ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന് പിന്തുണയുമായി മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. 2026 ടി-20 ലോകകപ്പ് സ്‌ക്വാഡില്‍ വൈസ് ക്യാപ്റ്റനായ ശുഭ്മന്‍ ഗില്ലിന് സ്ഥാനം ലഭിച്ചിരുന്നില്ല. മോശം ഫോമിനെ തുടര്‍ന്നായിരുന്നു ഗില്ലിനെ സ്‌ക്വാഡില്‍ നിന്ന് മാറ്റി നിര്‍ത്തിയത്. എന്നാല്‍ ഇത് ഗില്ലിന്റെ അവസാനമല്ലെന്നും ഗില്‍ മികച്ച കളിക്കാരനാണെന്നും മികച്ച തിരിച്ചുവരവ് നടത്തുമെന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘ശുഭ്മന്‍ ഗില്ലിന് ഇപ്പോള്‍ റണ്‍സുകള്‍ കുറവാണ്. നല്‍കിയ സ്ഥാനം മികച്ച രീതിയില്‍ ഏറ്റെടുക്കാന് അദ്ദേഹത്തിന് സാധിച്ചില്ല. പക്ഷേ മത്സരം വളരെ വലുതായതിനാല്‍ ടീമിന്റെ സ്ലോട്ടില്‍ ഗുണം ചെയ്യുന്ന നിരവധി കളിക്കാരെ അവര്‍ക്ക് ലഭിച്ചു.
ഇത് അദ്ദേഹത്തിന്റെ അവസാനമല്ല. ഒരു മികച്ച കളിക്കാരനാണ് അദ്ദേഹം. അദ്ദേഹം ഒരു മികച്ച തിരിച്ചുവരവ് നടത്തുമെന്ന് ഞാന്‍ കരുതുന്നു, അദ്ദേഹം ഇപ്പോഴും ടെസ്റ്റ് ക്യാപ്റ്റനാണെന്ന് നമ്മള്‍ മറക്കരുത്, ഹര്‍ഭജന്‍ സിങ് പറഞ്ഞു.
രോഹിത് ശര്‍മയുടെ വിരമിക്കലിനുശേഷം ടെസ്റ്റില്‍ 2025ല്‍ ക്യാപ്റ്റനായി അരങ്ങേറിയ ഗില്ലിന് മികച്ച തുടക്കമായിരുന്നു ലഭിച്ചത്. ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി സമനില പിടിച്ചതും ഇന്ത്യയ്ക്ക് വേണ്ടി കൂടുതല്‍ റണ്‍സ് നേടിയതും ഉള്‍പ്പെടെ ഗില്‍ ഒരുപാട് പ്രശംസ നേടിയിരുന്നു.
സഞ്ജു സാംസണ്‍, ശുഭ്മന്‍ ഗില്‍ – Photo: x.com
ടെസ്റ്റില്‍ ക്യാപ്റ്റനായും ബാറ്ററായും ഒരുപോലെ തിളങ്ങിയ ഗില്ലിന് ഇന്ത്യയുടെ ഏകദിന ക്യാപ്റ്റന്‍സിയും ബി.സി.സി.ഐ നല്‍കി. എന്നാല്‍ ഗില്ലിനെ ഓള്‍ ഫോര്‍മാറ്റ് താരമാക്കാനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തീരുമാനം ടി-20യില്‍ ഫലിച്ചില്ലായിരുന്നു.
സഞ്ജു സാംസണിന് പകരമായി ഓപ്പണിങ് പൊസിഷനിലേക്ക് വൈസ് ക്യാപ്റ്റനായി എത്തിയ ഗില്ലിന് ഫോം കണ്ടെത്താന്‍ സാധിച്ചില്ല. സൗത്ത് ആഫ്രിക്കയ്ക്കെതിരായ ടി-20 പരമ്പരയില്‍ നാല് മത്സരങ്ങളില്‍ നിന്നും 33 റണ്‍സ് മാത്രം നേടിയ ഗില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി.
മാത്രമല്ല മികച്ച പ്രകടനം നടത്തിയ സഞ്ജു സാംസണിന് അര്‍ഹിച്ച അവസരം നഷ്ടപ്പെടുന്നുവെന്ന് വിമര്‍ശനങ്ങളും ഉയര്‍ന്നു. എന്നാല്‍ അഞ്ചാം മത്സരത്തില്‍ സഞ്ജു കളത്തിലിറങ്ങി മികച്ച പ്രകടനം നടത്തിയതിന് പുറമേ ഗില്ലിന് ടി-20യില്‍ തന്റെ സ്ഥാനവും ഇല്ലാതായി. ബാറ്റ് കൊണ്ട് പൂര്‍ണമായും പരാജയപ്പെട്ട ഗില്ലിന് 2026 ലെ ടി-20 ലോകകപ്പില്‍ സ്ഥാനവും ലഭിച്ചില്ല.
Content Highlight: Harbhajan Singh Talking About Shubhman Gill