| Wednesday, 11th November 2026, 1:53 pm

'എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ കോച്ച് റിക്കി' മുംബൈ വിട്ടതിന് പിന്നാലെ പ്രതികരണവുമായി ഹർദിക് പാണ്ഡ്യ

സ്പോര്‍ട്സ് ഡെസ്‌ക്

2027 ഐ.പി. എല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസ് വിട്ട് പഞ്ചാബ് കിങ്സിൽ ചേർന്ന ഇന്ത്യൻ സ്റ്റാർ ഓൾ റൗണ്ടർ ഹർദിക് പാണ്ഡ്യയുടെ ആദ്യ പ്രതികരണം ശ്രദ്ധ നേടുന്നു. ഹർദിക് പഞ്ചാബിലെത്തിയത് ഔദ്യോഗികമായി പ്രഖ്യാപിച്ചത് പിന്നാലെ താരം തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ ഒരു പോസ്റ്റ് പങ്കുവെച്ചു.

‘എന്റെ ക്യാപ്റ്റൻ ശ്രേയസ്, എന്റെ പരിശീലകൻ റിക്കി, എന്റെ ടീം പഞ്ചാബ്, ഞാൻ നിങ്ങളുടെ പുറകിലുണ്ട്’ എന്ന ക്യാപ്ഷനോടെ പഞ്ചാബിന്റെ ജേഴ്സി ധരിച്ചുകൊണ്ടുള്ള ചിത്രമാണ് ഹർദിക് പങ്കുവെച്ചത്.

ഈ ട്രേഡ് നടക്കുന്നതിന് മുന്നോടിയായി പഞ്ചാബിന്റെ ക്യാപ്റ്റൻ സ്ഥാനം ഹർദിക് പാണ്ഡ്യ ആവശ്യപ്പെട്ടുവെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ പ്രചരിപ്പിക്കുന്നു. ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻ സ്ഥാനം ഹർദിക് ആവശ്യപ്പെട്ടുവെന്ന വാർത്തകൾ നിലനിന്നിരുന്നു. ഇപ്പോൾ ഇതിനെല്ലാം ഹർദിക് പാണ്ഡ്യ തന്റെ ആദ്യ പ്രതികരണത്തിലൂടെ തന്നെ വിരാമമിട്ടിരിക്കുകയാണ്.

ഇന്ത്യൻ പേസർ അർഷ്ദീപ് സിങ്ങിനെ മുംബൈ ഇന്ത്യൻസിന് കൈമാറിയാണ് ഹർദിക്കിനെ പഞ്ചാബ് സ്വന്തമാക്കിയത്. ഈ നീക്കത്തിലൂടെ പഞ്ചാബിന് വലിയ നേട്ടമുണ്ടാവുമെന്നുറപ്പാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന ഒരു കരുത്തുറ്റ ഓൾ റൗണ്ടറെയാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രിമീയർ ലീഗിൽ 2015ൽ അരങ്ങേറിയ ഹർദിക് 162 മത്സരങ്ങളിൽ നിന്നും 2955 റൺസാണ് നേടിയിട്ടുള്ളത്. 10 അർധ സെഞ്ച്വറികളും ഇന്ത്യൻ ഓൾ റൗണ്ടറുടെ അക്കൗണ്ടിലുണ്ട്. ബൗളിങ്ങിൽ 82 വിക്കറ്റുകളാണ്‌ ഹർദിക് നേടിയിട്ടുള്ളത്. ഒരു ഫൈഫറും താരം സ്വന്തമാക്കി.

ഐപിഎല്ലിൽ ക്യാപ്റ്റൻസിയിലും കഴിവ് തെളിയിച്ച താരമാണ് ഹർദിക്. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻമാരാക്കിയ ഹർദിക് ക്യാപ്റ്റൻസി മികവ് തെളിയിച്ചത്. ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ തോൽപിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയർത്തിയത്.

രണ്ടാം സീസണിൽ ഗുജറാത്തിനെ ഫൈനലിൽ എത്തിക്കാനും താരത്തിന് സാധിച്ചു, ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്‌സിന് മുമ്പിൽ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.

2024 ഐ.പി.എല്ലിൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും മാറ്റി മുംബൈ ഹർദിക് പാണ്ഡ്യയെ നായകനായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഗുജറാത്തിനൊപ്പമുള്ള ക്യാപ്റ്റൻസി മികവ് ഹർദിക്കിന് മുംബൈയിൽ ആവർത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു.

എന്നാൽ പഞ്ചാബിൽ എത്തിയതോടെ ക്യാപ്റ്റൻസിയുടെ സമ്മർദമില്ലാതെ ഹർദിക് മികച്ച പോരാട്ടം നടത്തുമെന്ന് തന്നെയാണ് ആരാധകർ വിശ്വസിക്കുന്നത്. മുംബൈക്കൊപ്പം പല തവണ ഐ.പി.എൽ ചാമ്പ്യനായ ഹർദിക് പഞ്ചാബിനെ ആദ്യ കിരീടത്തിലേക്ക് നയിക്കുമോയെന്നും കണ്ടുതന്നെ അറിയണം.

Content Highlight: Hardik Pandya’s first reaction after leaving Mumbai Indians to join Punjab Kings is gaining attention

Latest Stories

We use cookies to give you the best possible experience. Learn more