| Sunday, 22nd March 2026, 3:28 pm

അവന്റെ കഠിനാധ്വാനത്തിന്റെ ഫലമാണ് അത്; ചത്താ പച്ച എനിക്ക് വളരെ ഇഷ്ടപ്പെട്ടു: ഹരിശ്രീ അശോകന്‍

ഐറിന്‍ മരിയ ആന്റണി

ഹരിശ്രീ എന്ന മിമിക്‌സ് ട്രൂപ്പിലൂടെ വെള്ളിത്തിരയിലെത്തി മലയാളികളുടെ ഹൃദയം കീഴടക്കിയ നടനാണ് ഹരിശ്രീ അശോകന്‍. 1986 ല്‍ പുറത്തിറങ്ങിയ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന ചിത്രത്തിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം തുടക്കത്തില്‍ ഹാസ്യവേഷങ്ങളിലൂടെയാണ് തിളങ്ങിയത്. പിന്നീട് ക്യാരക്ടര്‍ റോളുകളും തനിക്ക് ഇണങ്ങുമെന്ന് തെളിയിച്ച അദ്ദേഹം ഇന്നും സിനിമയില്‍ സജീവമാണ്.

ഹരിശ്രീ അശോകന്റെ മകനും നടനുമായ അര്‍ജുന്‍ അശോകന്‍ ഇന്ന് മലയാള സിനിമയിലെ മികച്ച യുവനടന്മാരുടെ പട്ടികയിലുണ്ടെന്ന് തന്നെ പറയാം. ഓര്‍ക്കൂട്ട് ഒരു ഓര്‍മക്കൂട്ട് എന്ന സിനിമയിലൂടെ കരിയര്‍ ആരംഭിച്ച നടന്‍ പിന്നീട് പറവ, വരത്തന്‍, ഉണ്ട തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. എന്നാല്‍ താരത്തിന് ഒരു ബ്രേക്ക് ത്രൂ നേടികൊടുത്ത ചിത്രമായിരുന്നേു ഭ്രമയുഗം.

അര്‍ജുന്റേതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയ ചത്താ പച്ച എന്ന സിനിമ തനിക്ക് ഇഷ്ടപ്പെട്ടുവെന്ന് ഹരിശ്രീ അശോകന്‍ പറയുന്നു. പ്രതിഛായ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ചത്താ പച്ച എനിക്ക് വളരെ ഇഷ്ടമായി. കാരണം ആ സിനിമയ്ക്കായി എല്ലാ അഭിനേതാക്കളും വല്ലാതെ കഠിനാധ്വാനം ചെയ്തിട്ടുണ്ട്. ആ ഹാര്‍ഡ് വര്‍ക്കിന്റെ റിസള്‍ട്ട് ആ സിനിമയ്ക്ക് കിട്ടി. ആര്‍ട്ടിസ്റ്റുകള്‍ മാത്രമല്ല, ഒരുപോലെ എല്ലാവരും ആ ചിത്രത്തിനായി വര്‍ക്ക് ചെയ്തിട്ടുണ്ട്. ഇങ്ങനെയുള്ള സിനിമകളും ഇടക്ക് ചെയ്യണം.

ഒരു വിദ്യാര്‍ത്ഥിയായിട്ടും ഒരു കാമുകനായിട്ടുമൊക്കെ എല്ലാവര്‍ക്കും അഭിനയിക്കാന്‍ പറ്റും. ചത്താ പച്ച കുറച്ചുകൂടി എഫേര്‍ട്ട് എടുത്ത് കിട്ടിയ റിസള്‍ട്ടാണ്. അതിനായി പണിയെടുത്തിട്ടുണ്ട്. അതുപോലെ തന്നെയാണ് തലവര എന്ന സിനിമയിലും അവന്‍ അഭിനയിച്ചത്. തലവര തിയേറ്ററില്‍ നിന്ന് കണ്ട്, എന്റെ കണ്ണ് നിറഞ്ഞിരുന്നു,’ ഹരിശ്രീ അശോകന്റെ വാക്കുകള്‍.

തലവര കണ്ട് വന്നയുടനെ താന്‍ അര്‍ജുന്‍നെ കെട്ടിപിടിച്ചുവെന്നും അത് അവര്‍ക്ക് കിട്ടുന്ന ഏറ്റവും വലിയൊരു അപ്രിസിയേഷനാണെന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു. മകന്‍ എന്ന നിലയില്‍ മാത്രമല്ല. അത് ആരാണെങ്കിലും താന്‍ അവരെ അഭിനന്ദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നവാഗതനായ അദ്വൈത് നായരുടെ സംവിധാനത്തില്‍ 2026 ജനുവരി തിയേറ്ററുകളിലെത്തിയ ചിത്രമാണ് ചത്താ പച്ച. മലയാളത്തിലെ ആദ്യ ഡബ്ല്യൂ.ഡബ്യൂ.ഇ പശ്ചാത്തലമായെത്തിയ ചിത്രത്തിന് അനൗണ്‍സ്‌മെന്റ് മുതല്‍ ഹൈപ്പുണ്ടായിരുന്നു.

റീല്‍ വേള്‍ഡ് എന്റര്‍ടെയ്ന്‍മെന്റ്സ് നിര്‍മിച്ച ഈ സിനിമയില്‍ അര്‍ജുന്‍ അശോകന്‍, റോഷന്‍ മാത്യു, വിശാഖ് നായര്‍ എന്നിവരാണ് പ്രധാനവേഷങ്ങളിലെത്തിയത്. ചിത്രത്തിനായി ഒാരോ അഭിനേതാക്കളും നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷനും മറ്റും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയില്‍ നിറഞ്ഞിരുന്നു. സിനിമയില്‍ സാവിയോ എന്ന കഥാപാത്രമായാണ് അര്‍ജുന്‍ എത്തിയത്.

Content Highlight: Harishree Ashokan says he liked the movie Chatha Pacha 

ഐറിന്‍ മരിയ ആന്റണി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more