| Thursday, 12th November 2026, 9:50 am

ഹർദിക്കും അർഷ്ദീപും ഇനി സഞ്ജുവിനൊപ്പം; തിരുത്തിയത് ഐ.പി.എൽ ചരിത്രം

സ്പോര്‍ട്സ് ഡെസ്‌ക്

2027 ഐ.പി.എല്ലിന് മുന്നോടിയായി മുംബൈ ഇന്ത്യൻസും പഞ്ചാബ് കിങ്‌സും തമ്മിൽ വമ്പൻ താരകൈമാറ്റമാണ് നടന്നിരിക്കുന്നത്. മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ മുംബൈ വിട്ട് പഞ്ചാബ് കിങ്സിൽ ചേർന്നപ്പോൾ പേസർ അർഷ്ദീപ് സിങ് മുംബൈയിലേക്കും കൂടുമാറി.

ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വലിയ താര കൈമാറ്റമാണ് മുംബൈയും പഞ്ചാബും തമ്മിൽ നടന്നത്. 36 കോടിയാണ് ഇരുടീമുകളും ഡീൽ പൂർത്തിയാക്കിയത്. 2025 ഐ.പി.എൽ മെഗാ ലേലത്തിൽ ആർ.ടി.എം വഴി 18 കോടിക്കായിരുന്നു അർഷ്ദീപിനെ പഞ്ചാബ് സ്വന്തമാക്കിയത്.

2025 സീസണിന് മുന്നോടിയായി മുംബൈ ഹർദിക്കിനെ 16.35 കോടി തുകയ്ക്കാണ് നിലനിർത്തിയത്. എന്നാൽ താരത്തിന്റെ ശമ്പളം 1.65 കോടിയാക്കി വർധിപ്പിക്കുകയായിരുന്നു.

2026 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ നടത്തിയ 34.4 കോടി രൂപയുടെ ട്രേഡാണ് ഇവർക്ക് മുന്നിൽ വഴി മാറിയത്.

മലയാളി സൂപ്പർ താരം സഞ്ജു സാംസണിനെ ചെന്നൈക്ക് കൈമാറി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെയായിരുന്നു രാജസ്ഥാൻ സ്വന്തമാക്കിയിരുന്നത്. 18 കോടിക്ക് രാജസ്ഥാനിൽ നിന്നും ചെന്നൈയിലെത്തിയ സഞ്ജുവിനൊപ്പം ഐ.പി.എല്ലിൽ ഏറ്റവും വലിയ തുകയ്ക്ക് ട്രേഡ് ചെയ്യപ്പെട്ട താരങ്ങളായി അർഷ്ദീപും ഹർദിക്കും മാറി.

ഈ നീക്കത്തിലൂടെ പഞ്ചാബിന് വലിയ നേട്ടമുണ്ടാവുമെന്നുറപ്പാണ്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങാൻ സാധിക്കുന്ന ഒരു കരുത്തുറ്റ ഓൾ റൗണ്ടറെയാണ് ശ്രേയസ് അയ്യർക്കും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

ഇന്ത്യൻ പ്രിമീയർ ലീഗിൽ 2015ൽ അരങ്ങേറിയ ഹർദിക് 162 മത്സരങ്ങളിൽ നിന്നും 2955 റൺസാണ് നേടിയിട്ടുള്ളത്. 10 അർധ സെഞ്ച്വറികളും ഇന്ത്യൻ ഓൾ റൗണ്ടറുടെ അക്കൗണ്ടിലുണ്ട്. ബൗളിങ്ങിൽ 82 വിക്കറ്റുകളാണ്‌ ഹർദിക് നേടിയിട്ടുള്ളത്. ഒരു ഫൈഫറും താരം സ്വന്തമാക്കി.

ഐപിഎല്ലിൽ ക്യാപ്റ്റൻസിയിലും കഴിവ് തെളിയിച്ച താരമാണ് ഹർദിക്. ക്യാപ്റ്റനായ ആദ്യ സീസണിൽ തന്നെ ഗുജറാത്ത് ടൈറ്റൻസിനെ ചാമ്പ്യൻമാരാക്കിയ ഹർദിക് ക്യാപ്റ്റൻസി മികവ് തെളിയിച്ചത്.

മറുഭാഗത്ത് പഞ്ചാബിൽ നിന്നും അർഷ്ദീപ് എത്തുന്നത് മുംബൈക്കും കരുത്തുപകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അർഷ്ദീപ് ടി-20യിലെ ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറാണ്. താരത്തിന്റെ വരവ് ജസ്പ്രീത് ബുംറക്കൊപ്പം പേസ് അറ്റാക്കിങ് കൂടുതൽ കരുത്തുറ്റതാക്കി മാറ്റാനായിരിക്കും മുംബൈ ലക്ഷ്യം വെക്കുക. ഐ.പി.എല്ലിൽ 96 മത്സരങ്ങളിൽ നിന്നും 111 വിക്കറ്റുകളാണ്‌ താരം നേടിയിട്ടുള്ളത്.

Content Highlight: Hardik Pandya and Arshdeep Singh create a huge record in IPL trade history

We use cookies to give you the best possible experience. Learn more