കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പാകിസ്ഥാനെ തച്ചുതകര്‍ത്ത് ഇന്ത്യ 2026 ടി-20 ലോകകപ്പിനുള്ള സൂപ്പര്‍ 8ന് യോഗ്യത നേടിയിരുന്നു. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന്റെ വിജയമാണ് സൂര്യയും സംഘവും സ്വന്തമാക്കിയത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന് 114 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഓപ്പണര്‍ ഇഷാന്‍ കിഷന്റെ ബാറ്റിങ് കരുത്തും ബൗളര്‍മാരുടെ മികച്ച പ്രകടനവുമാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.
സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. ബാറ്റെടുത്തപ്പോള്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടി വന്നതിന്റെ സകല നിരാശയും ബൗളിങ്ങില്‍ തീര്‍ത്താണ് പാണ്ഡ്യ പാക് പടയ്ക്ക് ചരമഗീതം പാടിയത്.
പാക് ഇന്നിങ്സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ സാഹിബ്സാദ ഫര്‍ഹാനെ പൂജ്യത്തിന് മടക്കിയ ഹര്‍ദിക് 18ാം ഓവറിലെ അവസാന പന്തില്‍ പതിനൊന്നാമന്‍ ഉസ്മാന്‍ താരിഖിനെയും പൂജ്യത്തിന് പറഞ്ഞയച്ചു.
വിക്കറ്റ് വീഴ്ത്തിയ ഹർദിക്കിനെ അഭിനന്ദിക്കുന്ന ഇഷാന്‍ കിഷന്‍
മത്സരത്തില്‍ മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകളാണ് പാണ്ഡ്യ സ്വന്തമാക്കിയത്.
ഈ പ്രകടനത്തിന് പിന്നാലെ പല നേട്ടങ്ങളും താരം സ്വന്തമാക്കി. ടി-20 ലോകകപ്പുകളില്‍ ഒരു ടീമിനെതിരെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന ഇന്ത്യന്‍ താരമെന്ന നേട്ടമാണ് അതിലൊന്ന്.
ടി-20 ലോകകപ്പുകളില്‍ എട്ട് പാക് വിക്കറ്റുകളാണ് ഹര്‍ദിക് പിഴുതെറിഞ്ഞത്. ഇതോടെ ഇംഗ്ലണ്ടിനെതിരെ എട്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഭജന്‍ സിങ്ങിന്റെ റെക്കോഡിനൊപ്പമെത്താനും പാണ്ഡ്യയ്ക്ക് സാധിച്ചു.
(താരം – എതിരാളികള്‍ – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഹര്‍ദിക് പാണ്ഡ്യ – പാകിസ്ഥാന്‍ – 8*
ഹര്‍ഭജന്‍ സിങ് – ഇംഗ്ലണ്ട് – 8
ജസ്പ്രീത് ബുംറ – പാകിസ്ഥാന്‍ – 6
ഇര്‍ഫാന്‍ പത്താന്‍ – പാകിസ്ഥാന്‍ – 6
അര്‍ഷ്ദീപ് സിങ് – യു.എസ്.എ – 6
സൂപ്പര്‍ 8ലോ മുമ്പോട്ടുള്ള യാത്രയിലോ പാകിസ്ഥാനെ നേരിടേണ്ടി വന്നാല്‍ ഹര്‍ഭജനെ മറികടന്ന് ഒന്നാമതെത്താനും ഹര്‍ദിക്കിന് സാധിക്കും.
ഹര്‍ദിക് പാണ്ഡ്യ
ഐ.സി.സി ഇവന്റുകളില്‍ പാകിസ്ഥാനെതിരെ വന്നപ്പോഴെല്ലാം തന്നെ ഹര്‍ദിക് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്. വിവിധ ടൂര്‍ണമെന്റുകളിലായി ഒമ്പത് മത്സരങ്ങളിലാണ് ഹര്‍ദിക് പാകിസ്ഥാനെതിരെ കളത്തിലിറങ്ങിയത്. ഒമ്പതില്‍ ഒമ്പതില്‍ തവണയും ഹര്‍ദിക് പാക് താരങ്ങളെ മടക്കിയിരുന്നു.
2016 ടി-20 ലോകകപ്പ് – 2-0-25-1
2017 ചാമ്പ്യന്‍സ് ട്രോഫി – 8-0-43-2
2017 ചാമ്പ്യന്‍സ് ട്രോഫി – 10-0-53-1
2019 ഏകദിന ലോകകപ്പ് – 8-0-44-2
2022 ടി-20 ലോകകപ്പ് – 4-0-30-3
2023 ഏകദിന ലോകകപ്പ് – 6-0-34-2
2024 ടി-20 ലോകകപ്പ് – 4-0-24-2
2025 ചാമ്പ്യന്‍സ് ട്രോഫി – 8-0-31-2
2026 ടി-20 ലോകകപ്പ് – 3-1-16-2
അതേസമയം, ഗ്രൂപ്പ് എ-യില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച മൂന്നില്‍ മൂന്ന് വിജയവുമായി ആറ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. ഫെബ്രുവരി 18നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്സാണ് എതിരാളികള്‍.
Content Highlight: Hardik Pandya tops the list of most wickets for India against a team in T20 World Cup
സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