സണ്‍റൈസേഴ്സ് ഹൈദരാബാദ് താരം ഹെന്റിക് ക്ലാസനെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഐ.പി.എല്ലില്‍ ചുരുക്കം ചില വിദേശ താരങ്ങള്‍ മാത്രമാണ് സ്ഥിരതയാര്‍ന്ന പ്രകടനം നടത്താറുള്ളതെന്നും എന്നാല്‍, ക്ലാസന്‍ എല്ലാ സീസണുകളിലും അത് ആവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൈദരാബാദ് തന്റെ ജീവിതം മാറ്റിയെന്ന് പറയുന്ന ക്ലാസന്‍ ടീമിന്റെ തലവര മാറ്റിയെന്നും പവര്‍പ്ലേയിലെ പോലെ റണ്‍സ് കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ള മധ്യനിരയില്‍ ഇറങ്ങി അനായാസമായി സിക്സറുകള്‍ നേടുന്നത് വലിയ കഴിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ സംസാരിക്കുകയായിരുന്നു ഹര്‍ഭജന്‍.
ഹർഭജൻ സിങ്. Photo: Crictracker/x.com
‘ഐ.പി.എല്ലില്‍ ഇത്ര സ്ഥിരതയോടെ കളിക്കുന്ന വിദേശ താരങ്ങള്‍ വളരെ ചുരുക്കമാണ്. ഒന്നോ രണ്ടോ സീസണുകളിൽ ചിലപ്പോള്‍ നടത്തിയിട്ടുണ്ടാകാം. എന്നാല്‍, ഹെന്റിക് ക്ലാസന്‍ അത് എല്ലാ സീസണുകളിലും ആവര്‍ത്തിക്കുന്നു. സണ്‍റൈസേഴ്സ് തന്റെ ജീവിതം മാറ്റിയെന്ന് അവന്‍ പറയാറുണ്ട്.
എന്നാല്‍ ടീമിലെത്തിയതോടെ ഹൈദരാബാദിന്റെ തലവര തന്നെ അവന്‍ മാറ്റിമറിച്ചു. ഈ ടീമിപ്പോള്‍ തികച്ചും വ്യത്യസ്തമാണ്. ഏറ്റവും മികച്ച താരത്തിൽ നിന്ന് പ്രതീക്ഷിക്കുന്ന പ്രകടനമാണ് ക്ലാസന്‍ നടത്തുന്നത്. ടോപ് ഓര്‍ഡറില്‍ അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ എന്നിവർ മികച്ച പ്രകടനം നടത്തുന്നുണ്ട്.
എന്നാല്‍ മധ്യനിരയില്‍ ബാറ്റ് ചെയ്യുക വളരെ ബുദ്ധിമുട്ടാണ്. പവര്‍ പ്ലേയില്‍ റണ്‍സ് കണ്ടെത്താന്‍ എളുപ്പമാണ്. എന്നാല്‍, ഫീല്‍ഡിങ് നിയന്ത്രങ്ങള്‍ മാറിയതിന് ശേഷം മധ്യനിരയില്‍ ഇറങ്ങി അനായാസം സിക്സറുകള്‍ നേടുന്നത് വലിയ കഴിവാണ്,’ ഹര്‍ഭജന്‍ പറഞ്ഞു.
ഹെന്‌റിക്ക് ക്ലാസന്‍. Photo: IndianPremierLeague/x.com
ഐ.പി.എല്‍ 2026ല്‍ ക്ലാസന്‍ മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. 14 ഇന്നിങ്സുകളില്‍ കളിച്ച താരം ഇതിനകം തന്നെ 606 റണ്‍സ് നേടിയിട്ടുണ്ട്. ഇതോടെ ഐ.പി.എല്ലില്‍ 600+ റണ്‍സ് നേടുന്ന ആദ്യ മധ്യനിര ബാറ്റര്‍ എന്ന നേട്ടവും പ്രോട്ടിയാസ് താരം സ്വന്തമാക്കിയിരുന്നു.
ഈ സീസണില്‍ ക്ലാസന്‍ ഇതിനകം തന്നെ ആറ് അര്‍ധ സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. പഞ്ചാബ് കിങ്‌സിനെതിരെ നേടിയ 69 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍. 50.50 ശരാശരിയും 159.47 സ്‌ട്രൈക്ക് റേറ്റുമാണ് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ക്കുള്ളത്.
Content Highlight: Harbhajan Singh says that Heinrich Klaasen has changed the fortune of SRH