| Monday, 2nd March 2026, 6:55 pm

വിജയത്തിലും കരഞ്ഞ് ഹര്‍ദിക്; ആരും ആഗ്രഹിക്കാത്ത നേട്ടത്തില്‍ തലപ്പത്ത്

ഫസീഹ പി.സി.

2026 ടി-20 ലോകകപ്പില്‍ ഇന്ത്യ സൂപ്പര്‍ വിജയവുമായി സെമി ഫൈനല്‍ ബെര്‍ത്ത് സ്വന്തമാക്കിയിരുന്നു. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസിന് എതിരെ അഞ്ച് വിക്കറ്റിനാണ് ടീം വിജയിച്ചത്. മലയാളി താരം സഞ്ജു സാംസണിന്റെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ കരുത്തിലാണ് നീലപ്പടയുടെ വിജയം.

ഇന്ത്യ വിജയവും സെമി ഫൈനല്‍ പ്രവേശനവും സ്വന്തമാക്കിയെങ്കിലും ഓള്‍ റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയ്ക്ക് നല്ല ഓര്‍മയില്ല ഈ മത്സരം സമ്മാനിക്കുന്നത്. വിന്‍ഡീസിന്റെ ഒരു ബാറ്ററെ മടക്കിയെങ്കിലും താരത്തിന് വിട്ടുകൊടുക്കേണ്ടി വന്നത് 40 റണ്‍സാണ്. നാല് ഓവര്‍ എറിഞ്ഞ താരത്തിന്റെ ഇക്കോണമി പത്താണ്.

ഹര്‍ദിക് പാണ്ഡ്യ. Photo: Crickit/x.com

ഈ പ്രകടനത്തിനൊപ്പം തന്നെ ഹര്‍ദിക് ഒരു മോശം നേട്ടത്തിലും തലപ്പത്തെത്തി. 2026 ടി – 20 ലോകകപ്പില്‍ ഏറ്റവും സിക്‌സ് വഴങ്ങിയ താരങ്ങളുടെ ലിസ്റ്റിലാണ് ഓള്‍റൗണ്ടര്‍ ഒന്നാമതായത്. ഈ വര്‍ഷം ലോകകപ്പില്‍ താരം 15 സിക്‌സുകളാണ് ഇതുവരെ വഴങ്ങിയത്. കഴിഞ്ഞ മത്സരത്തില്‍ വിന്‍ഡീസിനെതിരെ മാത്രം ഹര്‍ദിക് വഴങ്ങിയത് നാല് സിക്‌സുകളാണ്.

ഇതുവരെ ഈ ലിസ്റ്റില്‍ മുന്നിലുണ്ടായിരുന്നത് ഇംഗ്ലണ്ട് താരം ആദില്‍ റഷീദായിരുന്നു. താരം വഴങ്ങിയത് 14 സിക്‌സുകളാണ്.

2026 ടി – 20 ലോകകപ്പില്‍ ഏറ്റവും സിക്‌സ് വഴങ്ങിയ താരങ്ങള്‍

(താരം – ടീം – സിക്‌സുകള്‍ എന്നീ ക്രമത്തില്‍)

ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 15

ആദില്‍ റഷീദ് – ഇംഗ്ലണ്ട് – 14

ജാസ്‌കരന്‍ സിങ് – കാനഡ – 11

സൗരഭ് നേത്രവല്‍ക്കര്‍ – യു.എസ്.എ – 11

സഞ്ജു സാംസണ്‍. Photo: BCCI/x.com

അതേസമയം, ഇന്ത്യന്‍ നിരയില്‍ ബാറ്റിങ്ങില്‍ സഞ്ജു സാംസണ്‍ 50 പന്തില്‍ പുറത്താവാതെ 97 റണ്‍സുമായി തിളങ്ങി. ഒപ്പം തിലക് വര്‍മ (15 പന്തില്‍ 27) ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (16 പന്തില്‍ 18) എന്നിവരും ചേര്‍ത്തു. ബൗളിങ്ങില്‍ രണ്ട് വിക്കറ്റെടുത്ത് ബുംറയും മികച്ച പ്രകടനം നടത്തി.

വെസ്റ്റ് ഇന്‍ഡീസിനായി ജേസണ്‍ ഹോള്‍ഡറും ഷമര്‍ ജോസഫും രണ്ട് വിക്കറ്റും അകീല്‍ ഹൊസൈന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. ബാറ്റിങ്ങിലാവട്ടെ 25 പന്തില്‍ 40 റണ്‍സ് നേടിയ റോസ്റ്റണ്‍ ചെയ്സ് ടോപ് സ്‌കോററായി. 22 പന്തില്‍ 37 റണ്‍സുമായി ജേസണ്‍ ഹോള്‍ഡറും 19 പന്തില്‍ 34* റണ്‍സ് റോവ്മാന്‍ പവലും പുറത്താവാതെ നിന്ന് സംഭാവന ചെയ്തു.

Content Highlight: Hardik Pandya tops the list of Most 6s conceded in 2026 T20 World Cup

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more