| Monday, 20th October 2025, 2:18 pm

അവന്റെ സിനിമയില്‍ പാടണമെന്ന് ഒരുപാട് ആഗ്രഹിച്ചു; അദ്ദേഹം ഒരു സംവിധായകനാകുമെന്ന് എനിക്കുറപ്പായിരുന്നു: കെ.എസ്. ഹരിശങ്കര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചുരുങ്ങിയ കാലയളവില്‍ ഇന്‍ഡസ്ട്രിയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഗായകനാണ് കെ. എസ് ഹരിശങ്കര്‍. മലയാളത്തിന് പുറമെ അന്യഭാഷയിലും അദ്ദേഹത്തിന് ആരാധകരുണ്ട്. ഇപ്പോള്‍ ഈയടുത്തു പാടിയതില്‍ ഏറ്റവും പ്രിയപ്പെട്ട പാട്ടുകളെ കുറിച്ച് സംസാരിക്കുകയാണ് ഹരിശങ്കര്‍.

‘അജയന്റെ രണ്ടാം മോഷണ’ത്തിലെ (എ.ആര്‍.എം) ‘കിളിയേ’ എന്ന പാട്ട് വലിയ ഹിറ്റായിരുന്നു.’എ.ആര്‍.എമ്മി’ന്റെ സംവിധായകന്‍ ജിതിന്‍ ലാല്‍ എന്റെയും എന്റെ വൈഫിന്റെയും സുഹൃത്താണ്. ജിതിന്റെ ആദ്യ സിനിമയാണ് ‘എ.ആര്‍.എം’. 2013 മുതല്‍ ജിതിനെ ഞങ്ങള്‍ക്ക് അറിയാം. തിരുവനന്തപുരം സ്വദേശിയാണ്. അവന്‍ അന്നേ എ.ആര്‍.എമ്മിന്റെ കഥയൊക്കെ ഞങ്ങളോട് പറയുമായിരുന്നു,’ ഹരിശങ്കര്‍ പറഞ്ഞു.

അവനൊരു സംവിധായകനാകുമെന്ന് തങ്ങള്‍ക്ക് ഉറപ്പായിരുന്നുവെന്നും അദ്ദേഹത്തിന്റെ സിനിമയില്‍ പാടണമെന്ന് താന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും ഹരിശങ്കര്‍ പറയുന്നു. ഗായകനായുള്ള തന്റെ വളര്‍ച്ചയില്‍ തനിക്ക് വലിയ സപ്പോര്‍ട്ട് തന്നിട്ടുള്ള വ്യക്തി കൂടിയാണ് ജിതിനെന്നും പല വേദികളിലും പാട്ട് കേള്‍ക്കാന്‍ അവന്‍ വരികയും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തരികയും ചെയ്തിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തങ്ങളുടെയെല്ലാം പ്രാര്‍ഥന പോലെ പാട്ടും പടവും ഇറങ്ങിയ ഉടന്‍ ഹിറ്റായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഓസ്‌കാര്‍ നേടിയ ആര്‍.ആര്‍.ആറില്‍ എത്തിപ്പെട്ടതിനെ  കുറിച്ചും ഹരിശങ്കര്‍  സംസാരിച്ചു.

‘കീരവാണി സാറിന്റെ ഭാര്യയാണ് ഫോണില്‍ ഇതേപ്പറ്റി ആദ്യം സംസാരിച്ചത്. ഹൈദരാബാദില്‍ വരാമോ ഒരു റിക്കോര്‍ഡിങ് ഉണ്ട്, എന്ന് പറഞ്ഞു. ആ സമയം ഞാന്‍ ചെന്നൈയിലായിരുന്നു. ശരിക്കും വേറൊരു പാട്ട് പാടാനാണ് ഞാന്‍ പോയത്. അവിടെ എത്തിയശേഷം എന്നോട് ‘നാട്ടു നാട്ടു’ പാട്ടിന്റെ മലയാള വേര്‍ഷന്‍ പാടിപ്പിച്ചു,’ ഹരിശങ്കര്‍ പറഞ്ഞു.

അതേസമയം തിയേറ്ററില്‍ അതി ഗംഭീര മുന്നേറ്റം നടത്തികൊണ്ടിരിക്കുന്ന കാന്താര ചാപ്റ്റര്‍ വണ്ണിലെ ‘ബ്രഹ്‌മകലശ’ എന്ന ഗാനവും അദ്ദേഹം ആലപിച്ചിരുന്നു.

Content highlight: Harishankar talks about the song he sang in the movie ARM

We use cookies to give you the best possible experience. Learn more