സൗത്ത് ആഫ്രിക്കക്ക് എതിരെയുള്ള 2026 ടി – 20 ലോകകപ്പ് സൂപ്പര്‍ 8 മത്സരത്തില്‍ അക്സര്‍ പട്ടേലിനെ കളിപ്പിക്കാത്തതിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. അക്സറിനെ ഒഴിവാക്കിയത് വിചിത്ര തീരുമാനമാണെന്നും താരം പ്രോട്ടിയാസിന് എതിരെ കളിക്കേണ്ടിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മികച്ചൊരു ബൗളര്‍ക്ക് ഏതൊരു താരത്തെയും നേരിടാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
ഹര്‍ഭജന്‍ സിങ്. Photo: Crictracker/x.com
‘നിങ്ങളുടെ വൈസ് ക്യാപ്റ്റനായ അക്സര്‍ പട്ടേലിനെ മാറ്റിയാണ് വാഷിങ്ടണ്‍ സുന്ദറിനെ കളിപ്പിച്ചത്. ഇതൊരു വിചിത്ര തീരുമാനമാണ്. ഈ മാറ്റങ്ങള്‍ മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. കമ്പ്യൂട്ടര്‍ കാണിച്ച് തരുന്ന കണക്കുകള്‍ക്ക് എന്ത് പ്രസക്തിയാണുള്ളത്. കേശവ് മഹാരാജ് പന്തെറിഞ്ഞത് നോക്കൂ. റിങ്കു സിങ്ങിനെ പുറത്താക്കിയതിന് ഒപ്പം ശിവം ദുബൈയ്ക്ക് എതിരെയും മികച്ച പ്രകടനമാണ് അവന്‍ നടത്തിയത്.
ഒരു നല്ല ബൗളര്‍ക്ക് ഏതൊരു താരത്തിനെയും നേരിടാന്‍ സാധിക്കും. അക്സര്‍ ഈ മത്സരത്തിന് ഉണ്ടാവേണ്ടതായിരുന്നു. വാഷിങ്ടൺ മികച്ചൊരു താരം തന്നെയാണ്. പക്ഷേ, സൗത്ത് ആഫ്രിക്കക്ക് എതിരെ കളിക്കേണ്ടിയിരുന്നത് അക്‌സറായിരുന്നു,’ ഹര്‍ഭജന്‍ പറഞ്ഞു.
അക്‌സർ പട്ടേലും വാഷിങ്ടൺ സുന്ദറും. Photo: espncricinfo.com
സൂപ്പര്‍ 8ലെ ആദ്യ പോരാട്ടത്തില്‍ ഇന്ത്യ പ്രോട്ടിയാസിനോട് 76 റണ്‍സിന് പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തില്‍ അക്‌സറിന് പകരം വാഷിങ്ടണ്‍ സുന്ദറാണ് ടീമിലെത്തിയത്. എന്നാല്‍, മത്സരത്തില്‍ വെറും രണ്ട് ഓവറുകളില്‍ മാത്രമാണ് സൂര്യ താരത്തിന് പന്തേല്‍പ്പിച്ചത്.
ഇതിലാകട്ടെ സുന്ദര്‍ 17 റണ്‍സും വിട്ടുകൊടുത്തു. താരത്തിന് ബാറ്റിങ്ങിലും തിലകന്‍ സാധിച്ചില്ല. അഞ്ചാമതെത്തിയ ഓള്‍ റൗണ്ടര്‍ 11 പന്തില്‍ 11 റണ്‍സുമായി തിരികെ നടന്നു. ഇതോടെയാണ് ഹര്‍ഭജന്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന് എതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്.
Content Highlight: Harbhajan Singh says that including Washington Sundar in place of Axar Patel was a strange decision