കോഴിക്കോട്: തൃശൂരില്‍ ലുലു മാള്‍ വരാത്തത് ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഇടപെടല്‍ മൂലമെന്ന വ്യവസായി യൂസഫലിയുടെ പ്രസ്താവനയില്‍ പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവന്‍.
രേഖകളിലും ഭൂനിയമങ്ങളിലും നടപടിക്രമങ്ങളിലും മാനിപ്പുലേഷന്‍ കാണിച്ചാണ് തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടുമെല്ലാം ഷോപ്പിങ് മാള്‍ പണിതതെന്ന് ഹരീഷ് വാസുദേവന്‍ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഹരീഷ് വാസുദേവന്റെ പ്രതികരണം.
പൗരന്മാര്‍ക്ക് ചോദ്യം ചെയ്യാന്‍ പറ്റാത്തവിധം സര്‍ക്കാര്‍ സംവിധാനങ്ങള്‍ യൂസഫലിയുടെ കൂടെ നില്‍ക്കുന്നത് കൊണ്ടാണ് പൊതുജനതാത്പര്യം ബലികഴിച്ചും ടൗണ്‍ പ്ലാനിങ്ങ് യുക്തികള്‍ കുഴിച്ചുമൂടിയും യൂസഫലിക്ക് മുന്നോട്ട് പോകാന്‍ സാധിച്ചതെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
കുഴിച്ചുമൂടിയ നീര്‍ത്തടങ്ങളും തോടുകളും ഓരോ മഴക്കാലവും നമ്മളോട് ഈ കഥ പറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
തൃശൂരില്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയപ്രവര്‍ത്തകന്‍ കേസിന് പോയി. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പോലും ഇത്തരം തട്ടിപ്പിന് കൂട്ടാണെന്ന് തെളിവുസഹിതം വാദിച്ചാണ് ഹരജിയെന്നും ഹരീഷ് പറഞ്ഞു. യൂസഫലിക്ക് കോടതിയെ മാനിപുലേറ്റ് ചെയ്യാന്‍ പറ്റുന്നില്ല. പരാതിക്കാരനെ വിലയ്ക്കും കിട്ടില്ല. ജില്ലാതല സമിതിയില്‍ തുടരാന്‍ ശുപാര്‍ശ ഉണ്ടായിട്ടും ഹരജിക്കാരനെ സര്‍ക്കാര്‍ പോലും കൈവിട്ടുവെന്നുമാണ് ഹരീഷ് പറയുന്നത്.
ഹൈക്കോടതിയുടെ പരിഗണനയിയിലുള്ള കേസില്‍ മാധ്യമങ്ങള്‍ വഴി തനിക്കനുകൂലമായ വികാരം ഉണ്ടാക്കിയെടുക്കാനാണ് യൂസഫലിയുടെ ഇപ്പോഴത്തെ ശ്രമമെന്നും ഹരീഷ് പറഞ്ഞു. ഇത് നീതിന്യായ സംവിധാനത്തിലുള്ള ഇടപെടലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തൃശൂരിലെ ലുലു മാളുമായി ബന്ധപ്പെട്ട കേസിലെ മെറിറ്റ് എന്താണെന്ന് കൂടി റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങള്‍ നട്ടെല്ല് കാണിക്കണമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു.
അതേസമയം നെല്‍വയല്‍ പരിവര്‍ത്തനപ്പെടുത്തിയതിനെതിരെയാണ് താന്‍ പരാതിയുമായി പോയതെന്ന് പ്രാദേശിക സി.പി.ഐ നേതാവും പരാതിക്കാരനുമായ ടി.എന്‍. മുകുന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു.
യൂസഫലിയുടെ പ്രസ്താവന വിവാദമായ പശ്ചാത്തലയിരുന്നു ടി.എന്‍. മുകുന്ദന്റെ പ്രതികരണം. മുകുന്ദന്റെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ വിസ്താരം പൂര്‍ത്തിയായി ഉത്തരവിനായി കാത്തിരിക്കുമ്പോഴാണ് യൂസഫലിയുടെ പ്രസ്താവന പുറത്തുവന്നത്.
ചിരിയങ്കണ്ടത്തുകാരുടെ ഉടമസ്ഥലയിലായിരുന്ന ഭൂമിയാണ് യൂസഫലി ലുലു മാളിനായി കണ്ടെത്തിയത്. ഈ ഭൂമിയില്‍ ജിയോളജിസ്റ്റിന്റെ അനുമതിയോടെ ഉടമകള്‍ കളിമണ്ണ് നീക്കം ചെയ്യാന്‍ തുടങ്ങിയതിന് പിന്നാലെയാണ് മുകുന്ദന്‍ പ്രതിഷേധവുമായെത്തിയത്. ഈ സംഭവത്തിന് ശേഷമാണ് ലുലു ഗ്രൂപ്പ് ചിരിയങ്കണ്ടത്തുകാരിൽ നിന്ന് ഭൂമി വാങ്ങുന്നത്.
Content Highlight: Harish Vasudevan criticized MA Yusuff Ali