| Saturday, 11th April 2026, 7:10 pm

ആര്‍.സി.ബിയെ തോല്‍പ്പിച്ച് അവര്‍ വലിയൊരു സിഗ്‌നല്‍ നല്‍കിയിട്ടുണ്ട്; രാജസ്ഥാനെ കുറിച്ച് ഹര്‍ഭജന്‍

ഫസീഹ പി.സി.

ആര്‍.സി.ബിയെ തോല്‍പ്പിച്ചതോടെ ഐ.പി.എല്ലില്‍ കിരീടം നേടാന്‍ സാധ്യതയുള്ളവരായി രാജസ്ഥാന്‍ റോയല്‍സ് മാറിയെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. രാജസ്ഥാന്‍ നാല് മത്സരങ്ങള്‍ കൂടി ജയിച്ചാല്‍ പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീമാകുമെന്നും അവര്‍ ഈ മൊമെന്റം തുടരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.

പവര്‍ പ്ലേയില്‍ രാജസ്ഥാന്‍ നടത്തുന്നത് പോലൊരു ബാറ്റിങ് മറ്റൊരു ടീമും പുറത്തെടുക്കുന്നില്ലെന്നും അത് അവര്‍ സ്ഥിരതയോടെയാണ് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.

ഹർഭജൻ സിങ്. Photo: Maanu/x.com

‘ആര്‍.സി.ബിയെ തോല്‍പ്പിച്ചതോടെ തങ്ങള്‍ ഐ.പി.എല്ലില്‍ കിരീടം നേടാന്‍ സാധ്യതയുള്ളവരാണെന്ന് രാജസ്ഥാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാല് മത്സരങ്ങള്‍ കൂടി അവര്‍ ജയിച്ചാല്‍ പ്ലേ ഓഫില്‍ എത്തുന്ന ആദ്യ ടീമാകും രാജസ്ഥാന്‍. അവര്‍ ഈ മൊമെന്റം തുടരണമെന്നാണ് എന്റെ ആഗ്രഹം.

രാജസ്ഥാന്‍ ഇപ്പോള്‍ നാലില്‍ നാലും ജയിച്ച് ഈ യുവനിരയുടെ കരുത്ത് തെളിയിക്കുകയാണ്. ഇവര്‍ നടത്തുന്നത് പോലെ ഒരു പ്രകടനം പവര്‍ പ്ലേയില്‍ മറ്റൊരും ടീമും പുറത്തെടുക്കുന്നില്ല. അവര്‍ സ്ഥിരതയോടെ ബാറ്റ് ചെയ്യുന്നത് കൊണ്ടാണ് ഒന്നാം സ്ഥാനത്ത് എത്തിയത്.

അവരുടെ ബൗളിങ്ങും മികച്ചതാണ്. പ്രത്യേകിച്ച് രവി ബിഷ്ണോയി. അവസാന സീസണില്‍ അവന് വെറും ഒമ്പത് വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്. ഇപ്പോള്‍ അവന്‍ നാല് മത്സരങ്ങള്‍ കൊണ്ടത് നേടി,’ ഹര്‍ഭജന്‍ പറഞ്ഞു.

രാജസ്ഥാൻ റോയൽസ് താരങ്ങൾ. Photo: IndianPremierLeague/x.com

ഐ.പി.എല്‍ 2026ല്‍ രാജസ്ഥാന്‍ തങ്ങളുടെ അപരാജിത കുതിപ്പ് തുടരുകയാണ്. ഇതുവരെ സീസണില്‍ കളിച്ച നാല് മത്സരങ്ങളിലും ടീം വിജയിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, മുംബൈ ഇന്ത്യന്‍സ്, റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു എന്നിവരെയാണ് പിങ്ക് ആര്‍മി പരാജയപ്പെടുത്തിയത്. നിലവില്‍ രാജസ്ഥാന്‍ പോയിന്റ് ടേബിളില്‍ ഒന്നാമതാണ്. ടീമിന് എട്ട് പോയിന്റും +2.055 നെറ്റ് റണ്‍ റേറ്റുമുണ്ട്.

Content Highlight: Harbhajan Singh says that Rajasthan Royals became contenders to win IPL 2026 by defeating RCB

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

Latest Stories

We use cookies to give you the best possible experience. Learn more