| Tuesday, 24th February 2026, 12:16 pm

ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകും; തുറന്ന് പറഞ്ഞ് ഹര്‍ഭജന്‍ സിങ്

ശ്രീരാഗ് പാറക്കല്‍

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ ഇന്ത്യ പരാജയപ്പെട്ടിരുന്നു. മത്സരത്തിലെ പരാജയം ഇപ്പോള്‍ എട്ടിന്റെ പണിയാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുകന്നത്. സൂപ്പര്‍ 8ല്‍ ഗ്രൂപ്പ് ഒന്നില്‍ സിംബാബ്‌വേയ്‌ക്കെതിരായ വെസ്റ്റ് ഇന്‍ഡീസിന്റെ കൂറ്റന്‍ വിജയം കൂടി രേഖപ്പെടുത്തിയതോടെയാണ് ഇന്ത്യയ്ക്ക് ഡു ഓര്‍ ഡൈ മാച്ച് മുന്നിലെത്തിയത്. ഇപ്പോള്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുതയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്.

വെസ്റ്റ് ഇന്‍ഡീസ് ഇപ്പോഴത്തെ സ്ഥിതി വളരെ കടുപ്പമേറിയതാക്കിയെന്നും ഇനി സൗത്ത് ആഫ്രിക്കയും ഇന്ത്യയും അവരുടെ രണ്ട് മത്സരങ്ങള്‍ വിജയിച്ചാലെ, ഇന്ത്യയ്ക്ക് സെമിയിലേക്ക് സ്ഥാനം ഉറപ്പിക്കാന്‍ സാധിക്കൂ എന്ന് ഹര്‍ഭജന്‍ പറഞ്ഞു. അഥവാ വെസ്റ്റ് ഇന്‍ഡീസ് സൗത്ത് ആഫ്രിക്കയെ പരാജയപ്പെടുത്തിയാല്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ടീം ഇന്ത്യ – Photo: BCCI

‘വെസ്റ്റ് ഇന്‍ഡീസ് ഇപ്പോഴത്തെ സ്ഥിതി വളരെ കടുപ്പമേറിയതാക്കി. ഇനി സൗത്ത് ആഫ്രിക്ക അവരുടെ അടുത്ത രണ്ട് മത്സരങ്ങള്‍ ജയിക്കുകയും, ഇന്ത്യ അവരുടെ അടുത്ത രണ്ട് മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍, ഞങ്ങള്‍ തീര്‍ച്ചയായും യോഗ്യത നേടും. പക്ഷേ ഞങ്ങള്‍ സൗത്ത് ആഫ്രിക്കയെ ആശ്രയിക്കുന്നു.

വെസ്റ്റ് ഇന്‍ഡീസ് സൗത്ത് ആഫ്രിക്കയെ തോല്‍പ്പിച്ചാല്‍, ഇന്ത്യ 183 റണ്‍സ് മാര്‍ജിന്റെ വിജയം നേടേണ്ടിവരും. സാധാരണയായി 20 ഓവറുകളില്‍ ഇത്ര റണ്‍സേ നേടാറുള്ളൂ. ഇത് വളരെ വലിയ മാര്‍ജിനാണ്. ഈ സാഹചര്യം വളരെ ബുദ്ധിമുട്ടാണ്, അങ്ങനെയാണെങ്കില്‍ ഇന്ത്യ ലോകകപ്പില്‍ നിന്ന് പുറത്താകും,’ ഹര്‍ഭജന്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു .

സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ ഇന്ത്യ 76 റണ്‍സിനാണ് സൗത്ത് ആഫ്രിക്കയോട് പരാജയപ്പെട്ടത്. മത്സരത്തില്‍ പ്രോട്ടിയാസ് ഉയര്‍ത്തിയ 188 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 111 റണ്‍സിന് പുറത്താവുകയായിരുന്നു.

മോശം ഫോമിലുള്ള ഇന്ത്യയുടെ ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങാണ് ഇന്ത്യയക്ക് വലിയ ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.  ഇനിയുള്ള മത്സരങ്ങള്‍ ഇന്ത്യയ്ക്ക് നിര്‍ണായകമാണ്. സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ അടുത്ത മത്സരം സിബാബ്‌വേക്കെതിരെയാണ്.

ജനുവരി 26ന് ചെന്നൈയിലെ ചിദംബരം സ്റ്റേഡിയത്തിലാണ് ഇന്ത്യയുടെ മത്സരം. നിര്‍ണായകമായ മത്സരത്തില്‍ ഇന്ത്യയ്ക്ക് വേണ്ടി സഞ്ജു സാംസണിന് കളത്തിലിറങ്ങാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ. ഇന്ത്യന്‍ അസിസ്റ്റന്റ് കോച്ച് റെയാന്‍ ടെന്‍ഡോഷേറ്റ് സഞ്ജുവിന്റെ സാധ്യതകളെക്കുറിച്ച് നേരത്തെ സംസാരിച്ചിരുന്നു.

Content Highlight: Harbhajan Singh says remaining matches in Group 1 of Super Eights are crucial for India

സ്പോർട്സ് അപ്ഡേറ്റുകൾ ഇനി മിസ് ചെയ്യരുത്. വാട്സ്ആപ്പിലൂടെ നിങ്ങളിലെത്താൻ ജോയിൻ ചെയ്യൂ

ശ്രീരാഗ് പാറക്കല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ

We use cookies to give you the best possible experience. Learn more