അടുത്തിടെ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരാട് കോഹ്‌ലി വിരമിച്ചതുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായി സഞ്ജയ് മഞ്ജരേക്കര്‍ നടത്തിയ പരാമര്‍ശത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഹര്‍ഭജന്‍ സിങ്. വിരാട് ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ഏകദിനത്തില്‍ തുടരുന്നത് തന്നെ നിരാശനാക്കുന്നെന്നും ഏകദിന ഫോര്‍മാറ്റ് എളുപ്പമാണെന്നുമായിരുന്നു മഞ്‌ജേക്കറിന്റെ വാദം.
എന്നാല്‍ റണ്‍സ് നേടാന്‍ എളുപ്പമായിരുന്നെങ്കില്‍ എല്ലാ താരങ്ങളും റണ്‍സ് നേടിയേനെ എന്ന് ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല ഏത് ഫോര്‍മാറ്റ് കളിച്ചാലും വിരാട് മികച്ച കളിക്കാരനും ഇന്ത്യയുടെ മാച്ച് വിന്നറുമാണെന്നാണ് ഹര്‍ഭജന്‍ പറഞ്ഞത്. കൂടാതെ വിരാട് ഉള്‍പ്പെടെയുള്ള താരങ്ങള്‍ ഏകദിന ഫോര്‍മാറ്റ് മുന്നോട്ട് കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുവെന്നും ഹര്‍ഭജന്‍ പറഞ്ഞു.
‘ഏത് ഫോര്‍മാറ്റിലും റണ്‍സ് നേടുന്നത് വളരെ എളുപ്പമായിരുന്നെങ്കില്‍, എല്ലാവരും അത് നേടിയേനെ. ആര് ഏത് ഫോര്‍മാറ്റില്‍ കളിക്കുന്നു എന്നത് പ്രശ്‌നമല്ല. ഒരു ഫോര്‍മാറ്റില്‍ കളിച്ചാലും എല്ലാ ഫോര്‍മാറ്റിലും കളിച്ചാലും വിരാട് മികച്ച കളിക്കാരനും ഇന്ത്യയുടെ മാച്ച് വിന്നറുമാണ്.
അവന്‍ അടുത്ത തലമുറയെ പ്രചോദിപ്പിക്കുന്നു. മഞ്ജരേക്കറിന് സ്വന്തം ചിന്താഗതികളുണ്ട്. ഈ കളി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ വിരാടും മറ്റ് കളിക്കാരും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് എന്നതാണ് ഞാന്‍ കാണുന്നത്. വിരാട് അവിശ്വസനീയമായ ഒരു കളിക്കാരനാണ്,’ ഹര്‍ഭജന്‍ പറഞ്ഞു.
സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞത്
‘ടെസ്റ്റ് ക്രിക്കറ്റില്‍ ജോ റൂട്ട് പുതിയ ഉയരങ്ങളിലെത്തുമ്പോള്‍, വിരാട് കോഹ്ലിയെക്കുറിച്ച് ഓര്‍ക്കാതിരിക്കാന്‍ കഴിയില്ല. വിരമിക്കുന്നതിന് മുമ്പുള്ള അഞ്ച് വര്‍ഷങ്ങളില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ ശരാശരി മെച്ചപ്പെടുത്താന്‍ വിരാട് പരിശ്രമിച്ചില്ല എന്നത് നിര്‍ഭാഗ്യകരമാണ്. ജോ റൂട്ട്, സ്റ്റീവ് സ്മിത്ത്, കെയ്ന്‍ വില്യംസണ്‍ തുടങ്ങിയ കളിക്കാര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തങ്ങളുടെ പാരമ്പര്യം ഉറപ്പിക്കുന്നത് കാണുന്നത് അല്‍പം നിരാശാജനകമാണ്.
വിരാട് കോഹ്ലി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളിലും വിരമിക്കാന്‍ തീരുമാനിച്ചിരുന്നെങ്കില്‍ നന്നായിരുന്നു. പക്ഷേ, വിരാട് ഏകദിന ക്രിക്കറ്റില്‍ മാത്രം തുടരാന്‍ തീരുമാനിച്ചത് എന്നെ കൂടുതല്‍ നിരാശപ്പെടുത്തുന്നു. ഒരു ടോപ്പ് ഓര്‍ഡര്‍ ബാറ്ററെ സംബന്ധിച്ചിടത്തോളം ഏകദിന ക്രിക്കറ്റാണ് ഏറ്റവും എളുപ്പമുള്ള ഫോര്‍മാറ്റ് എന്ന് ഞാന്‍ മുമ്പ് പറഞ്ഞിട്ടുണ്ട്. യഥാര്‍ത്ഥ പരീക്ഷണം ടെസ്റ്റ് ക്രിക്കറ്റാണ്, അത് എല്ലാവിധത്തിലും നിങ്ങളെ വെല്ലുവിളിക്കുന്നു,’ സഞ്ജയ് മഞ്ജരേക്കര്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ പങ്കിട്ട വീഡിയോയില്‍ പറഞ്ഞു.
Content Highlight: Harbhajan Singh’s reply to Sanjay Manjrekar’s remark about Virat Kohli