2026 ടി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ നിര്‍ണായക മത്സരത്തില്‍ സെമി ഫൈനലുറപ്പിക്കാനുള്ള പോരാട്ടത്തിലാണ് ഇന്ത്യ. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കുന്ന ടീമിന് ഗ്രൂപ്പ് 1ല്‍ നിന്നും സെമി കളിക്കാം.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 195 റണ്‍സ് നേടി.
ഇന്ത്യയ്ക്കായി ജസ്പ്രീത് ബുംറ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
അപകടകാരിയായ ഷെര്‍ഫാന്‍ റൂഥര്‍ഫോര്‍ഡിന്റെ വിക്കറ്റ് വീഴ്ത്തിയെങ്കിലും ഒരു മോശം റെക്കോഡ് ഹര്‍ദിക്കിന്റെ പേരില്‍ കുറിക്കപ്പെട്ടിരിക്കുകയാണ്. ഒരു ടി-20 ലോകകപ്പില്‍ ഏറ്റവുമധികം സിക്‌സര്‍ വഴങ്ങുന്ന ബൗളര്‍ എന്ന അനാവശ്യ നേട്ടമാണ് ഹര്‍ദിക്കിന്റെ പേരില്‍ കുറിക്കപ്പെട്ടത്. ഈ മത്സരത്തില്‍ നാല് സിക്‌സറുകള്‍ താരം വഴങ്ങി.
ഹര്‍ദിക് പാണ്ഡ്യ
(താരം – ടീം – സിക്‌സര്‍ – വര്‍ഷം എന്നീ ക്രമത്തില്‍)
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 15 – 2026*
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 14 – 2026
രവീന്ദ്ര ജഡേജ – ഇന്ത്യ – 13 – 2010
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 13 – 2024
ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 12 – 2016
ബ്രാഡ് വീല്‍ – സ്‌കോട്‌ലാന്‍ഡ് – 12 – 2021
മുസ്തഫിസുര്‍ റഹ്‌മാന്‍ – ബംഗ്ലാദേശ് – 12 – 2021
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസിനായി ഒന്നാം വിക്കറ്റില്‍ ക്യാപ്റ്റന്‍ ഷായ് ഹോപ്പും റോസ്റ്റണ്‍ ചെയ്‌സും ചേര്‍ന്ന് 68 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. 33 പന്തില്‍ 32 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ഷായ് ഹോപ്പിനെ മടക്കി വരുണ്‍ ചക്രവര്‍ത്തിയാണ് കൂട്ടുകെട്ട് പൊളിച്ചത്.
മൂന്നാം നമ്പറില്‍ കളത്തിലിറങ്ങിയ ഹെറ്റ്‌മെയര്‍ സ്വതസിദ്ധമായ രീതിയില്‍ ബാറ്റ് വീശവെ ബുംറയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണിന്റെ കൈകളിലൊതുങ്ങി പുറത്തായി. 12 പന്തില്‍ 27 റണ്‍സടിച്ചാണ് താരം മടങ്ങിയത്.
അതേ ഓവറില്‍ തന്നെ സെറ്റ് ബാറ്റര്‍ റോസ്റ്റണ്‍ ചെയ്‌സിനെയും മടക്കിയ ബുംറ വിന്‍ഡീസിന് ഇരട്ട പ്രഹരം സമ്മാനിച്ചു. 25 പന്തില്‍ 40 റണ്‍സടിച്ചാണ് താരം പുറത്തായത്.
റോവ്മന്‍ പവല്‍ 19 പന്തില്‍ പുറത്താകാതെ 34 റണ്‍സും ജേസണ്‍ ഹോള്‍ഡര്‍ 22 പന്തില്‍ പുറത്താകാതെ 37 റണ്‍സും നേടി മിഡില്‍ ഓര്‍ഡറില്‍ കരുത്തായി.
ഒടുവില്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 195ലെത്തി.
Content Highlight: Hardik Pandya tops the list of most sixes conceded in single edition of T20WC