| Tuesday, 8th September 2026, 8:54 am

ഇതിനെ കുറിച്ച് അന്ന് അറിഞ്ഞിരുന്നെങ്കില്‍ നല്ല മറുപടി ഞാന്‍ പറഞ്ഞേനേ; 22 വര്‍ഷം മുമ്പുള്ള സംഭവത്തില്‍ ഭാജി

ആദർശ് എം.കെ.

2004ലെ ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിക്കിടെ ഓസ്‌ട്രേലിയന്‍ മുന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന്‍ നടത്തിയ വിവാദപരമായ ‘ഗ്രീന്‍ട്രാക്കൈറ്റിസ്’ പ്രസ്താവനയോട് പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്.

നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് അന്നത്തെ ഇന്ത്യന്‍ നായകന്‍ സൗരവ് ഗാംഗുലിയും ഹര്‍ഭജന്‍ സിങ്ങും മാറിനിന്നത് ‘പിച്ചിലെ പച്ചപ്പ്’ കണ്ട് ഭയന്നാണെന്നായിരുന്നു ഹെയ്ഡന്‍ അന്ന് പരിഹസിച്ചിരുന്നത്.

മാത്യു ഹെയ്ഡന്‍

എന്നാല്‍ ഹെയ്ഡന്‍ ഇങ്ങനെയൊരു പരാമര്‍ശം നടത്തിയ കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അറിഞ്ഞിരുന്നെങ്കില്‍ ഉറപ്പായും മറുപടി നല്‍കിയേനേയെന്നുമാണ് ഭാജി പറഞ്ഞത്.

ഹെയ്ഡനൊപ്പം മിഡ് വിക്കറ്റ് സ്റ്റോറീസ് എന്ന ചാറ്റ് ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹര്‍ഭജന്‍ സിങ്.

2004ല്‍ ഓസ്‌ട്രേലിയ ഇന്ത്യയില്‍ പര്യടനം നടത്തിയപ്പോള്‍ നാഗ്പൂരില്‍ നടന്ന മൂന്നാം ടെസ്റ്റിലാണ് സംഭവങ്ങളുടെ തുടക്കം. സാധാരണയായി ഇന്ത്യയില്‍ കാണാറുള്ള സ്പിന്‍ പിച്ചുകളില്‍ നിന്ന് വ്യത്യസ്തമായി പച്ചപ്പ് നിറഞ്ഞ (ഗ്രീന്‍ ട്രാക്ക്) പിച്ചാണ് നാഗ്പൂരില്‍ ഒരുക്കിയിരുന്നത്.

ഈ മത്സരത്തില്‍ ഗാംഗുലിയും ഹര്‍ഭജനും കളിച്ചിരുന്നില്ല. ഇതിനെ കുറിച്ചായിരുന്നു ഹെയ്ഡന്റെ പരാമര്‍ശം.

‘എനിക്ക് ഇതിനെക്കുറിച്ച് യാതൊരു അറിവുമുണ്ടായിരുന്നില്ല. ഇങ്ങനെയൊന്ന് പറഞ്ഞതായി അറിഞ്ഞിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും അന്ന് തന്നെ മറുപടി നല്‍കിയേനേ. ഇപ്പോള്‍ എനിക്കിത് ഓര്‍ത്ത് ചിരിക്കാം.

എനിക്ക് അന്ന് എന്റേതായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നു. കിടക്കയില്‍ നിന്ന് എഴുന്നേല്‍ക്കാന്‍ പോലും എനിക്ക് കഴിയുമായിരുന്നില്ല.

ടീം മീറ്റിങ്ങുകളെക്കുറിച്ചോ, ആരെല്ലാമാണ് കളിക്കുന്നതെന്നതിനെക്കുറിച്ചോ, സൗരവ് എന്തുകൊണ്ടാണ് കളിക്കാതിരുന്നതെന്നതിനെക്കുറിച്ചോ എനിക്ക് ഒന്നും അറിയില്ലായിരുന്നു. ഇതാദ്യമായാണ് ഞാന്‍ ഇങ്ങനെയൊരു കാര്യം കേള്‍ക്കുന്നത്,’ ഹര്‍ഭജന്‍ പറഞ്ഞു.

ഹെയ്ഡനും ഹര്‍ഭജനും

‘ബി.സി.സി.ഐ ഒരു ക്യൂറേറ്ററെ വെച്ച് നാഗ്പൂരില്‍ എവിടെന്നോ പെട്ടെന്ന് ഒരു ഗ്രീന്‍ ട്രാക്ക് ഉണ്ടാക്കിയെടുക്കുകയായിരുന്നു. സ്പിന്നും ടേണും ബൗണ്‍സുമുള്ള വിക്കറ്റുകളില്‍ കളിച്ച് പരിചയിച്ച ഞങ്ങള്‍ അത് കണ്ട് അത്ഭുതപ്പെട്ടു.

ഹര്‍ഭജനും സൗരവിനും എന്തുപറ്റിയെന്നാണ് ഞങ്ങള്‍ ചിന്തിച്ചത്. അവര്‍ ആ മത്സരം കളിച്ചതുമില്ല. അതുകൊണ്ട് അവരെ ചെറുതായിട്ടൊന്ന് ചൊറിയാന്‍ ഞാന്‍ ആ അവസരം ഉപയോഗിച്ചു. ആ വിക്കറ്റ് ഞങ്ങള്‍ ജയിക്കാന്‍ വേണ്ടിത്തന്നെ നിര്‍മിച്ചതുപോലെയായിരുന്നു,’ എന്നായിരുന്നു ഹെയ്ഡന്റെ വിശദീകരണം.

നാഗ്പൂര്‍ ടെസ്റ്റില്‍ 342 റണ്‍സിന്റെ വമ്പന്‍ ജയം നേടിയ ഓസ്‌ട്രേലിയ, നാല് മത്സരങ്ങളടങ്ങിയ പരമ്പര 2-1 ന് സ്വന്തമാക്കുകയും ചെയ്തു.

Content Highlight: Harbhajan Singh has responded to the ‘Greentrackitis’ controversies surrounding the 2004 Border-Gavaskar Trophy.

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more