| Tuesday, 25th February 2025, 8:45 pm

ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന താരമാണവന്‍, അതുപോലൊരാളെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല: ഹര്‍ഭജന്‍ സിങ്

സ്പോര്‍ട്സ് ഡെസ്‌ക്

ചാമ്പ്യന്‍സ് ട്രോഫി മത്സരത്തില്‍ പാകിസ്ഥാനെതിരെ തകര്‍പ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. ദുബായില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്ഥാന്‍ 49.4 ഓവറില്‍ 241 റണ്‍സിന് പുറത്തായി. 242 റണ്‍സിന്റെ വിജയലക്ഷ്യം ഇന്ത്യ 45 പന്തുകള്‍ ബാക്കി നില്‍ക്കെ മറികടക്കുകയായിരുന്നു.

വിരാട് കോഹ്‌ലിയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തിലാണ് ഇന്ത്യ വിജയത്തിലെത്തിയത്. തന്റെ 51ാം ഏകദിന സെഞ്ച്വറിയില്‍ ഫോര്‍മാറ്റിലെ 14000 റണ്‍സ് പൂര്‍ത്തിയാക്കാനും വിരാടിന് സാധിച്ചിരുന്നു. മത്സരത്തില്‍ 111 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 100* റണ്‍സാണ് വിരാട് നേടിയത്.

ഇപ്പോള്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ്. ഫോമില്ലാത്ത സമയത്ത് വിരാടിന്റെ കരിയര്‍ അവസാനിച്ചെന്ന് ആളുകള്‍ പറഞ്ഞെന്നും എന്നാല്‍ പാകിസ്ഥാനെതിരെ സെഞ്ച്വറി നേടി വമ്പന്‍ തിരിച്ചുവരവാണ് വിരാട് നടത്തിയതെന്നും ഹര്‍ഭജന്‍ പറഞ്ഞു. മാത്രമല്ല ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം കാണാന്‍ സാധിക്കുന്ന താരമാണ് വിരാട് എന്നും ഹര്‍ഭജന്‍ കൂട്ടിച്ചേര്‍ത്തു.

‘വിരാടിന് 4-5 മാസത്തെ വരണ്ട കാലഘട്ടമായിരുന്നു, അവന്റെ പ്രായവും ചര്‍ച്ചകളില്‍ ഇടം നേടി. വിരാടിന്റെ കരിയര്‍ അവസാനിച്ചുവെന്ന് ആളുകള്‍ പറഞ്ഞു. എന്നിരുന്നാലും, വിധി അദ്ദേഹത്തിന് വേണ്ടി വ്യത്യസ്തമായ പദ്ധതികളാണ് ഒരുക്കിയിരുന്നത്. പാകിസ്ഥാനെതിരെ അവന്‍ സെഞ്ച്വറി നേടുമെന്ന് നേരത്തെ നിശ്ചയിക്കപ്പെട്ടതാണ്,

ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം ഉണ്ടാകുന്ന കളിക്കാരനാണ് വിരാട്, അങ്ങനെ ഒരാളെ നിങ്ങള്‍ക്ക് ഒരിക്കലും കാണാന്‍ കഴിയില്ല. മറ്റ് കളിക്കാരില്‍ നിന്നും അദ്ദേഹത്തിലേക്കുള്ള വ്യത്യാസം കഠിനാധ്വാനമാണ്. പരിശീലന സെഷനുകളില്‍ അദ്ദേഹം ഒരിക്കലും മടുപ്പിക്കാറില്ല, നെറ്റ്‌സിനായി നേരത്തെ എത്തുന്നുവെന്ന് ഉറപ്പാക്കുന്നു,

പാകിസ്ഥാനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ചാല്‍ നിങ്ങളുടെ എല്ലാ മോശം പ്രവൃത്തികളും മറക്കപ്പെടും. പാകിസ്ഥാനെതിരെ കളിച്ച ആദ്യ പന്തില്‍ തന്നെ അതിനുള്ള ഉദ്ദേശ്യം പ്രകടമായിരുന്നു,’ ഹര്‍ഭജന്‍ പറഞ്ഞു.

അതേസമയം ചാമ്പ്യന്‍സ് ട്രോഫിയിലെ ബി ഗ്രൂപ്പില്‍ ഇന്ന് നടക്കാനിരുന്ന സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും തമ്മിലുള്ള മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. റാവല്‍പിണ്ടി സ്റ്റേഡിയത്തില്‍ നടക്കാനിരുന്ന മത്സരത്തില്‍ ടോസ് പോലും ഇടാന്‍ സാധിക്കാതെയാണ് മത്സരം ഉപേക്ഷിക്കേണ്ടി വന്നത്. ഇതോടെ ഒരോ പോയിന്റ് വീതം പങ്കിടുകയാണ് ഇരു ടീമുകളും.

നിലവില്‍ ബി ഗ്രൂപ്പില്‍ മൂന്ന് പോയിന്റുമായി സൗത്ത് ആഫ്രിക്കയാണ് മുന്നില്‍. +2.140 നെറ്റ് റണ്‍റേറ്റിന്റെ പിന്‍ബലത്തിലാണ് പ്രോട്ടിയാസ് മുന്നിലെത്തിയത്. മൂന്ന് പോയിന്റ് നേടി ഓസ്‌ട്രേലിയ രണ്ടാമതാണ്. +0.475 നെറ്റ് റണ്‍ റേറ്റാണ് ഓസീസിനുള്ളത്.

ഗ്രൂപ്പ് എയില്‍ രണ്ട് മത്സരത്തില്‍ രണ്ട് വിജയവും നാല് പോയിന്റും നേടി ന്യൂസിലാന്‍ഡ് ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്. + 0.863 നെറ്റ് റണ്‍ റേറ്റിന്റെ പിന്‍ബലത്തിലാണ് കിവീസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ട് വിജയത്തില്‍ നിന്ന് നാല് പോയിന്റ് നേടി ഇന്ത്യയാണ് രണ്ടാമത്. + 0.847 നെറ്റ് റണ്‍റേറ്റാണ് ഇന്ത്യയ്ക്ക്. മാര്‍ച്ച് രണ്ടിന് ന്യൂസിലാന്‍ഡിനെതിരെ ദുബായിലാണ് ഇന്ത്യയുടെ അടുത്ത മത്സരം.

Content Highlight: Harbhajan Singh Praises Virat Kohli For Great Performance

We use cookies to give you the best possible experience. Learn more