കോഴിക്കോട്: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ ഹരി മോഹന്‍. പരിചയപ്പെടുന്ന ഏത് സ്ത്രീയും ഒരു ശരീരം മാത്രമാണെന്നും അതൊരു ഉപഭോഗ വസ്തുവാണെന്ന് മാത്രമാണ് രാഹുല്‍ കരുതുന്നതെന്നും ഹരിമോഹന്‍ വിമര്‍ശിക്കുന്നു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഹരിമോഹന്‍ രംഗത്ത് വന്നിരിക്കുന്നത്.
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ ഒരു അണ്‍പോപ്പുലര്‍ പോസ്റ്റാകാന്‍ സാധ്യതയുള്ള കണ്ടന്റാണ് എന്ന് പറഞ്ഞുകൊണ്ടാണ് ഹരി മോഹന്‍ കുറിപ്പ് ആരംഭിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷക്കാലയളവില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയെയോ രാഷ്ട്രീയ പ്രവര്‍ത്തകനെയോ പിന്തുണച്ചിട്ടില്ലെന്നും പോസ്റ്റില്‍ പറയുന്നു.
അടിമുടി പെര്‍വെര്‍ട്ടായ ഒരാള്‍ ഒരിക്കല്‍ സമൂഹത്തിന് മുമ്പില്‍ തെളിയുമെന്ന് പ്രതീക്ഷയുണ്ടായിരുന്നുവെന്നും ഹരി മോഹന്‍ പറഞ്ഞു.
ഇപ്പോള്‍ പുറത്തുവന്നത് കേവലം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും ഇക്കാലമത്രയും അയാള്‍ക്ക് സംരക്ഷണം തീര്‍ത്തവര്‍ കൂടി ഇവിടെ പാപഭാരമേല്‍ക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘റേപ്പ് എന്നാല്‍ റേപ്പ് എന്ന് തന്നെയാണര്‍ത്ഥം. അബ്യൂസ് എന്നാല്‍ അബ്യൂസും. കണ്‍സന്റ് എന്നാല്‍ കണ്‍സന്റ് എന്ന് തന്നെയും. ഇവിടെ കണ്‍സെന്റുകള്‍ അയാള്‍ രൂപപ്പെടുത്തിയതൊക്കെയും അയാളുടെ പ്രിവിലേജ് കൊണ്ടാണ്. ആ പ്രിവിലേജിനാലുണ്ടായ പ്രണയമോ, സ്‌നേഹമോ, ആരാധനയോ ഒക്കെക്കൊണ്ടാണ്.
അയാളുമായി ഒരു തവണ സംസാരിക്കുന്നത് പോലും ആരാധനയുള്ള മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്ന പ്രവൃത്തിയാവുകയായിരുന്നു. പക്ഷേ, അവരില്‍ പലരെയും അയാള്‍ മാനിപ്പുലേറ്റ് ചെയ്ത് കണ്‍സന്റ് വാങ്ങുകയായിരുന്നു. പരാതിയില്ലാത്തിടത്തോളം സാങ്കേതികമായി മാത്രമാണ് ഇത് കുറ്റകൃത്യമല്ലാതായി മാറുന്നത്. ധാര്‍മികമായി അത് കുറ്റകൃത്യം തന്നെയാണ്,’ ഹരിമോഹന്‍ പോസ്റ്റിലെഴുതി.
പോസ്റ്റിന്റെ പൂര്‍ണരൂപം
കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും അനുഭാവികള്‍ക്കുമിടയില്‍ ഒരു അണ്‍പോപ്പുലര്‍ പോസ്റ്റാകാന്‍ സാധ്യതയുള്ള കണ്ടന്റാണ് താഴെക്കുറിക്കുന്നത് എന്നാദ്യമേ വ്യക്തമാക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഒരു നൂലിഴയുടെയെങ്കിലും കനത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എന്ന വ്യക്തിയെയോ രാഷ്ട്രീയ പ്രവര്‍ത്തകനെയോ പിന്തുണയ്ക്കാന്‍ വ്യക്തിപരമായി കഴിഞ്ഞിരുന്നില്ല. ഒരുപാട് ജീവിത സാക്ഷ്യങ്ങളുമായി നേരിട്ട് പരിചയമുള്ളതുകൊണ്ടുതന്നെയാണ് ഈ നിലപാടെടുത്തതും.
