1986ല്‍ പപ്പന്‍ പ്രിയപ്പെട്ട പപ്പന്‍ എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടനാണ് ഹരിശ്രീ അശോകന്‍.ചെറിയ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അദ്ദേഹം പിന്നീട് മലയാളത്തിലെ ഹാസ്യതാരമായി വളരുകയായിരുന്നു. പിന്നീട് മികച്ച സിനിമകളുടെ ഭാഗമാകാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.
ഒരുകാലത്ത് കോമഡി സിനിമകളില്‍ നിറസാന്നിധ്യമായിരുന്നു ഹരീശ്രീ അശോകന്‍, കൊച്ചിന്‍ ഹനീഫ, സലീം കുമാര്‍ തുടങ്ങിയവര്‍. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോയ്ക്ക് വനല്‍കിയ അഭിമുഖത്തില്‍ മണ്‍മറഞ്ഞുപോയ കലാകാരന്‍ കൊച്ചിന്‍ ഹനീഫയെ കുറിച്ച് സംസാരിക്കുകയാണ് ഹരിശ്രീ അശോകന്‍.
‘ഹനീഫിക്ക ഇല്ലാതെ ഞങ്ങള്‍ക്ക് ഒരു സിനിമയില്‍ അഭിനയിക്കുക എന്ന് പറയുന്നത് ബുദ്ധിമുട്ടാണ്. ദിലീപിന്റെ സിനിമകളിലൊക്കെ എന്തായലും ഹനീഫിക്ക, ഞാന്‍ സലീം കുമാര്‍ അങ്ങനെയൊരു ഗ്യാങ്ങുണ്ടാകും. ആ കെമിസ്ട്രി ഭയങ്കരമായിട്ട് വര്‍ക്കായി കിടക്കുകയാണ്. ആ ട്രാക്ക് കറക്റ്റായിരുന്നു. നമ്മള്‍ പെട്ടെന്ന് മറ്റൊരു സിനിമയിലേക്ക് മാറുമ്പോള്‍ ഇവിടെ കിട്ടിയിരുന്ന ഒരു സ്പീഡ് ആ സിനിമയില്‍ പറ്റുമോ എന്നൊരു സംശയം തോന്നും.
കൊച്ചിന്‍ ഹനീഫയ്ക്ക് പകരം തങ്ങള്‍ക്ക് മറ്റൊരാളെ ചിന്തിക്കാന്‍ കഴിയില്ലെന്നും തങ്ങളെല്ലാവരും ഒരുമിച്ചുള്ള സിനിമയില്‍ സീന്‍ എടുക്കുന്നതിന് മുമ്പ് തങ്ങള്‍ പല കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറയുന്നു.
‘ചിലപ്പോള്‍ ആ സീനില്‍ എന്തെങ്കിലുമൊക്കെ ഒന്ന് ചേര്‍ക്കുന്നതിനെ പറ്റിയൊക്കെ പറയും. നമ്മളന്തെങ്കിലും ഒന്ന് പറഞ്ഞ് കഴിഞ്ഞാല്‍ ഹനീഫിക്ക ചിരി നിര്‍ത്തില്ല. ഇത്രയും കോമഡി ആസ്വദിക്കുന്ന ഒരാളെ ഞാന്‍ വേറെ കണ്ടിട്ടില്ല. കമിഴ്ന്ന് കെടന്നൊക്കെ ചിരിക്കും. പിന്നെ അതൊക്കെ കഴിഞ്ഞേ ഷൂട്ട് ചെയ്യാന്‍ പറ്റുകയുള്ളു.അത്രയും ആസ്വദിച്ചാണ് ചിരിക്കുന്നത്. അത്രയം ടൈമിങ്ങും ഹ്യൂമര്‍ സെന്‍സുമുള്ള ഒരു ആര്‍ട്ടിസ്റ്റാണ്,’ ഹരിശ്രീ അശോകന്‍ പറയുന്നു.
Content Highlight: Harishree Ashokan is talking about Cochin Haneefa