2026ലെ ടി-20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയിരിക്കുകയാണ്. മത്സരത്തിന് ശേഷം ഇന്ത്യന്‍ താരം ഇഷാന്‍ കിഷനെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്. ഇഷാന്‍ കിഷനെ ടീമിലേക്ക് കൊണ്ടുവന്നത് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ മികച്ച നീക്കമായിരുന്നെന്നും ഗില്ലിനോട് അനിതീ കാണിച്ചെന്ന് തോന്നിയെങ്കിലും കിഷന്‍ ഫോര്‍മാറ്റില്‍ മികച്ച പ്രകടനം നടത്തുന്നുവെന്നും താരത്തിന്റെ തിരിച്ചുവരവ് പ്രധാനമായിരുന്നെന്ന് ഹര്‍ഭജന്‍ പറഞ്ഞു. അഭിഷേക് ശര്‍മ നിര്‍ത്തിയിടത്ത് നിന്നാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇഷാന്‍ കിഷന്‍
‘ഇഷാന്‍ കിഷനെ ടീമിലേക്ക് കൊണ്ടുവന്നത് ഗൗതം ഗംഭീറിന്റെ മികച്ച നീക്കമായിരുന്നു. ഇഷാന്‍ കിഷന്‍ ലോകകപ്പ് ടീമില്‍ ഗില്ലിന് പകരക്കാരനായി എത്തിയപ്പോള്‍ ശുഭ്മന്‍ ഗില്ലിനോട് അനീതി കാണിച്ചെന്ന് തോന്നിയിരുന്നു. എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ അദ്ദേഹം മികച്ച പ്രകടനം നടത്തി. ഈ സമയത്ത് കിഷന്‍ ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെന്ന് ഞാന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനാല്‍, അദ്ദേഹത്തിന്റെ തിരിച്ചുവരവ് അനിവാര്യമായിരുന്നു.
അഭിഷേക് ശര്‍മ നിര്‍ത്തിയിടത്ത് നിന്നാണ് ഇഷാന്‍ കിഷന്‍ തുടങ്ങിയത്. ഈ ലോകകപ്പില്‍ ഒരിക്കല്‍ പോലും അദ്ദേഹം ഞങ്ങളെ നിരാശപ്പെടുത്തിയില്ല. എല്ലാ മത്സരങ്ങളിലും അദ്ദേഹം അഗ്രസീവായി ബാറ്റ് ചെയ്തു, ടീമിനെ ഒന്നാമതെത്തിച്ചു. തിരിച്ചുവരവിന് ശേഷം ആ രീതിയില്‍ ബാറ്റ് ചെയ്യുന്നത് വലിയൊരു കാര്യമാണ്,’ ഹര്‍ഭജന്‍ സിങ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു .
അതേസമയം ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെ 96 റണ്‍സിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തങ്ങളുടെ മൂന്നാം കിരീടമണിഞ്ഞത്.
ഇന്ത്യ ഉയര്‍ത്തിയ 256 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലാന്‍ഡിന് 159 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. ഇതോടെ സ്വന്തം മണ്ണില്‍ കിരീടം നേടുന്ന ആദ്യ ടീമാകാനും ബാക് ടു ബാക് ടി-20 കിരീടം നേടുന്ന ആദ്യ ടീമാകാനും ഇന്ത്യയ്ക്ക് സാധിച്ചിരിക്കുകയാണ്.
ഫൈനലില്‍ ഇന്ത്യയ്ക്ക് വേണ്ടി മിന്നും പ്രകടനം നടത്തിയത് മലയാളി സൂപ്പര്‍ താരം സഞ്ജു സാംസനാണ്. 46 പന്തില്‍ നിന്ന് എട്ട് സിക്സും അഞ്ച് ഫോറും ഉള്‍പ്പെടെ 89 റണ്‍സായിരുന്നു സഞ്ജു അടിച്ചെടുത്തത്. 193.47 എന്ന കിടിലന്‍ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ്. തുടര്‍ച്ചയായ മൂന്നാം ഫിഫ്റ്റിയാണ് സഞ്ജു നേടുന്നത്. മാത്രമല്ല പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് നേടാനും സഞ്ജുവിന് സാധിച്ചു.
സഞ്ജുവിന് പുറമെ അഭിഷേക് ശര്‍മ 21 പന്തില്‍ മൂന്ന് സിക്സും ആറ് ഫോറും ഉള്‍പ്പെടെ 52 റണ്‍സും ഇഷാന്‍ കിഷന്‍ 25 പന്തില്‍ നാല് വീതം സിക്സും ഫോറും ഉള്‍പ്പെടെ 54 റണ്‍സും നേടി. അവസാന ഘട്ടത്തില്‍ സൂപ്പര്‍ താരം ശിവം ദുബെ എട്ട് പന്തില്‍ 26 റണ്‍സ് നേടി പുറത്താകാതെ നിന്നു.
Content Highlight: Harbhajan Singh says bringing Ishan Kishan into the team was a good move by Gautam Gambhir