അടിമുടി പെര്‍വെര്‍ട്ടായ ഒരാള്‍ എന്നെങ്കിലും ഏവരുടെയും മുന്‍പില്‍ തെളിഞ്ഞുവരുമെന്ന പ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്നു. വൈകിയെങ്കിലും ജനപ്രതിനിധിയുടെ പരമാവധി സാധ്യതകളിലേക്ക് അയാള്‍ പോകും മുന്‍പതുണ്ടായി എന്നത് ഏറെ സന്തോഷകരമാണ്. അതുകൊണ്ടുതന്നെയാണ് സമീപകാല കേരളാ രാഷ്ട്രീയത്തിലെ ഏറ്റവും വൃത്തിയുള്ള ഒന്നായി രാഹുലിന്റെ രാജി ആവശ്യപ്പെടാനുള്ള കോണ്‍ഗ്രസ് നിലപാടിനെ ഞാന്‍ കാണുന്നത്.
പരിചയപ്പെടുന്ന ഏത് സ്ത്രീയും ഒരു ശരീരം മാത്രമാണെന്നും അതൊരു ഉപഭോഗ വസ്തുവാണെന്നും മാത്രം ചിന്തിക്കാന്‍ ശേഷിയുള്ള മനുഷ്യരൂപം മാത്രമാണ് രാഹുല്‍ എനിക്ക് കഴിഞ്ഞ കുറേ നാളുകളായി. ആദ്യ ഒന്നോ രണ്ടോ അനുഭവങ്ങള്‍ കേള്‍ക്കുമ്പോള്‍ അതിനെ സോ കോള്‍ഡ് കോഴിത്തരമായി തള്ളിക്കളയാന്‍ തോന്നിയിരുന്നെങ്കിലും പിന്നീട് അത് ഫ്‌ളെര്‍ട്ടിങ്ങും പിന്നിട്ട ഒരു മനോനിലയാണെന്ന തിരിച്ചറിവിലേക്കെത്തി.
ഈ മനോനിലയില്‍ ജീവിക്കാന്‍ എല്ലാത്തരം സാധ്യതകളും പ്രയോജനപ്പെടുത്തുകയായിരുന്നു ഇക്കാലമത്രയും അയാള്‍. അതിന് വേണ്ടി തന്റെ പ്രസ്ഥാനം നല്‍കിയ എല്ലാ പദവികളും അംഗീകാരങ്ങളും അവസരങ്ങളും അയാള്‍ ഉപയോഗിച്ചു. ഉഭയസമ്മത പ്രകാരമുള്ള ബന്ധങ്ങളില്‍പ്പോലും ഒരു റേപ്പിസ്റ്റിന്റെ മനോനില സ്വീകരിക്കുക എന്നതാണ് അയാളുടെ രീതി.
പുറത്തുവന്നത് കേവലം മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ഒരു കാര്യം തെറ്റാണെന്ന ബോധ്യമുണ്ടായിട്ടും അതാവര്‍ത്തിക്കുമ്പോള്‍ അബദ്ധമോ വകതിരിവില്ലായ്മയോ അല്ലാതെയായി അത് മാറുകയാണ്. ഇങ്ങനെ തന്നെയേ ഞാന്‍ ജീവിക്കൂ എന്നത് അയാളുടെ മാത്രം തീരുമാനമായിരുന്നു. ആ തീരുമാനത്തില്‍ അങ്ങേയറ്റം ധാര്‍ഷ്ട്യവും ആത്മവിശ്വാസവും അയാള്‍ക്കുണ്ടായിരുന്നു.
ഇക്കാലമത്രയും അയാള്‍ക്ക് സംരക്ഷണം തീര്‍ത്തവര്‍ കൂടി ഇവിടെ പാപഭാരമേല്‍ക്കണം. അത്ര പെട്ടെന്ന് കൈകഴുകി പോകാന്‍ കഴിയില്ല. കൂടുതല്‍ ഇരകളെ കണ്ടെത്താനും ഭയമേതുമില്ലാതെ പൊതുരാഷ്ട്രീയ, സാമൂഹിക രംഗത്ത് നിലനില്‍ക്കാനും അയാള്‍ക്ക് കഴിഞ്ഞത്, ഏത് പ്രശ്‌നത്തിലും പരിരക്ഷയുണ്ടാകുമെന്ന തോന്നലാണ്. ആ പരിരക്ഷ അവസാനിക്കുന്ന ഘട്ടത്തില്‍പ്പോലും സംശയത്തിന്റെ ആനുകൂല്യം അയാള്‍ക്ക് നല്‍കുന്നവര്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്.
