| Thursday, 12th June 2025, 9:12 pm

ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യ-ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്കുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ജൂണ്‍ 20ന് ആരംഭിക്കുന്ന അഞ്ച് മത്സരങ്ങളടങ്ങുന്ന പരമ്പരയ്ക്ക് വേണ്ടി 18 അംഗ സ്‌ക്വാഡാണ് സെലക്ഷന്‍ കമ്മിറ്റി പ്രഖ്യാപിച്ചത്. ശുഭ്മന്‍ ഗില്ലിനെ ടെസ്റ്റ് ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചാണ് ഇന്ത്യ പുതിയ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ ആരംഭിക്കുന്നത്. വൈസ് ക്യാപ്റ്റനായി റിഷബ് പന്തിനേയും തെരഞ്ഞെടുത്തു.

ഇപ്പോള്‍ ഇന്ത്യയുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ലെന്നും ഗില്ലിന് കുറച്ച് സമയം നല്‍കിയാല്‍ അവസരത്തിനൊത്ത് ഉയരുമെന്നും ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല ക്യാപ്റ്റനെന്ന നിലയില്‍ ഗില്‍ മികവ് പുലര്‍ത്തുമെന്നും മുന്‍ സ്പിന്നര്‍ കൂട്ടിച്ചേര്‍ത്തു.

‘ഓരോ ക്യാപ്റ്റനും പാരമ്പര്യം മുന്നോട്ടുകൊണ്ടുപോവാനുളള കഴിവുണ്ട്. ഒന്നോ രണ്ടോ മാസം കൊണ്ട് ക്യാപ്റ്റന്മാരെ സൃഷ്ടിക്കാനാവില്ല. ഗില്ലിന് നിങ്ങള്‍ കുറച്ച് സമയം നല്‍കുക. അവന്‍ അവസരത്തിനൊത്ത് ഉയരും.

ഒരു ക്യാപ്റ്റനെന്ന നിലയില്‍ അദ്ദേഹം എത്രത്തോളം കഴിവുളള താരമാണെന്ന് നമ്മളെല്ലാം കണ്ടതാണ്. ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യ വീണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇതൊരു മികച്ച യുവ ടീമാണ്. ശുഭ്മന്‍ ഗില്ലിനും ടീം ഇന്ത്യയ്ക്കും ആശംസകള്‍,’ ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലണ്ടിനെതിരായ ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), റിഷബ് പന്ത് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജെയ്‌സ്വാള്‍, കെ. എല്‍. രാഹുല്‍, സായ് സുദര്‍ശന്‍, അഭിമന്യു ഈശ്വരന്‍, കരുണ്‍ നായര്‍, നിതീഷ് കുമാര്‍ റെഡ്ഡി, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍), വാഷിങ്ടണ്‍ സുന്ദര്‍, ഷര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ, ആകാശ് ദീപ്, അര്‍ഷ്ദീപ് സിങ്, കുല്‍ദീപ് യാദവ്

ഇന്ത്യക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ട് സ്‌ക്വാഡ്

ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), ഷൊയ്ബ് ബഷീര്‍, ജേക്കബ് ബെത്തല്‍, ഹാരി ബ്രൂക്ക്, ബ്രൈഡന്‍ കാര്‍സി, സാം കുക്ക്, സാക്ക് ക്രോളി, ബെന്‍ ഡക്കറ്റ്, ജെയ്മി ഓവര്‍ട്ടണ്‍, ഒല്ലി പോപ്പ്, ജോ റൂട്ട്, ജെയ്മി സ്മിത്, ജോഷ് ടോങ്, ക്രിസ് വോക്‌സ്‌

Content Highlight: Harbhajan Singh Talking About Shubhman Gill

We use cookies to give you the best possible experience. Learn more