ന്യൂദല്‍ഹി: പോണ്‍ സൈറ്റുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്ന നിയമങ്ങള്‍ നടപ്പിലാക്കണമെന്ന് രാജ്യസഭാ എം.പിയും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവുമായ ഹര്‍ഭജന്‍ സിങ്.
അശ്ലീല വെബ്‌സൈറ്റുകള്‍ തടയുന്നതിനും ഓണ്‍ലൈനിലെ ദോഷകരമായ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കുന്നതിനും ശക്തമായ നിയമങ്ങള്‍ വേണമെന്നും ഹര്‍ഭജന്‍ സിങ് ആവശ്യപ്പെട്ടു. രാജ്യസഭയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
16 വയസിന് മുമ്പ് കുട്ടികളെ സോഷ്യല്‍ മീഡിയയില്‍ അനുവദിക്കരുതെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു. എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലും ശക്തമായ പ്രായപരിശോധനാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും ആം ആദ്മി പാര്‍ട്ടിയുടെ എം.പിയായ ഹര്‍ഭജന്‍ നിര്‍ദേശിച്ചു.
ഇന്‍സ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്ക് കുട്ടികള്‍ അടിമകളാകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വളരെ ചെറിയ പ്രായത്തില്‍ തന്നെ കുട്ടികള്‍ അശ്ലീല ഉള്ളടക്കങ്ങള്‍ കാണുന്നുണ്ടെന്നും അത് അവരുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നും ഹര്‍ഭജന്‍ സിങ് പറഞ്ഞു.
നമ്മുടെ കുട്ടികളുടെ ഭാവി അപകടത്തിലാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
കഴിഞ്ഞയാഴ്ച സംസ്ഥാനത്തെ 16 വയസിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇത്തരത്തില്‍ നിരോധനം കൊണ്ടുവരുന്ന രാജ്യത്തെ ആദ്യ സംസ്ഥാനം കൂടിയാണ് കര്‍ണാടക.
13 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധനം ഏര്‍പ്പെടുത്താന്‍ ആന്ധ്രാപ്രദേശും തീരുമാനിച്ചിട്ടുണ്ട്. 90 ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്ന് ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു.
ഇതിനുപിന്നാലെയാണ് രാജ്യത്തുടനീളം സമാനമായ നിയമം നടപ്പിലാക്കണമെന്ന് ഹര്‍ഭജന്‍ സിങ് രാജ്യസഭയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസം കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗം സംബന്ധിച്ച ആശങ്കകള്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമെന്ന് പഞ്ചാബ് മന്ത്രി അമന്‍ അറോറ പ്രതികരിച്ചിരുന്നു. 2000ലെ ഐ.ടി ആക്ട് പ്രകാരം കുട്ടികളുടെ സോഷ്യല്‍ മീഡിയ ഉപയോഗത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും അറോറ ആവശ്യപ്പെട്ടിരുന്നു.
‘കുട്ടികളുടെ പ്രായപരിധി അനുസരിച്ച് ഉള്ളടക്കങ്ങള്‍ വേര്‍തിരിക്കണം. 13 വയസ് മുതല്‍ 16 വയസ് വരെയുള്ള കുട്ടികള്‍ക്ക് അനുയോജ്യമായ ഉള്ളടക്കം ഏതാണെന്നും 18 വയസിന് മുകളിലുള്ളവര്‍ക്കുള്ള ഉള്ളടക്കം ഏതെന്നും നമ്മള്‍ നിര്‍വചിക്കണം,’ അറോറ നിയമസഭയില്‍ പറഞ്ഞു.
Content Highlight: Harbhajan Singh says children should not be allowed on social media before the age of 16