ബി.സി.സി.ഐ പ്രസിഡന്റാവാന്‍ മുന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും മത്സര രംഗത്തെന്ന് റിപ്പോര്‍ട്ട്. താരത്തെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ (പി.സി.എ) ഈ സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തിട്ടുണ്ടെന്നാണ് വിവരം. സ്‌പോര്‍ട്‌സ് മാധ്യമമായ ക്രിക്ബസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.
ബി.സി.സി.ഐ തലപ്പത്തേക്കുള്ള തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 28നാണ് നടക്കുന്നത്. എന്നാല്‍, ഇതുവരെ മത്സരിക്കുന്നവരുടെ ഔദ്യോഗിക പട്ടിക പുറത്തുവിട്ടിട്ടില്ല. പക്ഷേ, സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളുടെ പിന്തുണയുള്ളവര്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കും.
അങ്ങനെയെങ്കില്‍ റോജര്‍ ബിന്നിയുടെ പിന്‍ഗാമിയായി ബി.സി.സി.ഐ പ്രസിഡന്റായി ഹര്‍ഭജന്‍ സിങ്ങിനെ കാണാന്‍ സാധിച്ചേക്കും. ഇന്ത്യയ്ക്കായി താരം 367 മത്സരങ്ങളില്‍ കളത്തിലിറങ്ങിയിട്ടുണ്ട്. ഈ മത്സരങ്ങളില്‍ നിന്ന് ഇന്ത്യന്‍ സ്പിന്നര്‍ 711 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്.
നേരത്തെ, ഇന്ത്യന്‍ ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ബി.സി.സി.ഐ പ്രസിഡന്റായേക്കും എന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. പിന്നാലെ, അതിനെ തള്ളി അദ്ദേഹത്തിന്റെ ടീം തന്നെ രംഗത്തെത്തിയിരുന്നു. സച്ചിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുകയോ നാമനിര്‍ദേശം ചെയ്യുകയോ ചെയ്തതായുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അത്തരമൊരു സംഭവം ഇല്ലെന്നും ആര്‍.എസ്.ടി വ്യക്തമാക്കിയിരുന്നു.
2025ല്‍ റോജര്‍ ബിന്നി പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് ഈ സ്ഥാനത്തേക്ക് തെരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. 70 വയസ് തികഞ്ഞതിനെ തുടര്‍ന്നാണ് ബിന്നി സ്ഥാനം ഒഴിഞ്ഞത്. സെപ്റ്റംബര്‍ 28ന് തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ് സ്ഥാനത്തിന് പുറമെ, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ട്രഷറര്‍ എന്നിവയിലേക്കും വോട്ടെടുപ്പ് നടത്തും.
എന്നാല്‍, ദേവജിത് സൈകിയ, പ്രഭ്‌തേജ് സിങ് ഭാട്ടിയ, റോഹന്‍ ദേശായി എന്നിവര്‍ യഥാക്രമം സെക്രട്ടറി, ട്രഷറര്‍, ജോയിന്റ് സെക്രട്ടറി സ്ഥാനങ്ങളില്‍ തുടരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Content Highlight: Harbhajan Singh nominated to the BCCI president post: Report