2026 ടി-20 ലോകകപ്പില്‍ പാകിസ്ഥാനെതിരെ അനായാസ വിജയം നേടിയാണ് ഇന്ത്യ സൂപ്പര്‍ 8ന് യോഗ്യതയുറപ്പിച്ചത്. കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 61 റണ്‍സിന് പാകിസ്ഥാനെ നാണംകെടുത്തിയാണ് സൂര്യയും സംഘവും കൂറ്റന്‍ വിജയം സ്വന്തമാക്കിയത്.
ഇന്ത്യ ഉയര്‍ത്തിയ 176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പാകിസ്ഥാന്‍ വെറും 114 റണ്‍സിന് പുറത്തായി. ഇഷാന്‍ കിഷന്റെ ബാറ്റിങ് കരുത്തും ബൗളര്‍മാരുടെ മികച്ച പ്രകടനത്തിലുമാണ് ഇന്ത്യ അനായാസ വിജയം സ്വന്തമാക്കിയത്.
സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയില്‍ ഏറ്റവും മികച്ച രീതിയില്‍ പന്തെറിഞ്ഞത്. ബാറ്റെടുത്തപ്പോള്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങേണ്ടി വന്നതിന്റെ സകല നിരാശയും ബൗളിങ്ങില്‍ തീര്‍ത്താണ് പാണ്ഡ്യ കളം വിട്ടത്.
പാക് ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാനെ പൂജ്യത്തിന് മടക്കിയ ഹര്‍ദിക് 18ാം ഓവറിലെ അവസാന പന്തില്‍ പതിനൊന്നാമന്‍ ഉസ്മാന്‍ താരിഖിനെയും പൂജ്യത്തിന് പുറത്താക്കി.
വിക്കറ്റ് നേട്ടത്തില്‍ ഹർദിക്കിനെ അഭിനന്ദിക്കുന്ന ഇഷാന്‍ കിഷന്‍. Photo: BCCI
ഒരു മെയ്ഡന്‍ അടക്കം മൂന്ന് ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് താരം രണ്ട് വിക്കറ്റ് വീഴ്ത്തിയത്.
ഇതോടെ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ പാകിസ്ഥാനെതിരെ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ് പാണ്ഡ്യ. 17 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.
(താരം – ടീം – വിക്കറ്റ് എന്നീ ക്രമത്തില്‍)
ഹര്‍ദിക് പാണ്ഡ്യ – ഇന്ത്യ – 17*
മിച്ചല്‍ സ്റ്റാര്‍ക് – ഓസ്‌ട്രേലിയ – 11
രവീന്ദ്ര ജഡേജ – ഇന്ത്യ – 10
ആശിഷ് നെഹ്‌റ – ഇന്ത്യ – 10
ഇര്‍ഫാന്‍ പത്താന്‍ – ഇന്ത്യ – 9
കോര്‍ട്ണി വാല്‍ഷ് – വെസ്റ്റ് ഇന്‍ഡീസ് – 9
ജസ്പ്രീത് ബുംറ – ഇന്ത്യ – 8*
കുല്‍ദീപ് യാദവ് – ഇന്ത്യ – 8*
മിച്ചല്‍ ജോണ്‍സണ്‍ – ഓസ്‌ട്രേലിയ – 8
മുത്തയ്യ മുരളീധരന്‍ – ശ്രീലങ്ക – 8
വെങ്കിടേഷ് പ്രസാദ് – ഇന്ത്യ – 8
കൈല്‍ മില്‍സ് – ന്യൂസിലാന്‍ഡ് – 8
ഡെയ്ല്‍ സ്റ്റെയ്ന്‍ – സൗത്ത് ആഫ്രിക്ക – 8
ഡാനിയല്‍ വെറ്റോറി – ന്യൂസിലാന്‍ഡ് – 8
പാകിസ്ഥാനെതിരെ വിവിധ ഐ.സി.സി ടൂര്‍ണമെന്റുകളിലായി ഒമ്പത് മത്സരങ്ങളില്‍ ഹര്‍ദിക് പന്തെറിഞ്ഞിട്ടുണ്ട്. ഇതില്‍ ഒമ്പതിലും താരം വിക്കറ്റ് വീഴ്ത്തിയിട്ടുമുണ്ട്.
2016 ടി-20 ലോകകപ്പ് – 2-0-25-1
2017 ചാമ്പ്യന്‍സ് ട്രോഫി – 8-0-43-2
2017 ചാമ്പ്യന്‍സ് ട്രോഫി – 10-0-53-1
2019 ഏകദിന ലോകകപ്പ് – 8-0-44-2
2022 ടി-20 ലോകകപ്പ് – 4-0-30-3
2023 ഏകദിന ലോകകപ്പ് – 6-0-34-2
2024 ടി-20 ലോകകപ്പ് – 4-0-24-2
2025 ചാമ്പ്യന്‍സ് ട്രോഫി – 8-0-31-2
2026 ടി-20 ലോകകപ്പ് – 3-1-16-2
അതേസമയം, ഗ്രൂപ്പ് എ-യില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. കളിച്ച മൂന്നില്‍ മൂന്ന് വിജയവുമായി ആറ് പോയിന്റാണ് ഇന്ത്യയ്ക്കുള്ളത്. മോശം റണ്‍ റേറ്റിന്റെ അടിസ്ഥാനത്തില്‍ പാകിസ്ഥാന്‍ യു.എസ്.എയ്ക്കും പിന്നില്‍ മൂന്നാമതാണ്.
ഫെബ്രുവരി 18നാണ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയുടെ അവസാന മത്സരം. അഹമ്മദാബാദില്‍ നടക്കുന്ന മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സാണ് എതിരാളികള്‍.
Content Highlight: Hardik Pandya picks 17 wickets against Pakistan in ICC tournaments