2026 ടി-20 ലോകകപ്പില്‍ നമീബിയയെ തകര്‍ത്ത് ഇന്ത്യ തങ്ങളുടെ രണ്ടാം വിജയം സ്വന്തമാക്കിയിരുന്നു. ദല്‍ഹി അരുണ്‍ ജെയ്റ്റിലി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ നമീബിയക്കെതിരെ 93 റണ്‍സിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 210 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കാനിറങ്ങിയ നമീബിയ 116 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.
മത്സരത്തില്‍ ഓള്‍റൗണ്ടിങ് മികച്ച പ്രകടനം നടത്തിയത് സൂപ്പര്‍ താരം ഹര്‍ദിക് പാണ്ഡ്യയായിരുന്നു. 28 പന്തില്‍ നാല് സിക്സും നാല് ഫോറും ഉള്‍പ്പെടെ 52 റണ്‍സാണ് താരത്തിന്റെ ബാറ്റില്‍ നിന്ന് പിറന്നത്.
ഇന്ത്യന്‍ ക്രിക്കറ്റ് ടീം – Photo: BCCI/x.com
പാണ്ഡ്യ അടിച്ച നാല് സിക്സറില്‍ ഒരെണ്ണം പറന്നത് 109 മീറ്ററാണ്. 2026 ലോകകപ്പില്‍ ഒരു താരം നേടുന്ന ഏറ്റവും വലിയ സിക്സാണിത്. മാത്രമല്ല ബൗളിങ്ങില്‍ 21 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും പാണ്ഡ്യ നേടിയിരുന്നു. ഇതോടെ മത്സരത്തിലെ താരമാകാനും പാണ്ഡ്യയ്ക്ക് സാധിച്ചിരുന്നു.
ഇതോടെ ഒരു കിടിലന്‍ റെക്കോഡും താരം സ്വന്തമാക്കിയിരിക്കുകയാണ്. ടി-20 ലോകകപ്പില്‍ 50+ റണ്‍സും ഒരു വിക്കറ്റും നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാകാനാണ് പാണ്ഡ്യയ്ക്ക് സാധിച്ചത്. വെറും രണ്ട് ഇന്ത്യന്‍ താരങ്ങള്‍ക്ക് മാത്രമേ ഈ നേട്ടത്തില്‍ എത്തിച്ചേരാന്‍ സാധിച്ചിട്ടുള്ളൂ. നേരത്തെ സൂപ്പര്‍ താരം വിരാട് കോഹ്‌ലിയാണ് ഈ നേട്ടത്തില്‍ എത്തിയ ആദ്യ താരം. ഇരുവരും രണ്ട് തവണയാണ് റെക്കോഡ് സ്വന്തമാക്കിയത്.
വെടിക്കെട്ട് പ്രകടനത്തോടെ മത്സരത്തിലെ താരമാകാനും പാണ്ഡ്യയ്ക്ക് സാധിച്ചു. മാത്രമല്ല ഐ.സി.സി ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി രണ്ടാം തവണയാണ് പാണ്ഡ്യ മത്സരത്തിലെ താരമാകുന്നത്. കൂടാതെ അന്താരാഷ്ട്ര ടി-20യില്‍ ഏഴ് തവണയാണ് പാണ്ഡ്യ പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് അവാര്‍ഡ് നേടുന്നത്.
അതേസമയം 2026 ടി-20 ലോകകപ്പിലെ ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. ഫെബ്രുവരി 15ന് കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം അരങ്ങേറുന്നത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരത്തിലും ഇരു ടീമുകളും വിജയിച്ചിരുന്നു.