| Monday, 21st July 2025, 8:10 am

നടേശനെന്ന വിഷസര്‍പ്പത്തെ പേരെടുത്ത് വിമര്‍ശിക്കാന്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും മടിക്കുന്നത് ഇരട്ടത്താപ്പ്: ഹരീഷ് വാസുദേവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ പരാമര്‍ശത്തില്‍ സി.പി.ഐ.എമ്മിനെയും കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് ഹൈക്കോടതി അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍.

കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്നും കേരളത്തില്‍ മുസ്‌ലിം ജനസംഖ്യ വര്‍ധിക്കുകയാണെന്നും ഈഴവര്‍ക്ക് ഇപ്പോള്‍ പ്രാധാന്യം കിട്ടുന്നത് തൊഴിലുറപ്പ് പദ്ധതിയില്‍ മാത്രമാണെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം.

പച്ചയ്ക്ക് വര്‍ഗീയത പറയുന്ന, വാക്കില്‍ വര്‍ഗീയ വിഷം വമിക്കുന്ന വെള്ളാപ്പള്ളി നടേശനെന്ന വിഷസര്‍പ്പത്തെ പേരെടുത്ത് എതിര്‍ക്കാന്‍ സി.പി.ഐ.എമ്മും കോണ്‍ഗ്രസും മടിക്കുന്നത് ഇരട്ടത്താപ്പ് ആണെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു.

വെള്ളാപ്പള്ളി നടേശന് എതിരെ കേസെടുക്കാനും വേണ്ടിവന്നാല്‍ പിടിച്ച് അകത്തിടാനും സര്‍ക്കാര്‍ മടിക്കുന്നുണ്ടെങ്കില്‍, വര്‍ഗീയതയുമായി സന്ധി ചെയ്തുള്ള ഈ പോക്ക് ഇരട്ടത്താപ്പ് ആണെന്നും ഹരീഷ് പറഞ്ഞു. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം.

വെള്ളാപ്പള്ളി നടേശന്‍ ആദ്യമായിട്ടല്ല ഇങ്ങനെ വിഷം ചീറ്റുന്നതെന്നും അയാളെ ആദരിക്കാനും മറ്റും മുഖ്യമന്ത്രിയും മന്ത്രിമാരും പോയത് ആരും മറന്നിട്ടില്ലെന്നും ഹരീഷ് വാസുദേവന്‍ കൂട്ടിച്ചേര്‍ത്തു.

എന്ത് സന്ദേശമാണ് നിങ്ങള്‍ സമൂഹത്തിന് നല്‍കുന്നതെന്ന് ചോദിച്ച ഹരീഷ്, കെ.ജെ. ജേക്കബ് ഭംഗിയായി എഴുതിയ പോസ്റ്റിനോട് തനിക്ക് പൂര്‍ണ്ണ യോജിപ്പാണെന്നും ഫേസ്ബുക്കില്‍ കുറിച്ചു.


സമൂഹമധ്യത്തിലേക്ക് വെള്ളാപ്പള്ളി നടേശന്‍ വര്‍ഗീയതയുടെ വിഷപ്പുക നിരന്തരം വമിപ്പിച്ചുകൊണ്ടിരിക്കുകയാണ് എന്നായിരുന്നു കെ.ജെ. ജേക്കബ് ഫേസ്ബുക്കില്‍ കുറിച്ചത്.

കോട്ടയത്ത് നടന്ന എസ്.എന്‍.ഡി.പി നേതൃസംഗമം പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശം. കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ പറയുന്നത് കേട്ട് ഭരിച്ചാല്‍ മതിയെന്ന സ്ഥിതിയാണ് സംസ്ഥാന സര്‍ക്കാരിനെന്നും സൂംബ വിവാദവും സ്‌കൂള്‍ സമയമാറ്റവും ഇതിന്റെ ഭാഗമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെന്നും തിരു-കൊച്ചിയില്‍ ഉള്‍പ്പെടെ ലീഗ് സീറ്റ് ചോദിച്ചു വാങ്ങുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. ഇങ്ങനെയാണെങ്കില്‍ കേരളം വൈകാതെ തന്നെ മുസ്‌ലിം ഭൂരിപക്ഷ നാടാകുമെന്നും വെള്ളാപ്പള്ളി വിവാദ പരാമര്‍ശം നടത്തി. യു.ഡി.എഫ്-എല്‍.ഡി.എഫ് മുന്നണികള്‍ മുസ്‌ലിം സമുദായത്തെയാണ് സഹായിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

Content Highlight: Harish Vasudevan Says CPIM and Congress’s hesitation to criticize the venomous snake Vellapally Natesan by name is double standards

We use cookies to give you the best possible experience. Learn more