ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ താരകൈമാറ്റം നടന്നു. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യ പഞ്ചാബ് കിങ്സിലേക്കും പേസർ അർഷ്ദീപ് സിങ് മുംബൈ ഇന്ത്യൻസിലേക്കും കൂടുമാറി. അർദീപിനൊപ്പം മലയാളി താരം വിഷ്ണു വിനോദ് മുംബൈയിലേക്ക് ചേക്കേറുമെന്ന് റിപ്പോർട്ടുകൾ നിലനിന്നിരുന്നു. എന്നാൽ മലയാളി താരം പഞ്ചാബിൽ തന്നെ തുടരുമെന്ന് ഉറപ്പായി.
ഈ നീക്കത്തിലൂടെ പഞ്ചാബിന് വലിയ നേട്ടമുണ്ടാവുമെന്നുറപ്പാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന ഒരു കരുത്തുറ്റ ഓൾ റൗണ്ടറെയാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്. മുംബൈയുടെ നായകസ്ഥാനം കൈവിട്ടാണ് ഹർദിക് പഞ്ചാബിന്റെ തട്ടകത്തിൽ എത്തിയിരിക്കുന്നത്.
2024 ഐ.പി.എല്ലിൽ രോഹിത് ശർമയെ ക്യാപ്റ്റൻ സ്ഥാനത്ത് നിന്നും നീക്കം ചെയതാണ് മുംബൈ ഹർദിക് പാണ്ഡ്യയെ നായകനായി നിയമിച്ചിരുന്നത്. മുംബൈ ഇന്ത്യൻസുമായി പിണങ്ങിപ്പിരിഞ്ഞ ഹർദിക്കിനെ വീണ്ടും തങ്ങളുടെ തട്ടകത്തിൽ എത്തിച്ചുകൊണ്ട് മുംബൈ ക്യാപ്റ്റൻ സ്ഥാനം നൽകുകയായിരുന്നു.
ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻമാരാക്കിയ ഹർദിക് ക്യാപ്റ്റൻസി മികവ് തെളിയിച്ചിരുന്നു. ആദ്യ സീസണിൽ രാജസ്ഥാൻ റോയൽസിനെ ഫൈനലിൽ തോൽപിച്ചുകൊണ്ടാണ് പാണ്ഡ്യ കിരീടമുയർത്തിയത്.
രണ്ടാം തവണ ഫൈനലിലെത്തിയെങ്കിലും കലാശപ്പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന് മുമ്പിൽ വീണുപോകാനായിരുന്നു പാണ്ഡ്യയുടെയും കൂട്ടരുടെയും വിധി.
എന്നാൽ ഗുജറാത്തിനൊപ്പമുള്ള ക്യാപ്റ്റൻസി മികവ് ഹർദിക്കിന് മുംബൈയിൽ ആവർത്തിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. ടീമിന്റെ മോശം പ്രകടനങ്ങളിൽ രോഹിത്തിനെ ക്യാപ്റ്റൻസിയിൽ നിന്നും മാറ്റിയതിനെതിരെ ആരാധകരിൽ നിന്നും വലിയ വിമർശനങ്ങൾ മുംബൈ ഇന്ത്യൻസ് നേരിട്ടിരുന്നു.
ഹർദിക്കിന്റെ കീഴിൽ ഒറ്റത്തവണ മാത്രമാണ് മുംബൈ പ്ലേ ഓഫിൽ എത്തിയത്. ഹർദിക് ക്യാപ്റ്റൻസി ഏറ്റെടുത്ത ആദ്യ സീസണിൽ തന്നെ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. 2020ന് ശേഷം ഒരിക്കൽ പോലും മുംബൈയ്ക്ക് ഫൈനലിലേക്ക് കടക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ഹർദിക്കിനെ മുംബൈ പഞ്ചാബിന് കൈമാറിയത്.
ഐ.പി.എല്ലിൽ നേരത്തെ ക്യാപ്റ്റനായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം കിരീടം ചൂടിയ ശ്രേയസ് അയ്യരും ഗുജറാത്തിന് കിരീടം നൽകിയ ഹർദിക്കും പഞ്ചാബിൽ ഒന്നിക്കുമ്പോൾ ടീമിന്റെ ആദ്യ കിരീടത്തിന് വേണ്ടിയുള്ള കാത്തിരിപ്പ് അവസാനിക്കുമെന്നാണ് ആരാധകർ വിശ്വസിക്കുന്നത്.
മറുഭാഗത്ത് പഞ്ചാബിൽ നിന്നും അർഷ്ദീപ് എത്തുന്നത് ടീമിന് കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർഷ്ദീപ് ടി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ്. താരത്തിന്റെ വരവ് ജസ്പ്രീത് ബുംറക്കൊപ്പം പേസ് അറ്റാക്കിങ് കൂടുതൽ കരുത്തുറ്റതാക്കി മാറ്റാനായിരിക്കും മുംബൈ ലക്ഷ്യം വെക്കുക. ഐ.പി.എല്ലിൽ 96 മത്സരങ്ങളിൽ നിന്നും 111 വിക്കറ്റുകളാണ് താരം നേടിയിട്ടുള്ളത്.
Content Highlight: IPL 2027; Hardik Pandya joins Punjab Kings, Arshdeep Singh joins Mumbai Indians