പി. മമ്മൂട്ടി ഇരട്ടവേഷത്തില്‍ അഭിനയിക്കുന്ന ഈ ചിത്രത്തില്‍ ലക്ഷ്മി റായ്, ഗോപിക, സിദ്ധിഖ്, ഹരിശ്രീ അശോകന്‍ തുടങ്ങിയവരും അഭിനയിക്കുന്നു. ഇപ്പോള്‍ സിനിമയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുമ്പോഴുള്ള അനുഭവം പങ്കുവെക്കുകയാണ് ഹരിശ്രീ അശോകന്‍.
‘ മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര എനര്‍ജിയാണ് നമുക്ക്. എല്ലാവരുമായിട്ടും അങ്ങനെ തന്നെയാണ്, എന്നിരുന്നാലും മമ്മൂക്കയുടെ കൂടെ നല്ല എനര്‍ജിയാണ്. പൊള്ളാച്ചിയില്‍ ഞങ്ങള്‍ അണ്ണന്‍ തമ്പി ചെയ്ത് കൊണ്ടിരിക്കുന്ന സമയം. സിനിമയില്‍ മമ്മൂക്ക രണ്ട് വേഷത്തില്‍ അഭിനയിക്കുന്നുണ്ട്. അതില്‍ ഒരു മമ്മൂക്കയുടെ കൂടെ ഞാനുണ്ട്.
സിനിമയിലെ ഒരു സീനില്‍ മീറ്റിങ് നടക്കുന്ന ഹാളില്‍ അധികാരികള്‍ ഇരുക്കുന്നുണ്ട്. ആ കൂട്ടത്തില്‍ ഞാനും ഇരിക്കുന്നുണ്ട്. അവിടെ എനിക്ക് കുറച്ച് ലെങ്ത്തുള്ള ഡയലോഗാണ് പറയാനുള്ളത്. അത് പറഞ്ഞ് കഴിഞ്ഞപ്പോള്‍ തെറ്റി. രണ്ടാമത് പറഞ്ഞപ്പോള്‍ പിന്നെയും തെറ്റി.
ഈ സമയം ക്യാമറയുടെ പുറകില്‍ മമ്മൂക്ക ഇരിക്കുന്നുണ്ടായിരുന്നു. എന്റെ ഡയലോഗ് തെറ്റി കഴിഞ്ഞപ്പോള്‍ മമ്മൂക്ക പറഞ്ഞു, ‘അശോകാ ആ ഡയലോഗൊന്ന് മുറിക്ക്, ഒരു ചെറിയ പോസ് കൊടുത്തിട്ട് പറ’ എന്ന്. അങ്ങനെ പറഞ്ഞു നോക്കിയപ്പോള്‍ ഓക്കെയായി.
നമ്മള്‍ നമ്മളുടേതായ പാറ്റേണില്‍ പറഞ്ഞപ്പോള്‍ ഒരു പോസുമില്ലാതെ വെറുതേ പറഞ്ഞു പോകുകയാണ് ചെയ്തത്. അപ്പോള്‍ ഇതൊക്കെ നമുക്ക് കിട്ടുന്ന ഒരറിവാണ്,’ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harishree Ashokan shares his experience of acting with Mammootty