സ്വന്തം ജീവിതവും അഭിമാനവും വരെ പണയപ്പെടുത്തി അനുഭവം പറയാനിറങ്ങിയ സ്ത്രീകള്‍ക്ക്/ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് ഇതൊരു തമാശയല്ല. അവരെ വിശ്വാസമില്ലെങ്കില്‍, ചുറ്റുമുള്ളവരെ കേള്‍ക്കാന്‍ തയ്യാറായാല്‍ത്തന്നെ ഒരു ക്ലാരിറ്റി ലഭിച്ചേക്കും. അങ്ങനെയുള്ള ഒരുപാട് മനുഷ്യരെ കുറേനാളുകളായി നിരന്തരം കാണുന്നതിനാല്‍ എനിക്കാ ക്ലാരിറ്റി ലഭിച്ചതാണ്.
ഇനി, മുകേഷും ഗണേഷും ശശിയും ശശീന്ദ്രനുമൊക്കെയാണ് ഇപ്പോള്‍ നല്‍കുന്ന സംശയത്തിന്റെ ആനുകൂല്യത്തിന് അടിസ്ഥാനമെങ്കില്‍ മനസ്സിലാക്കേണ്ട ചിലതുണ്ട്. മേല്‍പ്പറഞ്ഞവര്‍ക്കൊപ്പം നിന്നവരും നിങ്ങളും തമ്മില്‍ വ്യത്യാസം വേണ്ട, ഞങ്ങള്‍ ഒരേ നിലയിലാണ് ജീവിക്കുന്നതെന്ന പ്രഖ്യാപനം കൂടിയാണ് നിങ്ങളിപ്പോള്‍ നടത്തുന്നത്. പലയാവര്‍ത്തി പലരും ചെയ്ത കുറ്റകൃത്യമാണ് ഇയാളും ആവര്‍ത്തിച്ചത് എന്നതുകൊണ്ട് ആ കുറ്റകൃത്യം ഒരിക്കലും റദ്ദാക്കപ്പെടില്ല.
ഉള്ളുകൊണ്ട് സന്തോഷിക്കുന്ന, ഇനിയും പലതും പറയാന്‍ കഴിയാതെ പോയ ഒരുപാട് മനുഷ്യരെ ഈ ദിവസങ്ങളില്‍ നേരിട്ട് കാണുകയായിരുന്നു. അതുകൊണ്ടുതന്നെ പറയുകയാണ്, ഒന്നല്ല, മൂന്നല്ല, എത്ര വര്‍ഷങ്ങള്‍ പിന്നിട്ടാലും ഒരു സ്ത്രീ നേരിട്ട ട്രോമയെ ഒരു നെല്ലിട കൊണ്ട് പോലും റദ്ദ് ചെയ്യാന്‍ കഴിയുന്നതല്ല.
റേപ്പ് എന്നാല്‍ റേപ്പ് എന്ന് തന്നെയാണര്‍ത്ഥം. അബ്യൂസ് എന്നാല്‍ അബ്യൂസും. കണ്‍സന്റ് എന്നാല്‍ കണ്‍സന്റ് എന്ന് തന്നെയും. ഇവിടെ കണ്‍സെന്റുകള്‍ അയാള്‍ രൂപപ്പെടുത്തിയതൊക്കെയും അയാളുടെ പ്രിവിലേജ് കൊണ്ടാണ്. ആ പ്രിവിലേജിനാലുണ്ടായ പ്രണയമോ, സ്‌നേഹമോ, ആരാധനയോ ഒക്കെക്കൊണ്ടാണ്.
അയാളുമായി ഒരു തവണ സംസാരിക്കുന്നത് പോലും ആരാധനയുള്ള മനുഷ്യര്‍ക്ക് സന്തോഷം നല്‍കുന്ന പ്രവൃത്തിയാവുകയായിരുന്നു. പക്ഷേ, അവരില്‍ പലരെയും അയാള്‍ മാനിപ്പുലേറ്റ് ചെയ്ത് കണ്‍സന്റ് വാങ്ങുകയായിരുന്നു. പരാതിയില്ലാത്തിടത്തോളം സാങ്കേതികമായി മാത്രമാണ് ഇത് കുറ്റകൃത്യമല്ലാതായി മാറുന്നത്. ധാര്‍മികമായി അത് കുറ്റകൃത്യം തന്നെയാണ്.
ഇത്രയും പറഞ്ഞത്, അത്രയും ഉറപ്പുള്ളതുകൊണ്ടും നേരിട്ട് ബോധ്യമുള്ളതുകൊണ്ടുമാണ്. ഏറ്റവും കുറഞ്ഞത് ഇത്രയെങ്കിലും പറയാന്‍ കഴിഞ്ഞില്ലെങ്കില്‍, ഇപ്പോഴും സാഹചര്യങ്ങളുടെ നിശബ്ദതയില്‍ക്കഴിയുന്ന പ്രിയപ്പെട്ടവരോട് ചെയ്യുന്ന അനീതിയാവും.
Content Highlight: Hari Mohan slams Rahul Mamkoottathil